അഞ്ച് മുറികൾ‌, നിയന്ത്രണമില്ലാതെ സന്ദർശകർ, കുക്ക്: ജയിലിൽ വിഐപിയായി ശശികല

Sasikala Natarajan
SHARE

ബെംഗളൂരു∙ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്കു ജയിലിൽ ലഭിക്കുന്നത് വിഐപി പരിഗണന. അഞ്ച് മുറികൾ, പ്രത്യേകം പാചകക്കാരി, അടുക്കള, നിയന്ത്രണമില്ലാതെ സന്ദർശകർ തുടങ്ങി എല്ലാ ആനുകൂല്യങ്ങളുമായാണ് ശശികലയുടെ ജയിൽവാസമെന്നാണു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തി നൽകിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

ജയിലിലെ സൗകര്യങ്ങളെല്ലാം ശശികല നേടിയെടുത്തതു കൈക്കൂലി നൽകിയാണെന്ന് നരസിംഹ മൂർത്തി ആരോപിച്ചു. ടെലിവിഷൻ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, നോൺവെജിറ്റേറിയൻ ഭക്ഷണം എന്നിവയായിരുന്നു ശശികല ജയിലിൽ ആവശ്യപ്പെട്ടത്‌. ജയിലിലെ നാലു മുറികളിൽ കഴിഞ്ഞിരുന്ന വനിതാ തടവുകാരെ മാറ്റിയാണ് 2017 ഫെബ്രുവരി 14 മുതൽ‌ ശശികലയ്ക്ക് അഞ്ച് മുറികള്‍ അനുവദിച്ചത്.

ജയിലിൽ പ്രത്യേകം ഭക്ഷണം പാകം ചെയ്യുന്നതിന് അനുമതിയില്ലെങ്കിലും ഒരു തടവുകാരിയെ ശശികലയ്ക്കു ഭക്ഷണം ഉണ്ടാക്കുന്നതിനായി ജയിൽ അധികൃതർ‌ നിയോഗിക്കുകയായിരുന്നെന്ന് നരസിംഹ മൂർത്തി വ്യക്തമാക്കി. ജയിലിലെ നിയമങ്ങളും രീതികളും മറികടന്ന് ശശികലയെ കാണുന്നതിനു സംഘമായാണ് ആളുകളെത്തുന്നത്. നേരിട്ട് ശശികലയുടെ മുറിയിലെത്തുന്ന സന്ദർശകർ 3–4 മണിക്കൂർ വരെ ജയിലിൽ ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശികലയ്ക്കെതിരെ സമാനമായ കണ്ടെത്തലുമായി നേരത്തേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ഡി. രൂപ രംഗത്തെത്തിയിരുന്നു. 2 കോടി രൂപയോളം കൈക്കൂലി നൽകിയാണ് ശശികല ജയിലിൽ വിഐപി പരിഗണന സ്വന്തമാക്കിയതെന്നും തന്റെ മേലുദ്യോഗസ്ഥനായ ഡയറക്ടർ ജനറൽ ഓഫ് പ്രിസൻസ് എച്ച്.എൻ. സത്യനാരായണ റാവുവിനും ഇതിൽ പങ്കുണ്ടെന്നും അവർ ആരോപിച്ചു. എന്നാൽ ഇതിനു പിന്നാലെ ഡി. രൂപയെ സ്ഥലംമാറ്റുകയായിരുന്നു. നിയമങ്ങള്‍ കാറ്റിൽ പറത്തി ശശികലയും സഹായികളും ജയിലിൽ നിരവധി സൗകര്യങ്ങൾ നേടിയെടുത്തതായി പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

ജയിൽ അധികൃതരുടെ റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളുമാണ് അന്വേഷണ സംഘം പരിശോധിച്ചത്. ജയിലിലെ മറ്റു കുറ്റവാളികൾക്ക് മാസത്തിൽ രണ്ടു തവണ മാത്രമാണു സന്ദർശകരെ അനുവദിച്ചിരുന്നത്. എന്നാൽ ശശികലയ്ക്ക് ഇക്കാര്യത്തിൽ നിയന്ത്രണങ്ങളേതുമുണ്ടായിരുന്നില്ല. അഞ്ച് മുറികളും ഭക്ഷണം പാകം ചെയ്തു നൽകാൻ അജന്ത എന്ന പാചകക്കാരിയെയും ചുമതലപ്പെടുത്തിയിരുന്നെന്നും സംഘം കണ്ടെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA