എലിയായി മാറിയ പുലിയും പുലിപ്പുറത്തു കയറിയവരും

Aazhchakkurippukal
SHARE

കേരള ലോട്ടറിയുടെ ക്രിസ്മസ്–ന്യൂഇയർ ബംപർ ടിക്കറ്റ് എടുത്തവർ ആകെ നിരാശരാണ്. നറുക്കെടുപ്പ് 23നാണെങ്കിലും ബംപർ സമ്മാനം ആർക്കാണെന്ന് ഇപ്പോഴേ തീരുമാനമായിക്കഴിഞ്ഞു. ഇതിനു പിന്നിൽ ഏതെങ്കിലും വ്യക്തികളോടു ലോട്ടറി വകുപ്പിനുള്ള പ്രത്യേക താൽപര്യമാണെന്നു തെറ്റിദ്ധരിക്കരുത്. സത്യത്തിൽ ഇക്കാര്യത്തിൽ ലോട്ടറി വകുപ്പിന് ഒരു പങ്കുമില്ല. ഇത്തവണ ബംപറടിച്ചത് ഏതെങ്കിലും വ്യക്തിക്കല്ല. കെപിസിസിക്കാണ് നറുക്കെടുപ്പിനു മുമ്പു തന്നെ ബംപർ പ്രൈസ് അടിച്ചത്. വക്കും മൂലയും പൊട്ടാത്ത 6 കോടി രൂപയാണു കേരള ലോട്ടറിയുടെ ബംപറെങ്കിൽ അതിന്റെ പലമടങ്ങു മൂല്യം വരുന്ന സമ്മാനമാണു കെപിസിസിക്കു കിട്ടാൻ പോകുന്നത്. 

പറഞ്ഞു വരുന്നതു കോൺഗ്രസുമായി സഹകരിക്കാമെന്ന പൂഞ്ഞാർ എലിയുടെ വാഗ്ദാനത്തെക്കുറിച്ചു തന്നെയാണ്. പുലിയും പുലിയുടെ പ്രസ്ഥാനമായ പുലിപക്ഷവും (ചിലർ ഇതിനെ ജനപക്ഷമെന്നും വിളിക്കാറുണ്ട്) ഈയിടെയായി വല്ലാതെ മെലിഞ്ഞു പോയെന്നാണു പുലി നിരീക്ഷകർ പറയുന്നത്. മൂന്നു നേരം ബീഫ് കഴിച്ചിരുന്ന പുലിയുടെ ബ്രേക്ഫാസ്റ്റും ലഞ്ചും ഇപ്പോൾ പുല്ലാണ്. ഇക്കണക്കിനു പോയാൽ താമസിയാതെ ഡിന്നറും പുല്ലു തന്നെയാക്കേണ്ടി വരുന്ന ലക്ഷണമാണ്. അങ്ങനെ വന്നാൽ ‘ഞാൻ മുജ്ജന്മത്തിൽ പുലിയായിരുന്നു’ എന്ന സ്റ്റിക്കർ നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട ഗതികേടുവരും. 

അതൊഴിവാക്കാനുള്ള അടവുകൾ പലതും പയറ്റിനോക്കിയതാണ്. ശബരിമലയിലെ ആചാരസംരക്ഷണം മുതൽ കന്യാസ്ത്രീ ഭൽസനം വരെയുള്ള ഐറ്റങ്ങൾ അതിനു വേണ്ടിയായിരുന്നു. നിയമസഭയിൽ കറുത്ത കുപ്പായവും മേൽമുണ്ടും ധരിച്ചെത്തി രാജേട്ടനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായിരുന്നു മറ്റൊരടവ്. 18 അടവും തീർന്നപ്പോൾ 19–ാമത്തെ പൂഴിക്കടകൻ പുറത്തെടുത്തിരിക്കുകയാണ്. അതാണു കോൺഗ്രസുമായുള്ള സഹകരണ വാഗ്ദാനം. 

പുലിയുടെ കൂട്ടത്തിൽ ചേർന്നാൽ കോൺഗ്രസിനു കിട്ടാൻ പോകുന്ന നേട്ടങ്ങൾ ചില്ലറയല്ല. പക്ഷേ രമേശ് ചെന്നിത്തലയ്ക്ക് അതു ബോധ്യപ്പെട്ടതായി തോന്നുന്നില്ല. അദ്ദേഹം പുലിയുടെ വാഗ്ദാനം എവിടെയോ വായിച്ചിട്ടേയുള്ളൂ. ചെന്നിത്തലയ്ക്കു ബുദ്ധിയുണ്ടായിരുന്നെങ്കിൽ ആ നിമിഷം തന്നെ സഹകരണം ആരംഭിക്കുമായിരുന്നു. 

