Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു തറവാട് നീട്ടിവിളിച്ചു, കേറി വാടാ മക്കളേ...

Aazhchakkurippukal

ഇടതു ജനാധിപത്യ മുന്നണി ഇപ്പോഴാണ് ശരിക്കും ഇടതുമുന്നണിയായി മാറിയത്. 916 ഹാൾമാർക്ക് ചെയ്ത 24 കാരറ്റ് ഇടതുപാർട്ടികൾ മാത്രമാണ് ഇപ്പോൾ മുന്നണിയിൽ. ഇനിയും അതിനെ ഇടതു ജനാധിപത്യ പാർട്ടിയെന്നു വിളിച്ച് അപമാനിക്കരുത്. ബംഗാളിൽ എത്രയോ കാലമായി ഇടതുമുന്നണിയായിരുന്നു. കേരളത്തിൽ ഇടതു ജനാധിപത്യ മുന്നണിയായി തുടരുന്നത് ഇടതുപക്ഷ, വിപ്ലവപ്രസ്ഥാനങ്ങൾക്ക് അപമാനമാണ്. ഈ അപമാനം കഴുകിക്കളയുകയാണ് കഴിഞ്ഞദിവസം ചേർന്ന ഇടതു ജനാധിപത്യ മുന്നണി ഏകോപനസമിതി യോഗം ചെയ്തത്. 

ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), ലോക്താന്ത്രിക് ജനതാദൾ തുടങ്ങിയ തീവ്ര ഇടതുപക്ഷ കക്ഷികളെ മുന്നണിയിൽ എടുത്തതോടുകൂടി ഇടതുമുന്നണിയുടെ മുഖച്ഛായ അടിമുടി മാറിയിരിക്കുകയാണ്. എത്രയോ കാലമായി മുന്നണിയുടെ പടിപ്പുരയ്ക്കു പുറത്തും (ചിലർ കോലായിലും) കീറത്തഴപ്പായിൽ അകത്തുള്ളവരുടെ വിളി പ്രതീക്ഷിച്ചു കിടന്നവരാണിവർ. എകെജി സെന്ററിൽ നാലുകൂട്ടം പ്രഥമനടക്കമുള്ള സദ്യ മൂന്നു പന്തി കഴിഞ്ഞശേഷം പുറത്തു കുഴികുത്തി ഇലയിട്ട് സർവാണിസദ്യയിൽ വിളമ്പുന്ന കഞ്ഞിവെള്ളം കുടിക്കാനായി എത്രയോ കാലം ആർത്തിയോടെ കാത്തിരുന്ന കഥ, ഇവരിൽ ഓരോരുത്തർക്കും പറയാനുണ്ടാകും. ഇവർക്കെല്ലാം യുഡിഎഫിൽ ഉണ്ടായിരുന്ന കാലത്തെ ഓർമകളും പങ്കുവയ്ക്കാനുണ്ട്. പക്ഷേ, ഒരു കാര്യം പറയാതെ വയ്യ. ആർഎസ്പി (ലെനിനിസ്റ്റ്) പോലുള്ള യഥാർഥ ഇടതുപക്ഷക്കാരെ ഇനിയും പടിപ്പുരയ്ക്കു മുന്നിൽ നിർത്തിയതു ശരിയായില്ല. 

റവലൂഷനറി സോഷ്യലിസത്തിനു വീര്യം പോരെന്നു തോന്നിയിട്ടാണ് കോവൂർ കുഞ്ഞുമോൻ അതിൽ ലെനിനിസം കൂടി ചേർത്തു പുതിയ പാർട്ടിയുണ്ടാക്കിയത്. അവർക്കില്ലാത്ത എന്തു വിപ്ലവമാണ് ബാലകൃഷ്ണപിള്ളയ്ക്കും ഫ്രാൻസിസ് ജോർജിനുമുള്ളത്? ലോക്താന്ത്രിക് ജനതാദളിനെപ്പോലുള്ള കക്ഷികൾക്ക് ഇതു തറവാട്ടിലേക്കുള്ള തിരിച്ചുവരവാണത്രെ. തറവാടിന്റെ കഴുക്കോലും ഊരി, മോന്തായത്തിനു തീകൊളുത്തി നാടുവിട്ടവർക്ക് ഇതും ഇതിലപ്പുറവുമുള്ള രോമാഞ്ചദായകമായ സ്മരണകൾ പുതുക്കാനുള്ള അവസരം ഇനിയുമിനിയും ഉണ്ടാവട്ടെ.

വിവാഹമല്ലേ നല്ലത് ?

നൂലുകെട്ട്, താലികെട്ട് എന്നിവ ഒരു ജനപ്രതിനിധി ഒരിക്കലും ഒഴിവാക്കാൻ പാടില്ലെന്ന് ഭരണഘടനയിൽ നിസ്സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. മരണം, സഞ്ചയനം, പുലകുളി അടിയന്തരം എന്നിവയുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ഈ കാര്യങ്ങൾ എംപിമാരുടെയും എംഎൽഎമാരുടെയും സത്യപ്രതിജ്ഞയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം ഭരണഘടനാ നിർമാണസഭയിൽ ഉയർന്നിരുന്നു. എന്നാൽ, സത്യപ്രതിജ്ഞാ ചടങ്ങ് വല്ലാതെ നീണ്ടുപോകുമെന്നതിനാൽ ഡോ. ബി.ആർ. അംബേദ്കർ ഈ നിർദേശം വീറ്റോ ചെയ്യുകയായിരുന്നു. 

വെള്ളത്തിലെ മൽസ്യത്തെപ്പോലെ വേണം ജനപ്രതിനിധികൾ ജീവിക്കാനെന്ന് പ്ലേറ്റോയും അരിസ്റ്റോട്ടിലുമെല്ലാം പണ്ടേ പറഞ്ഞിട്ടുണ്ട്. ജനങ്ങളുമായി അവർ നിത്യം ഇടപഴകണം. ജനങ്ങളുമായി ഇടപഴകാനുള്ള ഏറ്റവും നല്ല മാർഗമാണു കല്യാണവും ചരമവുമെല്ലാം. അതുതന്നെയാണ് കുഞ്ഞാലിക്കുട്ടി സാ‌യ്‌വും ചെയ്തത്. ലോക്സഭയിൽ മുത്തലാഖ് ബില്ലിന്റെ ചർച്ച നടക്കുമ്പോൾ അദ്ദേഹം ദുബായിൽ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു. തലാഖിനെക്കാൾ നല്ല കാര്യമല്ലേ നിക്കാഹ്? ജീവിതങ്ങളെ തല്ലിപ്പിരിക്കുന്നതിലും നന്മയുള്ള കാര്യമല്ലേ, രണ്ടു ജീവിതങ്ങളെ കൂട്ടിയിണക്കുന്ന വിവാഹം?

ജനാധിപത്യത്തിന്റെ ആചാര്യൻമാർ‍ പറഞ്ഞതാണു നമ്മുടെ കുഞ്ഞാപ്പ അനുസരിച്ചത്. അല്ലാതെ, ബിരിയാണി തിന്നാനുള്ള പൂതി മൂത്ത് ദുബായിലേക്കു വിമാനം കയറിയതല്ല. പാർലമെന്റിന്റെ റൂൾസ് ബിസിനസും പ്രോസീജ്യേഴ്സും പരിശോധിച്ചാലും അദ്ദേഹം ചെയ്തതിൽ ആർക്കും കുറ്റം കണ്ടെത്താനാവില്ല. അതിന്റെ പേരിൽ അദ്ദേഹത്തിന് ഊരുവിലക്കു വിധിക്കുമെന്ന് ആരെങ്കിലും കിനാവു കാണുന്നുണ്ടെങ്കിൽ അതു വെറും മനപ്പായസമാകും. 

∙ സ്റ്റോപ് പ്രസ്: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന വിജിയുടെ കുടുംബത്തെ രക്ഷിക്കാൻവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ കാലുപിടിക്കാനും തയാറാണെന്ന് സുരേഷ് ഗോപി എംപി.

കാലുപിടിക്കാനുള്ള ഡ്യൂപ്പിനെ തയാറാക്കി നിർത്തിയിട്ടുണ്ട്. ഒറ്റ ടേക്കിൽ ഒകെ ആകണമെന്നാണു കണ്ടീഷൻ.