വാക്കെടുത്ത ശശീന്ദ്രയോഗം

എ.കെ.ശശീന്ദ്രന്‍

എൻസിപിയിൽ സമീപകാലത്തുണ്ടായ രണ്ട് ഉരുൾപൊട്ടലുകളുടെ പ്രഭവകേന്ദ്രം ഗോവയാണ്. ഗോവ മുൻ മുഖ്യമന്ത്രിയും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവിടെ വിജയിച്ചുവന്ന ഏക എൻസിപി എംഎൽഎയുമായ ചർച്ചിൽ അലിമാവോ ബിജെപി സർക്കാരിനെ പിന്തുണച്ചത് പാർട്ടിയെ ആകെ ഞെട്ടിച്ചു.

അലിമാവോയുടെ അടക്കം പ്രചാരണത്തിനായി കേരളത്തിൽ നിന്നു ഗോവയിൽ പോയ കേരളത്തിന്റെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അവിടെവച്ചു നടത്തിയെന്ന് ആരോപിക്കുന്ന സംഭാഷണം പാർട്ടിയെയും അദ്ദേഹത്തെയും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെത്തന്നെയും നാണം കെടുത്തിയിരിക്കുന്നു. അതുവഴി അരനൂറ്റാണ്ടുകാലത്തോളം നീണ്ട പൊതുപ്രവർത്തന ജീവിതത്തിൽ കിട്ടിയ മന്ത്രിപദം എന്ന അംഗീകാരം പത്തുമാസം കഴിഞ്ഞപ്പോൾ തെറിച്ചിരിക്കുന്നു.

ഇന്ദിരാഭവനിലേക്ക് എം.എം.ഹസൻ കാലുവച്ചത് എന്തായാലും നിമിത്തശാസ്ത്ര പ്രകാരം കോൺഗ്രസിനും പ്രതിപക്ഷത്തിനും ഗുണകരമായി. ആന്റണി കോൺഗ്രസിന്റെ കാലത്ത് ശശീന്ദ്രൻ യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റായിരുന്നപ്പോൾ കൂടെ ജനറൽ സെക്രട്ടറിയായിരുന്നു ഹസൻ. കെഎസ്‌യു മുതൽ ഒരുമിച്ചുണ്ടായിരുന്ന തന്റെ പഴയ സഹപ്രവർത്തകനെതിരെ ഒരു പ്രസ്താവന പോലും കെപിസിസിയുടെ പുതിയ ആക്ടിങ് പ്രസിഡന്റിന് ഇറക്കേണ്ടിവന്നില്ല. അതിനു മുമ്പുതന്നെ തെറ്റു പറ്റി എന്നു പറയാതെ പറഞ്ഞ് രാജിവച്ചു ശശീന്ദ്രൻ.

സമീപകാലത്ത് ഒരു മന്ത്രിയും ഇത്ര വേഗം പടിയിറങ്ങിക്കാണില്ല. ഗതാഗതമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ബസിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നയാളാണു ശശീന്ദ്രൻ. ഇപ്പോഴും വേഗപ്പൂട്ടിന്റെ ആവശ്യമില്ലെന്നു തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിയോട് അങ്ങോട്ടു രാജിസന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെ നന്നാക്കാനുള്ള ചർച്ച സിപിഎം സംസ്ഥാന കമ്മിറ്റി തുടങ്ങി പൂർത്തിയാക്കും മുമ്പ് 19 അംഗ മന്ത്രിസഭയിലെ ഒരാളുടെ കൂടി കസേര തെറിച്ചു.

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ സംസ്ഥാന കമ്മിറ്റി പിരിയും മുമ്പേ വാർത്തയുടെ ആഘാതം എകെജി സെന്ററിലെത്തിയിരുന്നു. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനടക്കമുള്ളവരും കൂടിയാലോചന നടത്തി ശശീന്ദ്രനുമായി ബന്ധപ്പെട്ടു. ആ ആശയവിനിമയത്തിൽ തന്നെ രാജി സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടാണ് സാധാരണ എകെജി സെന്ററിലെ ഏറ്റവും താഴത്തെ നിലയിലേക്ക് ലിഫ്റ്റിൽ വന്നിറങ്ങി നേരെ കാറിൽ കയറി പോകാറുള്ള പിണറായി പ്രധാന കവാടത്തിലൂടെ ഇറങ്ങിവന്നു മാധ്യമങ്ങളെ കാണാൻ തയാറായത്.

ഇതിനു മുമ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരാജന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായപ്പോൾ ഉപയോഗിച്ച അതേ വാക്കാണ് പിണറായി ഇവിടെയും ഉപയോഗിച്ചത്: ‘ഗൗരവതരം’. ശേഷം ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. സ്വജനപക്ഷപാതം അഴിമതിയായിട്ടാണ് കണക്കാക്കുന്നത്. അഴിമതിയുടെ പേരിൽ സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജന്റെ കസേര പോയി. ഇപ്പോൾ സദാചാരലംഘനത്തിന്റെ പേരിൽ ഘടകകക്ഷിയായ എൻസിപിയുടെ വർക്കിങ് കമ്മിറ്റി അംഗത്തിന്റെ മന്ത്രിപദവും.