സമയം ഇനിയും വൈകിയിട്ടില്ല. പുലിയെ വഴിയിൽ ഉപേക്ഷിക്കാതെ ഇന്ദിരാഭവനിൽ ക്ഷണിച്ചു വരുത്തി ആദരിക്കണം. ഇല്ലെങ്കിൽ പുലി കോൺഗ്രസുകാരെ നോക്കി മുരളാൻ തുടങ്ങും. പുലി മെലിഞ്ഞാലും മുരൾച്ചയ്ക്ക് ഒരു കുറവും സംഭവിക്കാൻ പോകുന്നില്ലെന്നു മറക്കരുത്. 

സ്പെഷൽ റിക്രൂട്മെന്റ് വെളിപ്പെടുത്തലുകൾ

പന്തളം കൊട്ടാരത്തിലെ ഉപ്പും ചോറും കഴിച്ചാണോ കമ്യൂണിസ്റ്റ് പാർട്ടി വളർന്നതെന്നും അതോ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപ്പും ചോറും കഴിച്ചാണോ പന്തളം കൊട്ടാരത്തിലെ ഇളമുറക്കാർ വളർന്നതെന്നുമുള്ള തർക്കത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തർക്കപരിഹാരത്തിന് ഒരു സംയുക്ത സഭാസമിതിയെ അന്വേഷണച്ചുമതല ഏൽപിച്ചാലോ എന്നാണു സർക്കാർ ഏറ്റവുമൊടുവിൽ ആലോചിക്കുന്നത്.

ഏതായാലും ഒരു കാര്യത്തിൽ ഇനി തർക്കിക്കേണ്ടതില്ല. എസ്എഫ്ഐക്കാർക്കും കമ്യൂണിസ്റ്റ് പാർട്ടിക്കാർക്കും പിഎസ്‌സി വഴി ജോലി കിട്ടുമെന്ന കാര്യം ശരിയാണെന്നു സാക്ഷ്യപ്പെടുത്തിയതു മന്ത്രി സുധാകരൻ സഖാവാണ്. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമയ്ക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലി കിട്ടിയത് എസ്എഫ്ഐക്കാരനായതു കൊണ്ടാണെന്നു മന്ത്രി പറയുന്നു.

വർമ കുറച്ചുകാലം ദേശാഭിമാനിയിൽ ജോലി ചെയ്ത കാര്യം സുധാകരൻ സഖാവു മറന്നു പോയോ എന്നു സംശയിക്കണം. പണ്ടു കാലത്ത് എസ്എഫ്ഐക്കാർക്കും ദേശാഭിമാനി ജീവനക്കാർക്കും വേണ്ടി സ്പെഷൽ  റിക്രൂട്മെന്റ് ഉണ്ടായിരുന്നു എന്നതു സത്യമാണ്. എസ്എഫ്ഐ മെമ്പർഷിപ് കാണിച്ചാൽ അഞ്ചും ദേശാഭിമാനിയിലെ ശമ്പള സ്ലിപ് കാണിച്ചാൽ പത്തും എന്നായിരുന്നു നൽകിയിരുന്ന ഗ്രേയ്സ് മാർക്കിന്റെ കണക്ക്. ശശികുമാര വർമ സർവോപരി പാർട്ടി മെമ്പർ കൂടിയായതിനാൽ ആ വകയിലും 15ൽ കുറയാത്ത ഗ്രേയ്സ് മാർക് ലഭിച്ചിരിക്കും. പിന്നെ പിഎസ്‌സി പരീക്ഷാ പേപ്പറിൽ റോൾ നമ്പർ എഴുതേണ്ട പണിയേ ശശികുമാര വർമയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പരീക്ഷാ ഹാളിൽ നിന്നു പുറത്തിറങ്ങുമ്പോൾ അഡ്വൈസ് മെമ്മോ നൽകാൻ പിഎസ്‌സി ചെയർമാൻ ഹാളിനു പുറത്തു കാത്തുനിൽക്കുകയായിരുന്നു. 

വർമ കള്ളനും അവസരവാദിയുമാണെന്നു കൂടി സുധാകരൻ സഖാവു കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണോ അദ്ദേഹം സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയുടെ നേതാവും സിപിഎം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായത് എന്നു സുധാകരൻ സഖാവ് വ്യക്തമാക്കിയില്ല.

സത്യഗ്രഹിയും കുറെ കൊതുകുകളും

പുലിപ്പുറത്തു കയറാൻ എളുപ്പമാണ്. പക്ഷേ, ഇറങ്ങുന്നത് ഏറെ പ്രയാസമാണ്. ഈ പുലി പൂഞ്ഞാറിലെ എലിയായി മാറിയ പുലിയല്ല. ശബരിമല പ്രശ്നത്തിൽ ബിജെപി പുലിപ്പുറത്തു കയറിയത് എത്ര എളുപ്പത്തിലാണ്? വിഷയം ശബരിമല ആയതിനാൽ പുലിപ്പുറമേറലിന് ഒരു പ്രതീകാത്മക ഭംഗിയുണ്ടായിരുന്നു. 

സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം കിടക്കാൻ തുടങ്ങിയപ്പോഴാണു പുലിപ്പുറത്തുള്ള സഞ്ചാരത്തിന്റെ അപകട സാധ്യതകൾ ഒന്നൊന്നായി മനസ്സിലായിത്തുടങ്ങിയത്. ആദ്യനാളുകൾ പുലിപ്പുറത്തെ യാത്ര വളരെ ആനന്ദദായകമായിരുന്നു. സമരപ്പന്തലിൽ നിന്നു തിരിയാൻ ഇടമില്ല. സത്യഗ്രഹിയെ സന്ദർശിക്കാൻ കരിഞ്ചന്തയിൽ നിന്നു ടിക്കറ്റ് വാങ്ങണമെന്നതായിരുന്നു സ്ഥിതി. 

പിന്നെപ്പിന്നെ തിരക്കു കുറഞ്ഞു. രാത്രിയായാൽ പിന്നെ സത്യഗ്രഹിയും കുറെ കൊതുകുകളും എന്നായി സ്ഥിതി. അതിനിടയിലാണ് ഒരാൾ പന്തലിനു മുന്നിൽ സ്വയം തീകൊളുത്തിയത്. അദ്ദേഹം മരിച്ചതോടെ സംഗതി ഉഷാറായെന്നു പാർട്ടിക്കു തോന്നിയതാണ്. സമരത്തിന് ഊക്കുകൂട്ടാൻ ഒരു ഹർത്താലും പ്രഖ്യാപിച്ചു. ഹർത്താൽ വിജയിപ്പിക്കാൻ ആവശ്യത്തിലേറെ കൈക്രിയകൾ കാട്ടിക്കൂട്ടിയതോടെ സംഗതി അലമ്പായി. 

ഇപ്പോൾ സത്യഗ്രഹിക്കു മനംമടുപ്പു തോന്നാതിരിക്കാൻ സമരപ്പന്തലിൽ വൈകിട്ടായാൽ പാട്ട്, കൂത്ത്, പാഠകം, ശീതങ്കൻ തുള്ളൽ തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് മറ്റു ഗുണങ്ങളൊന്നും ഇല്ലെങ്കിലും കൊതുകുശല്യം തീരെ ഇല്ലാതായിട്ടുണ്ടെന്നു സത്യഗ്രഹികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സെക്രട്ടേറിയറ്റിനു മുന്നിലെ പന്തൽ പൊളിച്ച് എങ്ങനെ തടി കയിച്ചിലാക്കുമെന്നാണു ബിജെപിക്കാരുടെ മുഴുവൻ ചിന്ത. ഇന്നോ നാളെയോ ഇതിനായി ചിന്തൻ ബൈഠക് വിളിക്കുമെന്നും കേൾക്കുന്നു. ഇതാണു പുലിപ്പുറത്തു കയറും മുമ്പു 10 വട്ടം ചിന്തിക്കണമെന്നു പറയുന്നത്. 

സ്റ്റോപ് പ്രസ്: കേരളത്തിൽ വാഹനമോടിക്കുന്നവർക്കു  ട്രാഫിക് മര്യാദയില്ലെന്നു പി.സി.ജോർജ് എംഎൽഎ. 

കക്ഷി ട്രാഫിക്കിന്റെ കാര്യത്തിൽ മര്യാദാപുരുഷോത്തമനാണെന്നു പാലിയേക്കര ടോൾ ബൂത്തിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA