Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലംകൊണ്ടും പാലം വലിക്കാം

Author Details
enath

ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്ന വ്യവസ്ഥപ്രകാരം തന്നെയാണ് ഏനാത്ത് ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങൾ ഓടുന്നത്. എം.സി.റോഡിൽ കൊല്ലം–പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ചു പട്ടാളം നിർമിച്ച ഈ പാലം തുറന്നിട്ട് ഒരാഴ്ചയിലേറെയായി. 

രണ്ടാഴ്ച മുൻപ് ഈ പംക്തിയിൽ കുറിച്ചിരുന്നതുപോലെ, പാലം പട്ടാളത്തിന്റേതാണെങ്കിലും നാട മുറിക്കാനുള്ള പ്രലോഭനം അതിജീവിക്കാൻ നമ്മുടെ ജനനായകർക്കു കഴിഞ്ഞില്ല. മുഖ്യമന്ത്രിയും മരാമത്തു മന്ത്രിയും ഉദ്‍‌ഘാടന വേദിയിൽ പ്രശോഭിക്കുകയും ചെയ്തു. 

എന്നാൽ, സൈനിക രഹസ്യം ചോരാതിരിക്കാൻ വേണ്ടിയോ എന്തോ കേരള സർക്കാർ സ്വീകരിച്ച മുൻകരുതൽ പാലത്തിൽ തിക്കിത്തിരക്കി നിന്നവരാരും ശ്രദ്ധിച്ചെന്നു തോന്നുന്നില്ല. 

പാലത്തിന്റെ ഉദ്ഘാടനം പ്രമാണിച്ച് സംസ്ഥാന സർക്കാർ ഏപ്രിൽ പത്തിനു പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ ഈ രഹസ്യാത്മകത ചിത്രകഥയായി നിൽക്കുന്നു. 

പരസ്യത്തിൽ പതിനൊന്നു തലപ്പടങ്ങൾ നമുക്കു കാണാം. ഇതിൽ മൂന്നെണ്ണം വലിയ തലകൾ, ഒന്ന് ഇടത്തരം, ഏഴു ചെറുതലകളും.  പതിനൊന്നു തലകൾക്കും കൂടി രണ്ടേരണ്ടു പേരുകളേ പരസ്യത്തിൽ കാണാനുള്ളു:

ഉദ്ഘാടനം പിണറായി വിജയൻ, ബഹു. കേരള മുഖ്യമന്ത്രി. അധ്യക്ഷൻ ജി. സുധാകരൻ, ബഹു. പൊതുമരാമത്ത്, റജിസ്ട്രേഷൻ വകുപ്പു മന്ത്രി.  ബാക്കി ഒൻപതും അജ്ഞാത തലകൾ. 

കേന്ദ്ര മന്ത്രിമാരായ അരുൺ ജയ്റ്റ്ലി, നിതിൻ ഗഡ്കരി തുടങ്ങിയവരുടെ തലകൾ അജ്ഞാതർക്കിടയിൽ കണ്ടെത്താൻ ചിലർക്കെങ്കിലും കഴിഞ്ഞേക്കും. ചെറുതലകൾക്ക് അത്രയും ഭാഗ്യമുണ്ടാകണമെന്നില്ല. അവരൊക്കെ പല തലങ്ങളിലുള്ള ജനപ്രതിനിധികളാണെന്നാണ് ഏനാത്തും പരിസരങ്ങളിലുമുള്ളവർ അപ്പുക്കുട്ടനോടു പറഞ്ഞത്. 

തലയിരിക്കുമ്പോൾ വാലാടരുത് എന്നു പറയാറുണ്ടെങ്കിലും പലതലകളിരിക്കുമ്പോൾ രണ്ടു തല മാത്രം ആടുന്നതു ശരിയോ എന്നു ചോദിക്കാം. ഔദ്യോഗിക രഹസ്യങ്ങൾ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ബാധ്യതയെപ്പറ്റിയുള്ള അറിവില്ലായ്മയാണ് ഈ ചോദ്യത്തിലുള്ളത് എന്നും ന്യായം പറയാം. 

ഇതൊന്നുമല്ലെങ്കിൽ, പട്ടാളം നിർമിച്ച ബെയ്‌ലി പാലത്തിൽനിന്നു നോക്കുമ്പോൾ കരയ്ക്കു നിൽക്കുന്നവരെ കാണാൻ കഴിയാതെ വരിക എന്നൊരുതരം കണ്ണുരോഗം നിലവിലുണ്ടോ എന്ന് ആർക്കറിയാം.

Your Rating: