Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാറിലെ രാജേന്ദ്ര വീര്യം!

moonnar-rajesndran

മൂട്ടയെ കൊല്ലാൻ ആരെങ്കിലും പീരങ്കി പ്രയോഗിക്കാറുണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണെന്നാണു മൂന്നാറിൽ നിന്നുള്ള വാർത്തകൾ തെളിയിക്കുന്നത്. ദേവികുളത്തെ സബ് കലക്ടറെ മാറ്റാൻവേണ്ടി സർക്കാരിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ മന്ത്രിയും എംഎൽഎയും അടക്കമുള്ളവർ സമരം തുടങ്ങിയിട്ടു നാളേറെയായി. സമരം അന്തവും കുന്തവുമില്ലാതെ നീളുമ്പോൾ സബ് കലക്ടർ നിത്യേന പുതിയ റിപ്പോർട്ടുകളും ഉത്തരവുകളുമായി മുന്നേറുകയാണ്.
 
ബ്രാഞ്ച് സെക്രട്ടറി ഫോണിൽ ഒരു വിളി വിളിച്ചാൽ തീർക്കാവുന്ന പ്രശ്നമാണു മന്ത്രിയും എംഎൽഎയും ഇടപെട്ടു കുളമാക്കിയത്. സൂചി കൊണ്ടെടുക്കേണ്ടതു തൂമ്പ കൊണ്ടെടുക്കാൻ ശ്രമിച്ചാൽ ഇതും ഇതിലപ്പുറവും സംഭവിക്കും. സബ് കലക്ടർ തിരിച്ചു പോകുന്നതു നാലു കാലിൽ ആയിരിക്കുമെന്നാണു സ്ഥലം എംഎൽഎ എസ്.രാജേന്ദ്രൻ പറയുന്നത്.

മനുഷ്യനെ നാൽക്കാലിയാക്കുന്ന എന്തോ മാന്ത്രികവിദ്യ അദ്ദേഹത്തിന് അറിയാമെന്നാണ് അതിനർഥം. പണ്ടേതോ ഒരു ദിവ്യൻ കഴുതയെ മനുഷ്യനാക്കുകയും പിന്നെ മജിസ്ട്രേട്ടാക്കുകയും ഒടുവിൽ കഴുതയുടെ ഉടമസ്ഥന്റെ തന്നെ ആവശ്യപ്രകാരം മജിസ്ട്രേട്ടിനെ വീണ്ടും കഴുതയാക്കുകയും ചെയ്ത കഥ എവിടെയോ വായിച്ചിട്ടുണ്ട്. ഇത്തരം ദിവ്യൻമാർ വിചാരിച്ചാൽ കഴുതയെ മജിസ്ട്രേട്ട് മാത്രമല്ല, മന്ത്രിയും എംഎൽഎയും വരെയാക്കാൻ പറ്റും.

നിയമസഭയുടെ പരിസ്ഥിതി സമിതിയുടെ തീരുമാനങ്ങൾ മണ്ടത്തരമാണെന്ന് എംഎൽഎ തീർത്തു പറയുന്നു. 11 കൊല്ലമായി നിയമസഭയിലുള്ള എംഎൽഎയ്ക്ക് അക്കാര്യം ആധികാരികമായി തന്നെ പറയാം. കൂടെക്കിടക്കുന്നവർക്കല്ലേ രാപ്പനി അറിയാൻ പറ്റൂ?

നിയമസഭ ചേരുന്ന ദിവസങ്ങളിൽ അരങ്ങേറുന്ന മണ്ടത്തരങ്ങൾ കണ്ടും കേട്ടും മനസ്സു മടുത്തു പോയ രാജേന്ദ്രൻ എംഎൽഎ അടുത്ത തവണ മൽസരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണത്രെ. പോരാത്തതിനു താൻകൂടി അംഗമായിരുന്ന നിയമസഭാ സമിതികൾ ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളെക്കുറിച്ചു കടുത്ത പശ്ചാത്താപത്തിലുമാണ് അദ്ദേഹം.

കയ്യും കാലും വെട്ടുന്നത് എംഎൽഎയ്ക്കും അദ്ദേഹത്തിന്റെ ആശാനായ മണിമന്ത്രിക്കും പണ്ടേ ഹരമാണ്. വൺ, ടു, ത്രീ....ഒരാളെ വെട്ടിക്കൊന്നു എന്നാണ് ആശാന്റെ വായ്ത്താരി. ഇപ്പോൾ മനുഷ്യരെ വെട്ടുന്നതു നിർത്തി അതിരപ്പിള്ളിയിലെ മരങ്ങൾ വെട്ടുന്നതിലാണ് അദ്ദേഹം സ്പെഷലൈസ് ചെയ്തിരിക്കുന്നത്. വിഎസ് സഖാവ് ഇടുക്കിയിൽ കാലു കുത്തിയാൽ കയ്യും കാലും വെട്ടുമെന്നു മണിയാശാൻ പറഞ്ഞതിൽ പിന്നെ വിഎസ് സഖാവ് ഇടുക്കിക്കു മുകളിൽക്കൂടി ഹെലികോപ്റ്ററിൽ പറന്നു വ്യോമനിരീക്ഷണം നടത്തി മടങ്ങാറാണു പതിവ്.

റവന്യു മന്ത്രിക്കു ബുദ്ധിയില്ലെന്നാണു രാജേന്ദ്രൻ സഖാവിന്റെ കണ്ടെത്തൽ. സംഗതി സത്യമാകാനാണു സാധ്യത. കാരണം ബുദ്ധിമാപിനി എന്ന യന്ത്രം കണ്ടുപിടിച്ചത് അദ്ദേഹമാണ്. ഈ യന്ത്രം ആരുടെയെങ്കിലും തലയ്ക്കു നേരെ ഒരു സെക്കൻഡ് പിടിച്ചാൽ അയാളുടെ തലച്ചോറിന്റെ വലിപ്പവും തൂക്കവും ഉള്ളടക്കവും പിടികിട്ടും. റവന്യു മന്ത്രി ചന്ദ്രശേഖരന്റെ തലയ്ക്കു നേരെ യന്ത്രം കാണിച്ചപ്പോൾ തലച്ചോറിനു പകരം കണ്ടതു ശുദ്ധശൂന്യതയാണത്രെ. പിന്നെയെങ്ങനെ ആ സത്യം തുറന്നു പറയാതിരിക്കും?

സത്യം പറയുക മാത്രമല്ല, സർക്കാർ ഭൂമി കയ്യേറുന്നതും എംഎൽഎയുടെ ജന്മാവകാശമാണ്. പൊതുമരാമത്ത് ഭൂമി എന്നുവച്ചാൽ പൊതുജനങ്ങളുടെ ഭൂമി തന്നെ. പൊതുജനങ്ങളുടെ ഭൂമിയെന്നാൽ ജനപ്രതിനിധിയായ എംഎൽഎയുടെ ഭൂമിയാണെന്നു തിരിച്ചറിയാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

സിങ്‌വിയുടെ വെളിപാടുകൾ

കെപിസിസിക്കു പ്രസിഡന്റ് ഇല്ലാത്തതുകൊണ്ടു പ്രശ്നമൊന്നും ഇല്ലെന്ന് എഐസിസി വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞതു പരമമായ സത്യമാണ്. കെപിസിസിക്കു പ്രസിഡന്റ് ഇല്ലാതിരുന്നതുകൊണ്ടു നാട്ടിൽ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. സൂര്യൻ പതിവുപോലെ കിഴക്കുദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയുമാണ് ഈ ദിവസങ്ങളിലെല്ലാം ചെയ്തിരുന്നത്.

ശനിയാഴ്ച രാത്രി നമ്മുടെ ജനശ്രീ ഹസൻശ്രീയെ കെപിസിസി താൽക്കാലിക പ്രസിഡന്റ് ആക്കിയപ്പോഴും ഇതിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഞായറാഴ്ച സൂര്യൻ പടിഞ്ഞാറുദിക്കുമെന്നു കരുതി ഇന്ദിരാഭവന്റെ മട്ടുപ്പാവിൽ കയറി നിന്നവർക്കു നിരാശരാകേണ്ടി വന്നു.

കെപിസിസി പ്രസിഡന്റ് ഇല്ലാത്തതുകൊണ്ടു നാട്ടിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡെങ്കിപ്പനി, കുരങ്ങുപനി, ജപ്പാൻ ജ്വരം എന്നിവയൊന്നും പടർന്നു പിടിച്ചതായും വാർത്തയില്ല.അതിവൃഷ്ടി, അനാവൃഷ്ടി എന്നിവയും നാട്ടിൽ ഉണ്ടായിട്ടില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വേനൽ മഴ അൽപം കൂടുതൽ ലഭിച്ചതു കെപിസിസി പ്രസിഡന്റ് ഇല്ലാത്തതു കൊണ്ടാണോ എന്ന കാര്യം വ്യക്തമാകണമെങ്കിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

കെപിസിസി പ്രസിഡന്റ് ഇല്ലാത്തതുകൊണ്ടു കേരളത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതു പോലെ എഐസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും രാജ്യത്ത് ഇല്ലാതിരുന്നിട്ടും ഇന്ത്യയിൽ അപകടങ്ങളൊന്നും സംഭവിച്ചില്ലെന്നതും സത്യമാണ്. തൃശൂരിന്റെ അതിർത്തി മേഖലയിൽ ചില്ലറ ഭൂമികുലുക്കം അനുഭവപ്പെട്ടതും യുപിയിലും ഉത്തരാഖണ്ഡിലും രാഷ്ട്രീയ സൂനാമി വീശിയതും മാത്രമാണ് ഈ കാലയളവിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ.


എന്നുവച്ചു കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ പറഞ്ഞപോലെ എഐസിസി പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കാര്യത്തിൽ പറയാൻ മനു അഭിഷേക് സിങ്‌വിക്കു നാക്കു വളയ്ക്കാനാവില്ല. ചാക്കോളയുടെ ഗുലാനെ വെട്ടാൻ മാത്രം കോൺഗ്രസിൽ ആരും വളർന്നിട്ടില്ല.

സത്യ സർക്കാരും വിപ്ലവനക്ഷത്രവും

കേരളത്തിൽ ആർക്കെങ്കിലും വിപ്ലവം നടത്തണമെന്നു മോഹമുണ്ടെങ്കിൽ അവർ അടിയന്തരമായി ക്യൂബയിലേക്കോ ബൊളീവിയയിലേക്കോ താമസം മാറ്റണം. ഏറ്റവും ചുരുങ്ങിയതു കൊറിയയിലേക്കെങ്കിലും. യഥാർഥ വിപ്ലവവും വിപ്ലവകാരികളും അവിടെയേ ഉള്ളൂ എന്നാണു സംസ്ഥാന സർക്കാരിന്റെ പക്ഷം.

കേരളത്തിലുള്ള വിപ്ലവകാരികളെല്ലാം വ്യാജൻമാരാണെന്നും അവർ കൊള്ളക്കാരും കൊടുംക്രിമിനലുകളുമാണെന്നുമാണ് സംസ്ഥാന സർക്കാർ പറയുന്നത്. പറഞ്ഞതു കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആയതിനാൽ സംഗതി സമ്പൂർണ സത്യമാകാതെ വയ്യ. സത്യവാങ്മൂലത്തിൽ എപ്പോഴും ആത്യന്തിക സത്യങ്ങളേ ഉൾപ്പെടുത്താറുള്ളൂ.

വയനാടൻ കാടുകളിലെ വിപ്ലവത്തിന്റെ രക്തനക്ഷത്രമെന്നും അടിയോരുടെ പെരുമൻ എന്നുമൊക്കെ പലരും തരംപോലെ വാഴ്ത്തിപ്പാടാറുള്ള നക്സൽ വർഗീസ് തീവെട്ടിക്കൊള്ളക്കാരനും കണ്ണിൽച്ചോരയില്ലാത്ത ക്രിമിനലുമാണെന്നു സർക്കാർ പറഞ്ഞാൽ ജനം അതിൽ അവിശ്വസിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ചും ‘സത്യമേ പറയൂ, മുഴുവൻ സത്യവും പറയും, സത്യം മാത്രമേ പറയൂ’ എന്ന നിർബന്ധബുദ്ധിയുള്ള ഒരു സർക്കാർ കേരളം ഭരിക്കുമ്പോൾ.

കേരളത്തിൽ വിപ്ലവകാരികളായി ആരും ജീവിച്ചിരിപ്പില്ലെന്നു സത്യവാങ്മൂലത്തിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്. ‘വിപ്ലവകാരിയോ? അതങ്ങു ക്യൂബയിലും ബൊളീവിയയിലുമല്ലോ’ എന്നും സത്യവാങ്മൂലത്തിൽ ഉണ്ടത്രെ. പുന്നപ്ര–വയലാർ സമരങ്ങളിൽ പങ്കെടുത്തവരുടെ കാര്യത്തിലും ഈ സർക്കാർ സമാനമായ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കാം. പുന്നപ്ര–വയലാർ സമരക്കാർ വാരിക്കുന്തവും വർഗീസ് നാടൻ തോക്കുമായാണു വിപ്ലവത്തിന് ഇറങ്ങിത്തിരിച്ചത് എന്നൊരു വ്യത്യാസമുണ്ട്.

ഏതായാലും പുന്നപ്ര–വയലാർ സമരക്കാരെ ക്രിമിനലുകളായി മുൻകൂർ പ്രാബല്യത്തോടെ പ്രഖ്യാപിച്ചാൽ ഒരു വെടിക്കു രണ്ടു പക്ഷിയാകും. വിഎസ് സഖാവിനെ വിചാരണ ചെയ്യാൻ ഇതിലും നല്ല ഉപായം വേറെയില്ല. ഒരുപക്ഷേ, പണ്ടു പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഒരു സമർഥൻ ആവശ്യപ്പെട്ടതുപോലെ ക്യാപ്പിറ്റൽ പണിഷ്മെന്റ് തന്നെ സഖാവിനു വാങ്ങിച്ചു കൊടുക്കാൻ കഴിഞ്ഞേക്കും.

സ്റ്റോപ് പ്രസ്:
അഭിഭാഷകരിൽ 45% വരെ വ്യാജൻമാരെന്നു ബാർ കൗൺസിൽ ഓഫ് ഇന്ത്യ.

ഔദ്യോഗിക രഹസ്യം പുറത്തുവിട്ടതിന്റെ പേരിൽ കൗൺസിൽ ഭാരവാഹികൾക്കെതിരെ നടപടിയെടുക്കണം.

Your Rating: