Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതിൽഭ്രമക്കാഴ്ചകൾ

Aazhchakkurippukal

നാളെയാണു, നാളെയാണു, നാളെയാണു നാളെ.... 30 ലക്ഷം, 30 ലക്ഷം, 30 ലക്ഷം.. 

കാരുണ്യ ലോട്ടറിയുടെ അനൗൺസ്മെന്റാണെന്നു തെറ്റിദ്ധരിക്കരുത്. വനിതാ മതിലിന്റെ വിളംബര ഗാനത്തിൽ നിന്നാണ് ഉദ്ധരിച്ചത്. ജനുവരി ഒന്നിനു കേരളം ചരിത്രത്തിന്റെ നാഴികക്കല്ലാകാൻ പോകുകയാണ്. ദേശീയപാതയിൽ ഉയരാൻ പോകുന്നതു നവോത്ഥാന മതിലാണോ, വനിതാ മതിലാണോ, സ്നേഹമതിലാണോ എന്നൊന്നും ആരും സംശയം ചോദിക്കരുത്. എന്തു പേരിട്ടു വിളിച്ചാലും അത് ഒന്നൊന്നര മതിലായിരിക്കുമെന്നു തീർച്ച. 30 ലക്ഷം ഇടതുപക്ഷ, മതേതര, പുരോഗമന വനിതകളാണു മതിൽ നിർമാണത്തിൽ പങ്കാളികളാകുന്നത്. അതിനു സമാന്തരമായി നിർമിക്കാൻ പോകുന്ന പുരുഷ മതിലിലും ഒട്ടും കുറയില്ല. 

കേരള ചരിത്രത്തിലെ കാലഗണന ഇനി മുതൽ മതിൽപൂർവ കേരളം, മതിലാനന്തര കേരളം എന്നിങ്ങനെയായിരിക്കും. ജനുവരി ഒന്നു മുതൽ കേരളത്തിൽ രണ്ടുതരം സ്ത്രീകളേ ഉണ്ടാകൂ. മതിൽ പണിക്കു പോയവരും പോകാത്തവരും. ‘ഞാൻ മതിലുകെട്ടാൻ പോകുന്നുണ്ട്, നീയോ?’ എന്നാണു കേരളത്തിലെ സ്ത്രീകൾ തമ്മിൽ കാണുമ്പോൾ പരസ്പരം ചോദിക്കുന്നത്. 

മതിൽ പണിക്കുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇഷ്ടിക, മണൽ, സിമന്റ് എന്നിവ ശേഖരിക്കാനുള്ള പ്രവർത്തനങ്ങൾ കൃത്യമായി പുരോഗമിക്കുന്നുണ്ട്. മണലിനാണു ക്ഷാമം. ആവശ്യത്തിനു മണൽ കിട്ടിയില്ലെങ്കിൽ രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നോ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ നിന്നോ എത്തിക്കുന്നതാണു പ്ലാൻ എ. നടന്നില്ലെങ്കിൽ സഹാറ മരുഭൂമിയിൽ നിന്നു കപ്പൽ മാർഗം എത്തിക്കുന്നതാണു പ്ലാൻ ബി. അതിനു കഴിഞ്ഞില്ലെങ്കിൽ ഡാമുകളുടെ അടിത്തട്ടിൽ മുങ്ങി ഐസക് സഖാവ് കഴിയുന്നത്ര മണൽ എത്തിക്കും. അതാണു പ്ലാൻ സി. 

ശ്രീരാമചന്ദ്രൻ ലങ്കയിലേക്കു ചിറ കെട്ടുമ്പോൾ അണ്ണാറക്കണ്ണൻ ചെയ്തതു പോലെയാണെന്നു കരുതിയാൽ മതി. അന്ന് അണ്ണാറക്കണ്ണൻ വെള്ളത്തിൽ മുങ്ങി മണലിൽ ഉരുണ്ട ശേഷം വന്നു ചിറ നിർമാണ സ്ഥലത്തെത്തി ശരീരം കുടയുകയാണു ചെയ്തത്. വേണ്ടി വന്നാൽ ഐസക് സഖാവും അതു തന്നെ ചെയ്യും. തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ നിന്നു ശ്രീലങ്കയിലെ തലൈമന്നാറിലേക്കു ശ്രീരാമൻ കെട്ടിയ പാലത്തിനു വെറും 29 കിലോമീറ്ററായിരുന്നു നീളം. കേരളത്തിന്റെ തെക്കുവടക്കു മതിൽ കെട്ടണമെങ്കിൽ അതിന്റെ നീളം 630 കിലോമീറ്റർ വരും. ‌

രാമസേതു നിർമിക്കുമ്പോൾ മണൽ എത്തിച്ചതിനു പ്രതിഫലമായി ശ്രീരാമൻ അണ്ണാറക്കണ്ണന്റെ മുതുകിൽ മൂന്നു വരയാണു നൽകിയത്. അണ്ണാറക്കണ്ണനും തന്നായാലായത് എന്നു പറഞ്ഞ പോലെ ഐസക് സഖാവും തന്നാലായത് എന്നു കരുതിയാൽ മതി. മതിൽ നിർമാണത്തിന് ആവശ്യമായ മണൽ മുട്ടും മുടക്കവുമില്ലാതെ എത്തിച്ചാൽ പിണറായി സഖാവ് മൂന്നല്ല, മുന്നൂറു വരകൾ ഐസക് സഖാവിനു നൽകും. അതു മുതുകിൽ വേണ്ട, ജുബ്ബയിൽ മതിയെന്നാണ് ഐസക് സഖാവ് വച്ചിരിക്കുന്ന നിബന്ധന. 

അടങ്കൽ തുക ഔദ്യോഗിക രഹസ്യം

ഇനിയുള്ള ദിവസങ്ങളിൽ സിമന്റ്, ഇഷ്ടിക, മണൽ എന്നിവ വിപണിയിൽ നിന്നു തീർത്തും അപ്രത്യക്ഷമാകാനാണു സാധ്യത. കേരളം മുഴുവനുമുള്ള നവോത്ഥാനക്കാരും മതേതരക്കാരും കിട്ടാവുന്നത്ര സിമന്റ്, ഇഷ്ടിക, മണൽ എന്നിവ സംഭരിച്ചു പണ്ടകശാലകളിൽ നിറച്ചിരിക്കുകയാണ്. സംസ്ഥാന വെയർ ഹൗസിങ് കോർപറേഷന്റെ ഗോഡൗണുകൾ ഈ സാമഗ്രികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു. സെൻട്രൽ വെയർ ഹൗസിങ് കോർപറേഷന്റെ ഗോഡൗണുകളിൽ സംഭരണത്തിന് അനുമതി തേടിയപ്പോൾ പി.എസ്.ശ്രീധരൻ പിള്ളയും കെ.സുരേന്ദ്രനും നടത്തിയ ഇടപെടൽ മൂലം നിഷേധിക്കുകയായിരുന്നു. ഇതുകൊണ്ടൊന്നും കേരളത്തിന്റെ നവോത്ഥാന മനസ്സു തോൽക്കുന്ന പ്രശ്നമില്ല. ദേശീയപാതയുടെ ഇരുവശവും നിർമാണ സാമഗ്രികൾ സംഭരിച്ചു ടാർപോളിൻ കൊണ്ടു മൂടിയിടാനാണു പരിപാടി. മൂന്നു ഷിഫ്റ്റിലായി ഇതിനു കാവലേർപ്പെടുത്തുകയും ചെയ്യും.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതി അൽപം താമസിച്ചാലും കുഴപ്പമില്ല. തൽക്കാലം മതിൽ നിർമാണം മുന്നോട്ടു പോകട്ടെ എന്നതാണു സർക്കാരിന്റെ തീരുമാനം. മതിലിൽ ഇഷ്ടികകളാകുന്ന വനിതകൾക്കെല്ലാം കട്ടൻചായയും പരിപ്പുവടയും നൽകാൻ തീരുമാനമുണ്ട്. ഇതിനു വേണ്ടി ഏതാനും കോടി രൂപ സർക്കാർ ചെലവാക്കിയാൽ എന്താണു കുഴപ്പം? ഇതിനെ വനിതാക്ഷേമം, സ്ത്രീ ശാക്തീകരണം എന്നല്ലാതെ എന്താണു വിളിക്കുക? 

മതിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാകുമെന്ന് ആരും സംശയിക്കേണ്ടതില്ല. നിർമാണത്തിന്റെ കരാർ നിരതദ്രവ്യം കെട്ടിവച്ച് ഏറ്റെടുത്തിരിക്കുന്നതു വെള്ളാപ്പള്ളി നടേശൻ സാറാണ്. അടങ്കൽ തുക എത്രയാണെന്നത് ഔദ്യോഗിക രഹസ്യമാണ്. 50 കോടി രൂപയിൽ കുറയില്ലെന്നാണു സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ പറഞ്ഞു കേൾക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ ഒട്ടേറെ ജോലികൾ കരാർ എടുക്കുകയും അതു സമയത്തിനു തന്നെ പൂർത്തിയാക്കുകയും ചെയ്ത വെള്ളാപ്പള്ളി സാറിന് ഈ പറയുന്ന മതിൽ നിർമാണമെല്ലാം വെറും ചീളു കേസ്. അദ്ദേഹം ഏറ്റെടുത്ത കരാറുകളെല്ലാം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ആ ചരിത്രം ഇത്തവണയും ആവർത്തിക്കുക തന്നെ ചെയ്യും. 

മതിൽ തികച്ചും യാഥാർ‍ഥ്യമാണെന്നു തോന്നിപ്പിക്കാൻ അല്ലറചില്ലറ ഉഡായിപ്പു വിദ്യകളെല്ലാം കാണിക്കാൻ പോകുന്നുണ്ടെന്നാണു കേൾവി. ഓരോ കിലോമീറ്ററിലും മതിലിനു മുകളിൽ ‘പരസ്യം പതിക്കരുത്’ എന്ന് എഴുതിവയ്ക്കും. ചിലയിടത്ത് അതിനു പകരം ‘പട്ടിയുണ്ട്, സൂക്ഷിക്കുക’ എന്നായിരിക്കും. ചിലയിടങ്ങളിൽ ‘സിപിഎം ബുക്ഡ് 2019’ എന്നും. 

കവിതയെഴുതും കണ്ണടയ്ക്കും കുറിക്കും

മന്ത്രി ജി.സുധാകരൻ ആളു ബുദ്ധിജീവിയാണ്, കവിയാണ് എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. കേട്ടകാലത്ത് അതെല്ലാം വിശ്വസിച്ചിട്ടുമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കവിതകൾ വായിച്ചു തുടങ്ങിയപ്പോൾ മാത്രമാണ് ആ വിശ്വാസത്തിന് ഇളക്കം തട്ടിയത്. 

സുധാകരൻ സഖാവ് ഇതിനെല്ലാമുപരി ഒരു ഒഫ്താൽമോളജിസ്റ്റ് കൂടിയാണെന്നു മനസ്സിലായതു കഴിഞ്ഞ ദിവസമാണ്. സാധാരണ ഒഫ്താൽമോളജിസ്റ്റ് അല്ല. അദ്ദേഹത്തിനു കണ്ണുപരിശോധിക്കാതെ തന്നെ കാഴ്ചശക്തി അളക്കാനുള്ള കഴിവുണ്ട്. കണ്ണടയ്ക്കു കുറിച്ചു കൊടുക്കുകയും ചെയ്യും.

മന്ത്രിപ്പണിക്കു പുറമെ കവിതയെഴുത്ത് തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ കുറച്ചുകാലമായി പ്രൈവറ്റ് പ്രാക്ടീസ് നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ചരിത്രം ആവശ്യപ്പെടുന്ന മുഹൂർത്തങ്ങളിൽ അദ്ദേഹം തന്റെ കർത്തവ്യങ്ങളിൽ നിന്ന് ഒളിച്ചോടാറില്ല. അത്തരമൊരു മുഹൂർത്തമാണു കഴിഞ്ഞ ദിവസം സംഭവിച്ചത്. വനിതാ മതിലിൽ പങ്കാളിയാവില്ലെന്നു മഞ്ജു വാരിയർ പ്രഖ്യാപിച്ച നിമിഷം തന്നെ മന്ത്രിയിലെ ഒഫ്താൽമോളജിസ്റ്റ് സടകുടഞ്ഞെഴുന്നേറ്റു. 

മഞ്ജു വാരിയരുടെ കണ്ണട തീർത്തും പഴയതാണെന്നും അതു മാറ്റേണ്ട കാലം അതിക്രമിച്ചെന്നും സഖാവു പ്രഖ്യാപിച്ചതു സംശയലേശമെന്യേയാണ്. 

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തതിനാൽ മഞ്ജു വാരിയർ എത്രയും പെട്ടെന്നു സുധാകരൻ ഡോക്ടറുടെ കുറിപ്പടിയുമായി ചെന്നു പുതിയ കണ്ണട വയ്ക്കുകയാണു ചെയ്യേണ്ടത്. വൈകിച്ചാൽ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 

സ്റ്റോപ് പ്രസ്: മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്നവരാണ് ഇന്നത്തെ പെൺകുട്ടികളെന്നു നടൻ ജോയ് മാത്യു.

പേടിക്കേണ്ട. വനിതാ മതിൽ കെട്ടുന്നതു ഭൂമിയിലാണ്, ആകാശത്തല്ല.