എന്താണ് എൽഡിഎഫ് സർക്കാരിനു സംഭവിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുത്തതിൽ പിശകു പറ്റിയോ എന്ന സർക്കാർ രൂപീകരണകാലത്തു തൊട്ടുള്ള ചോദ്യത്തിനു ശക്തി കൂടും. ഇപ്പോൾ മന്ത്രിമാരുടെ ഓഫിസിൽ ആവശ്യമായ മാറ്റത്തിനാണ് സിപിഎം നിർദേശിച്ചിരിക്കുന്നത്.

നാളെ ആ മാറ്റം മന്ത്രിമാരുടെ കാര്യത്തിൽ തന്നെ ആയിക്കൂടെന്നില്ല. പിടിച്ചുനിൽക്കാൻ ഒരു ശ്രമവും നടത്താതെ എന്തുകൊണ്ട് ശശീന്ദ്രൻ രാജിവച്ചു എന്ന ചോദ്യം സ്വാഭാവികമാണ്. അതിനു തുനിഞ്ഞാൽ കൂടുതൽ അപകടങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പ് അദ്ദേഹത്തിനു ലഭിച്ചു എന്നു വിശ്വസിക്കുന്നവരുണ്ട്.

രാവിലെ വാർത്ത പ്രചരിച്ച ഉടൻതന്നെ ശശീന്ദ്രൻ വിരുദ്ധചേരി ഇക്കാര്യം ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിച്ചിരുന്നു. മന്ത്രിയായശേഷം ശക്തമായ എതിർപ്പും വിമർശനവും അദ്ദേഹത്തിനു പാർട്ടിക്ക് അകത്തുനിന്നു നേരിടേണ്ടിവന്നിരുന്നു. ദേശീയ സെക്രട്ടറിയായിരുന്ന ജിമ്മി ജോർജിന്റെ പിന്തുണയായിരുന്നു ഈ വേളയിലൊക്കെ ശക്തി.

ജിമ്മിയും സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനും ശശീന്ദ്രനും ഒരുമിച്ചു നീങ്ങിയെങ്കിൽ ജിമ്മിയുടെ അകാലനിര്യാണം മറ്റു രണ്ടുപേർക്കും ആഘാതമായി. ഇപ്പോൾ ശശീന്ദ്രൻ വെട്ടിലായതോടെ തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള എതിർവിഭാഗത്തിന് ഇത് അവസരമാകും. രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാം എന്നതു ശരദ് പവാറിന്റെ സാന്നിധ്യത്തിൽ ഇരുവരും അതീവരഹസ്യമായി എടുത്ത തീരുമാനമായിരുന്നു.

അതു പുറത്തുവിട്ടതിൽ ചാണ്ടിയോട് പവാർ അനിഷ്ടം പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ ഔദ്യോഗികചേരി  ആത്മവിശ്വാസത്തിലായിരുന്നുവെങ്കിൽ അതാണു തകരുന്നത്. മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ടു മാത്രമായില്ലെന്നും പാർട്ടി തല പരിശോധനയും നടപടിയും വേണമെന്നുമുളള ആവശ്യം സ്വാഭാവികമായും എതിർ ചേരി ഉയർത്തും.

മന്ത്രിയായശേഷം കെഎസ്ആർടിസിയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടു നിരന്തരം കുരുക്കുകളിലായിരുന്നു ശശീന്ദ്രൻ. പൊതുവിൽ സൗമ്യനായ സിപിഐയുടെ പന്ന്യൻ രവീന്ദ്രൻ വരെ അദ്ദേഹത്തോട് എൽഡിഎഫ് യോഗത്തിനിടെ ഒരിക്കൽ പൊട്ടിത്തെറിച്ചു.

വ്യക്തിപരമായി എൽഡിഎഫ് നേതാക്കൾക്കൊക്കെ സ്നേഹവും വിശ്വാസവുമുള്ള നേതാവായിരുന്നു അദ്ദേഹം. ഇടതുമുന്നണി യോഗങ്ങളിൽ മുന്നണിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇടപെടലുകൾ നടത്താനും പ്രതിപക്ഷത്തായിരിക്കെ നിയമസഭയിലെ തന്നെ ഏകോപനങ്ങൾക്കുമെല്ലാം അദ്ദേഹം മുന്നിട്ടുനിന്നു.

കാര്യങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവ് മറ്റു നേതാക്കളെല്ലാം അംഗീകരിച്ചുവന്നു. കണ്ണൂരിൽ നിന്നുള്ള ഈ എഴുപത്തിയൊന്നുകാരനു മുന്നിൽ കണ്ണടച്ചു തുറക്കുമ്പോൾ പ്രതിസന്ധിയുടെ ദിനങ്ങളാണ്. അതു സർക്കാരിനെ ബാധിക്കാതിരിക്കാനുള്ള കരുതൽ കാട്ടിയതുകൊണ്ട് എല്ലാം അവസാനിക്കുമോ എന്നത് ഇനിയുള്ള ദിവസങ്ങൾ വ്യക്തമാക്കും.