Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകി വന്ന പിഎഫ് നീതി

സ്വകാര്യമേഖലയിലെ പ്രോവിഡന്റ് ഫണ്ട് വരിക്കാർക്ക് അർഹമായ പെൻഷൻ ലഭിക്കുന്നതിനു വഴി ഒരുങ്ങുകയാണ്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും പിഎഫ് പെൻഷൻകാർക്ക് അനുകൂലമായ വിധികൾ പുറപ്പെടുവിച്ചതിനെത്തുടർന്നു ചട്ടങ്ങളിൽ ഭേദഗതി ചെയ്ത് ഉയർന്ന പെൻഷൻ നൽകാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അതോറിറ്റി തീരുമാനിച്ചിരിക്കുന്നു.

പെൻഷൻ പരിഷ്കരണം സംബന്ധിച്ചു സുപ്രീം കോടതി നൽകിയ നിർദേശങ്ങൾ പിഎഫ് അംഗങ്ങൾക്കെല്ലാം ബാധകമാക്കുന്നതിനു കേന്ദ്ര തൊഴിൽ മന്ത്രാലയം തത്വത്തിൽ നിർദേ‌‌ശം നൽകിയിരുന്നു. അർഹമായ പെൻഷനുവേണ്ടി കേസ് നൽകി കോടതിവിധി സമ്പാദിച്ചവർക്കേ ഉയർന്ന പെൻഷൻ നൽകുകയുള്ളൂ എന്ന നിലപാട് മാറ്റാൻ ഇപിഎഫ് ട്രസ്റ്റ് അധികൃതർ അങ്ങനെ നിർബന്ധിതരായി.

തൊഴിലാളികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായി കൊണ്ടുവന്ന പെൻഷൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഇപിഎഫ് അധികൃതർ ശ്രമിക്കുന്നതായി ആദ്യം തെ‌ാ‌ട്ടേ പരാതി ഉയർന്നിരുന്നു. 1995ൽ ആരംഭിച്ച പിഎഫ് പെൻഷൻ പദ്ധതിയിൽ ചേർന്നവർക്കു വിരമിച്ചപ്പോൾ കിട്ടിവന്നതു നാമമാത്ര പെൻഷൻ ആയിരുന്നു.

പെൻഷനു മാനദണ്ഡമായി നിശ്ചയിച്ച ശമ്പള പരിധിയാണ് കുറഞ്ഞ തുകയ്ക്കു കാരണമായത്. കുറഞ്ഞ പെൻഷൻ ആയിരം രൂപയായി പിന്നീട് വർധിപ്പിച്ചപ്പോഴാകട്ടെ ചില വ്യവസ്ഥകൾ കൂടി ബാധകമാക്കി അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുകയും ചെയ്തു.
 
കേന്ദ്ര–സംസ്ഥാന ജീവനക്കാരുടെ വേതനവ്യവസ്ഥകൾ അഞ്ചുവർഷത്തിലൊരിക്കലെങ്കിലും പുതുക്കുകയും സർവീസ് പെൻഷൻകാർക്കു വർധനയും ക്ഷാമബത്തയും അനുവദിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും പിഎഫ് പെൻഷൻ മാറ്റമില്ലാതെ തുടർന്നു. അതേസമയം, പെൻഷൻ വിഹിതം യഥാസമയം അടച്ചു വിരമിച്ചവരെ നാമമാത്ര പെൻഷനിൽ തളച്ചി‌ട്ടപ്പോഴും നീതിനിഷേധത്തിന്റെ ക്രൂരത മിക്കവരും മനസ്സിലാക്കിയിരുന്നില്ല.

ഒട്ടേറെ അനീതികൾക്കെതിരെ കേരളത്തിലെ ബന്ധപ്പെട്ട ചില യൂണിയനുകളാണ് കോടതിയിൽ ആദ്യം എത്തിയത്. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള ട്രേഡ് യൂണിയനുകളാകട്ടെ പിഎഫ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ബന്ധപ്പെട്ടവർ ഒന്നിനു പുറകേ ഒന്നായി നിരോധിച്ചപ്പോഴും വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന പരാതി ഇപ്പോഴും നിലനിൽക്കുന്നു.

തൊഴിലാളിയുടെ ക്ഷേമത്തിനായി കൊണ്ടുവന്ന പെൻഷൻ പദ്ധതിയെ തകർക്കാൻ പിഎഫ് അതോറിറ്റി ശ്രമിക്കുന്നതു ശരിയല്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പെൻഷന് ആധാരമാക്കുന്ന തുകയുടെ കാര്യത്തിൽ സ്വീകരിച്ച മാനദണ്ഡം തന്നെ ഉദാഹരണം. സർക്കാർ ജീവനക്കാർ വിരമിക്കുന്ന തീയതിയിൽ അവസാനിക്കുന്ന പന്ത്രണ്ടു മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ് പെൻഷൻ കണക്കാക്കുന്നതിനു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന മാനദണ്ഡം.

എന്നാൽ, പിഎഫ് പെൻഷൻകാർക്ക് അവസാന അറുപതു മാസത്തെ ശമ്പളത്തിന്റെ ശരാശരി മാനദണ്ഡമാക്കിയത് ആനുകൂല്യങ്ങൾ വർധിക്കരുതെന്ന പിടിവാശിയിലാണ്. കമ്യുട്ടേഷൻ ആനുകൂല്യം, കുടുംബ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ പിൻവലിച്ചതും അനീതിയായിത്തന്നെ കണക്കാക്കാം.

ഇപിഎഫ് പെൻഷൻ പദ്ധതിയുടെ പ്രയോജനം എല്ലാവർക്കും ലഭിക്കുന്നതിനു ചട്ടങ്ങളിൽ വേണ്ട ഭേദഗതി വരുത്തിയിട്ടുണ്ടെന്നു കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഡോ. വി.പി. ജോയി അറിയിക്കുന്നു. അർഹമായ പെൻഷനു വേണ്ടി കൂടുതൽ അപേക്ഷകൾ എത്തുമെന്ന സാഹചര്യം പരിഗണിച്ചു സോഫ്റ്റ്‌വെയർ തയാറാക്കുമെന്നതും ആശ്വാസം പകരുന്നു.

എത്ര തുക പെൻഷൻ പദ്ധതിയിലുണ്ടെന്ന് അറിയാനുള്ള സൗകര്യവും അധികൃതർ ഒരുക്കുകയാണ്. വിരമിച്ചവർക്കു ഫണ്ട് സംബന്ധിച്ചുള്ള സന്ദേഹം പരിഹരിക്കാൻ ഇതു പ്രയോജനപ്പെടുമെന്നു കരുതാം. ഒട്ടേറെ സ്ഥാപനങ്ങളിൽ ഉടമകൾ പെൻഷൻ വിഹിതത്തിൽ മുടക്കംവരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

പിഎഫ് പെൻഷൻ കുറഞ്ഞത് ആയിരം രൂപയാക്കിയെങ്കിലും ഇപ്പോഴും ചിലർക്ക് അതിലും കുറഞ്ഞ തുകയാണു ലഭിക്കുന്നതെന്ന പരാതി നിലനിൽക്കുന്നു. അതുപോലെ പിൻവലിച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കേണ്ടതും ന്യായമായ ആവശ്യമാണ്. മിനിമം പെൻഷനും കാലാനുസൃതമായി പരിഷ്കരിച്ചുകൊണ്ടായിരിക്കണം തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ നീതി നിഷേധിക്കപ്പെട്ടവരുടെ കണ്ണീരൊപ്പേണ്ടത്.

Your Rating: