വോട്ടിനൊരുങ്ങി ബ്രിട്ടൻ; സ്വയം കുഴിച്ച കുഴിയിൽ മേയും വീഴുമോ, കാമറണിനെപ്പോലെ?

തിരഞ്ഞെടുപ്പു പ്രചാരണത്തോടനുബന്ധിച്ചു വടക്കൻ ഇംഗ്ലണ്ടിലെ ലാങ്ടൺ റഗ്ബി ക്ലബിൽ പ്രസംഗിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ചിത്രം: എഎഫ്പി

കഴിഞ്ഞ വർഷം ജൂലൈയിൽ അധികാരമേറ്റപ്പോൾ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞത് തിരക്കിട്ടൊരു തിരഞ്ഞെടുപ്പിന്റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു. പക്ഷേ, വൈകാതെ അവർ മനസ്സു മാറ്റി. സ്വന്തം ജനപ്രീതി വർധിക്കുകയാണെന്നു ബോധ്യപ്പെട്ടതായിരുന്നു ഒരു കാരണം. പക്ഷേ, അതിലേറെ പ്രധാനപ്പെട്ട മറ്റൊരു കാരണം, ജെറിമി കോർബിന്റെ കീഴിൽ ലേബർ പാർട്ടി ക്ഷീണത്തിലാണെന്ന നിഗമനമായിരുന്നു. കഴിഞ്ഞ വർഷം ഒരു വൻഅട്ടിമറി അതിജീവിച്ചു തിരിച്ചുവന്നയാളാണു കോർബിൻ.
തെരേസ മേയ്ക്കു വേണമെങ്കിൽ 2020 വരെ പ്രധാനമന്ത്രിയായി തുടരാമായിരുന്നു. എന്നിട്ടും, ധൃതിപിടിച്ചൊരു തിരഞ്ഞെടുപ്പു നടത്താൻ അവർ പാർലമെന്റിന്റെ അനുവാദം തേടി. 13നെതിരെ 522 വോട്ടുകൾക്ക് ആ തീരുമാനം അംഗീകരിക്കപ്പെടുകയും ചെയ്തു.

സഭ പിരിച്ചു വിടുമ്പോൾ കൺസർവേറ്റിവ് പാർട്ടിക്ക് 330 സീറ്റുകളും ലേബർ പാർട്ടിക്ക് 229 സീറ്റുകളുമായിരുന്നു. 380 സീറ്റ് അനായാസം പിടിച്ചെടുക്കാമെന്നായിരുന്നു മേയുടെ കണക്കുകൂട്ടൽ. പക്ഷേ, പ്രചാരണം തുടങ്ങിയപ്പോൾ മേ അബദ്ധങ്ങൾ ചെയ്തുകൂട്ടി. കോർബിനുമായി ടിവി സംവാദത്തിനില്ലെന്നു വാശി പിടിച്ചു. അദ്ദേഹം വെല്ലുവിളിച്ചിട്ടും പോയില്ല. പകരം ആഭ്യന്തര സെക്രട്ടറി ആംബർ റഡിനെ അയച്ചു. ഫലമോ? കോർബിൻ ആ സംവാദം ജയിച്ചു.

മേയുടെ തിരഞ്ഞെടുപ്പു പത്രിക മുതിർന്ന പൗരന്മാർക്ക് ആശങ്ക സമ്മാനിച്ചിട്ടുണ്ട്. ചികിൽസയും ശുശ്രൂഷയും വീട്ടിൽത്തന്നെ ലഭിക്കാൻ കൂടുതൽ പണം ചെലവാക്കേണ്ടി വരുമെന്നാണു പത്രികയിലെ സൂചനകൾ. 65നു മുകളിൽ പ്രായമുള്ളവരിൽ വെറും 12.5% പേർക്കു മാത്രമേ ഈ സൗകര്യത്തിനായി പണം മുടക്കാ‍നുള്ള ശേഷിയുള്ളൂ.

2015ൽ നടന്ന അവസാനത്തെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടിക്ക് 36.8% വോട്ടുകളോടെ 330 സീറ്റുകളാണു ലഭിച്ചത്. ലേബർ പാർട്ടിക്ക് 30.4% വോട്ടുകൾ ലഭിച്ചെങ്കിലും നേടിയത് 232 സീറ്റുകൾ മാത്രം. ലിബറൽ ഡമോക്രാറ്റ് പാർട്ടി 7.9% വോട്ടുകളോടെ എട്ടു സീറ്റിൽ ഒതുങ്ങിയപ്പോൾ സ്കോട്ടിഷ് നാഷനൽ പാർട്ടി 4.7% ജനപ്രിയ വോട്ടോടെ 56 സീറ്റുകൾ നേടി.

കൺസർവേറ്റിവ് പാർട്ടിക്കുള്ള വോട്ടുകളിൽ രണ്ടു ശതമാനം കുറവുണ്ടാകുകയും ഒപ്പം ലേബർ വോട്ടുകളിൽ രണ്ടു ശതമാനം വർധനയുണ്ടാകുകയും ചെയ്താൽ കൺസർവേറ്റിവ് ഭൂരിപക്ഷം ഇടിയാം; എന്തിന്, നഷ്ടപ്പെടുക പോലും ചെയ്യാം. സത്യത്തിൽ, സുരക്ഷിത സീറ്റുകൾ കൂടുതലുള്ളത് ലേബർ പാർട്ടിക്കാണ്. ഭദ്രമായൊരു ഭൂരിപക്ഷത്തോടെ കൈപ്പിടിയിലുള്ളതാണു സുരക്ഷിത സീറ്റ്. അതായത്, കാറ്റ് ചെറുതായൊന്നു മാറി വീശിയാൽപോലും അത് നിലവിൽ സ്വാധീനമുള്ള പാർട്ടിയെ ഏശില്ല.

ബ്രെക്സിറ്റിനോടു വിയോജിപ്പുള്ള ലിബറൽ ഡമോക്രാറ്റ് പാർട്ടിയും നല്ല പ്രകടനം കാഴ്ചവയ്ക്കാനാണു സാധ്യത. കഴിഞ്ഞ വർഷം നടന്ന ബ്രെക്സിറ്റ് അഭിപ്രായ വോട്ടെടുപ്പിൽ 48% പേർ പ്രതികൂലമായി വോട്ടു ചെയ്തതാണ്. വിനാശം വിതച്ച ആ അഭിപ്രായവോട്ടെടുപ്പാണ്, രാഷ്ട്രീയ അബദ്ധങ്ങളുടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ എന്നത്തേക്കുമായി ഡേവിഡ് കാമറണിന്റെ സ്ഥാനമുറപ്പിച്ചത്.

എഴുപത്തഞ്ചു ദിവസങ്ങൾക്കകം മൂന്നു ഭീകരാക്രമണങ്ങൾ നടന്നതിന്റെ കരിനിഴലിലാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ലണ്ടൻ ബ്രിജിലും ബറോ മാർക്കറ്റിലുമായി ഏറ്റവുമൊടുവിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴു പേർ മരിച്ചു; പരുക്കേറ്റ 48 പേരിൽ 21 പേരുടെ നില ഗുരുതരവുമാണ്. ആക്രമണം നടന്നതിനു തൊട്ടു പിന്നാലെ, ഇരയായവരോടുള്ള ആദരസൂചകമായി പാർട്ടികൾ രണ്ടു ദിവസത്തേക്കു തിരഞ്ഞെടുപ്പു പ്രചാരണം നിർത്തിവച്ചിരുന്നു. നിലവിലെ സാഹചര്യം മുതലെടുത്തുകൊണ്ട് സൈബർ മേഖലയിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ മേ ചില നിർദേശങ്ങൾ വച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോൾ മേ പൊലീസിനുള്ള ധനവിഹിതം വെട്ടിക്കുറച്ചതാണു ഭീകരർക്കെതിരെയുള്ള നീക്കത്തിൽ പൊലീസ് പ്രകടനത്തെ ബാധിച്ചതെന്ന് കോർബിൻ ആരോപിക്കുന്നു.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലണ്ടൻ സന്ദർശന വേളയിൽ ബ്രിട്ടനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് വൈറ്റ്ഹൗസ് ആലോചന. പക്ഷേ, അങ്ങനെയൊരു സന്ദർശനത്തിനു മേ ഉടനെയൊന്നും സമ്മതം മൂളാൻ സാധ്യതയില്ല. വരാൻ ട്രംപ് തീരുമാനിച്ചാൽത്തന്നെയും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു പിന്മാറി അപ്രീതി വാങ്ങിക്കൂട്ടിയ അദ്ദേഹത്തിനു ബ്രിട്ടനിൽ വലിയ വരവേൽപൊന്നും പ്രതീക്ഷിക്കേണ്ട.

തെരേസ മേയ്ക്ക് ഭൂരിപക്ഷം കൈവിട്ടു പോകാൻ വരെ സാധ്യതയുണ്ടെന്നാണ് ചില അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. എന്തായാലും, വൻ ഭൂരിപക്ഷം പ്രതീക്ഷിച്ചുള്ള മേയുടെ കണക്കുകൂട്ടലുകളൊക്കെയും തകിടം മറിഞ്ഞു കഴിഞ്ഞു. ഇത്ര തിരക്കിട്ട് തിരഞ്ഞെടുപ്പു നടത്താനെടുത്ത തീരുമാനപ്പിശകിന് മേ വലിയ വില കൊടുക്കേണ്ടിവരും. അവരെ നേതൃസ്ഥാനത്തുനിന്നു പുറത്താക്കാൻ വരെ പാർട്ടിക്കുള്ളിൽ ശ്രമം നടക്കില്ലെന്ന് എന്താണുറപ്പ്?

ഒരു ത്രിശങ്കു സഭയ്ക്കുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല. ജെറിമി കോർബിന്റെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷ ലേബർ സർക്കാർ വന്നാൽപോലും അത്ഭുതപ്പെടേണ്ടതില്ല. കാരണം, അദ്ദേഹം തിരഞ്ഞെടുക്കപ്പെടാൻ അർഹനാണെന്ന ജനവികാരം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ബലപ്പെട്ടിട്ടുണ്ട്. സ്വയം കുഴിച്ച കുഴിയിൽ മേയും വീഴുമോ, കാമറണിനെപ്പോലെ?

(ലേഖകൻ വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു)