ദിലീപ് അകത്താകുമ്പോൾ പുറത്തുവരുന്നത് മലയാള സിനിമയിലേക്ക് കടന്നുവന്ന പല അനാശാസ്യ പ്രവണതകൾ കൂടിയാണ്. എല്ലാം നിയന്ത്രിക്കുന്നുവെന്നു ധരിക്കുന്ന സൂത്രധാരന്മാരും സർവപ്രതാപികളായ ഡോൺമാരുമായി താരങ്ങൾ മാറുമ്പോൾ ചവിട്ടേറ്റു വീണവർ ഒരുപാടുണ്ട്.

അവരിൽ ചിലരുൾപ്പെടെ പങ്കുവയ്ക്കുന്ന അനുഭവകഥകൾ...

‘‘ദിലീപ് ക്രൂരനായ തമാശക്കാരനാണെന്ന് അന്നെനിക്കു തോന്നി’’

‍ഡോൺ

∙ ആലപ്പി അഷ്റഫ്, നിർമാതാവ്

ദിലീപിനെ ഇന്നലെ ആലുവ സബ് ജയിലിലേക്ക് കൊണ്ടു പോകുന്ന കാഴ്ച കണ്ടപ്പോൾ 15 വർഷം മുൻപ്, വിതരണക്കാരൻ കൂടിയായ നിർമാതാവിനെ ഇതേ സബ് ജയിലിലേക്കു കൊണ്ടു പോകാൻ ദിലീപ് വഴിയൊരുക്കിയ കഥയാണ് ഓർമവന്നത്. ദിലീപ് നായകനായ ‘ഉദയപുരം സുൽത്താൻ’ എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്ന ദിനേശ് പണിക്കരാണ് അന്ന് ചെക്ക് കേസിൽ പെട്ട് ജയിലിലായത്. ഉദയപുരം സുൽത്താൻ പൂർത്തിയായപ്പോൾ നിർമാതാക്കൾ സാമ്പത്തിക പ്രതിസന്ധിയിലായി. ദിലീപിന് പ്രതിഫലം ഇനത്തിൽ ഒന്നര ലക്ഷം രൂപ കൂടി അവർ നൽകാനുണ്ടായിരുന്നു. അതു നൽകാതെ ചിത്രം ഡബ്ബ് ചെയ്യില്ലെന്നു ദിലീപ് അറിയിച്ചു.

വിതരണക്കാരൻ എന്ന നിലയിൽ ഈ പണം താൻ നൽകേണ്ട കാര്യമില്ലെന്നും പക്ഷേ ഉറപ്പെന്ന നിലയിൽ ഒന്നര ലക്ഷത്തിന്റെ ചെക്ക് തരാമെന്നും ദിനേശ് പണിക്കർ അറിയിച്ചു. ഇതനുസരിച്ച് ചെക്ക് നൽകി പടം ഇറക്കിയെങ്കിലും പൊളിഞ്ഞു. ഇതിനിടെ താൻ ചെക്ക് മാറിയെടുക്കാൻ പോവുകയാണെന്നു ദിനേശ് പണിക്കരെ വിളിച്ച് ദിലീപ് അറിയിച്ചു. തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും മനഃസാക്ഷിയുണ്ടെങ്കിൽ ചെക്ക് കൊടുക്കരുതെന്നുമായി പണിക്കർ. പക്ഷേ ദിലീപ് വഴങ്ങിയില്ല. ചെക്ക് പണമില്ലാതെ മടങ്ങി.

ഒന്നരവർഷം കഴിഞ്ഞ് ഒരുദിവസം ആലുവയിൽനിന്നു മൂന്ന് അഭിഭാഷകരും പൊലീസും ദിനേശ് പണിക്കരുടെ തിരുവനന്തപുരത്തെ വസതിയിലെത്തി. പിറ്റേന്ന് രണ്ടാം ശനിയാഴ്ചയായതിനാൽ വെള്ളിയാഴ്ചത്തെ വരവിന്റെ ഉദ്ദേശ്യം പണിക്കർക്ക് അപ്പോഴാണ് മനസ്സിലായത്. ദിലീപ് പറഞ്ഞാൽ വിടാമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് മറ്റു നിർമാതാക്കൾ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. അഭിഭാഷകരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ മറുപടി. അന്ന് മലയാള സിനിമാലോകം കാലു പിടിച്ച് അപേക്ഷിച്ചിട്ടും ദിലീപ് വഴങ്ങിയില്ല.

തുടർന്ന് രാത്രി ഒരു മണിയോടെ ദിനേശ് പണിക്കരെ പറവൂരിൽ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി. അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം തളർന്നു വീണിരുന്നു. മജിസ്ട്രേട്ട് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു. നിർമാതാവിനെ ജയിലിലാക്കിയ ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ടു വർഷത്തേക്കു വിലക്കി. ‘അമ്മ’യ്ക്കു വേണ്ടി അനുരഞ്ജന നീക്കവുമായി ഇന്നസന്റ് രംഗത്തിറങ്ങി. താനൊരു ഈശ്വര വിശ്വാസിയാണെന്നും ദിനേശ് പണിക്കരെ അറസ്റ്റ് ചെയ്യിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള നിരപരാധിയുടെ റോളാണ് ചർച്ചയിൽ ദിലീപ് സ്വീകരിച്ചതത്രേ. ഒടുവിൽ പരാതി പിൻവലിക്കാൻ ദിലീപ് തീരുമാനിക്കുകയും വിലക്ക് പിൻവലിക്കാൻ അസോസിയേഷൻ തയാറാവുകയുമായിരുന്നു.

ദിലീപ് ക്രൂരനായ തമാശക്കാരനാണെന്നാണ് അന്ന് എനിക്കു തോന്നിയത്. പ്രേംനസീറിനെ നായകനാക്കി മൂന്നു ചിത്രങ്ങൾ ഞാൻ ചെയ്തു. ഏതെങ്കിലും സിനിമ നഷ്ടത്തിലായാൽ ആദ്യം വിളിക്കുന്നത് പ്രേംനസീർ തന്നെയാണ്. വാക്കുകൾകൊണ്ടു വെറുതെ ആശ്വസിപ്പിക്കുകയല്ല. ആ നിർമാതാവിനെയും സംവിധായകനെയും സഹായിക്കാൻ വീണ്ടും തന്റെ ഡേറ്റ് നൽകും. കടം വീട്ടാൻ തന്നാലാവുന്നതു ചെയ്യും. മലയാള സിനിമ എങ്ങനെ മാറി എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ.

‘‘മലയാള സിനിമയിലെ പല പ്രവണതകളുടെയും തുടക്കം ഈ നായകനിൽ നിന്നാണ് ’’

ദീപസ്തംഭം മഹാശ്ചര്യം

∙ രാജസേനൻ, സംവിധായകൻ

മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം തുടങ്ങിയവർ കഥ കേട്ട് ഡേറ്റ് നൽകുകയും കൃത്യമായി അഭിനയിക്കാൻ എത്തുകയും ചെയ്തിരുന്ന നല്ല സംസ്കാരമാണ് ഇവിടെയുണ്ടായിരുന്നത്. അതു മാറ്റി നടീനടന്മാർ മുതൽ ലൈറ്റ് ബോയ് വരെയുള്ളവരെ നായകൻ തീരുമാനിക്കുന്ന സംസ്കാരത്തിന് തുടക്കം കുറിച്ചവരിലൊരാൾ ദിലീപ് ആണ്.

ദിലീപിനെ നായകനാക്കി രണ്ടു സിനിമ സംവിധാനം ചെയ്തിട്ടുണ്ട് ഞാൻ. ഏതാനും വർഷം മുൻപ് ഐതിഹ്യമാലയെ ആധാരമാക്കി സിനിമ ചെയ്യാൻ ബെംഗളൂരുവിലുള്ള നിർമാതാവ് മുന്നോട്ടു വന്നപ്പോൾ ദിലീപ് ഡേറ്റ് നൽകി. 10 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. തിരക്കഥാകൃത്തായി ജെ.പള്ളാശേരിയെ വയ്ക്കാൻ തീരുമാനിച്ചപ്പോൾ വേണ്ട, ഇരട്ടയെഴുത്തുകാർ മതിയെന്നു ദിലീപ് നിർദേശിച്ചു. ഇതനുസരിച്ച് ദിലീപിനും തിരക്കഥാകൃത്തുക്കൾക്കും അഡ്വാൻസ് നൽകി.

തുടർന്ന് ഓരോ തവണയും ഇക്കാര്യം ഓർമിപ്പിക്കുമ്പോൾ ഇരു കൂട്ടരും ഒഴിഞ്ഞു മാറി. എന്നെ ഒഴിവാക്കാനാണ് നീട്ടിക്കൊണ്ടു പോകലെന്നു വൈകാതെ മനസ്സിലായി. ബെംഗളൂരുവിൽ പോയി ദിലീപ് നിർമാതാവിനെ കണ്ടതോടെ ഞാൻ‌ ചിത്രത്തിൽ നിന്നു പുറത്തായി. മലയാള സിനിമയിലെ പല വൃത്തികെട്ട പ്രവണതകളുടെയും തുടക്കം ദിലീപിൽ നിന്നാണ്.

‘‘ദിലീപിന്റെ അറസ്റ്റിനു മുൻപും അറസ്റ്റിനുശേഷവും എന്നു രണ്ടായി ഇനി മലയാള സിനിമയെ തിരിക്കാം’’

സൂത്രധാരൻ

∙ വിനയൻ, സംവിധായകൻ

‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനി’ൽ നായകനാകേണ്ടിയിരുന്നതു ദിലീപ് ആയിരുന്നു. പക്ഷേ, അഡ്വാൻസ് വാങ്ങിയശേഷം തിരക്കഥാകൃത്തിനെ മാറ്റണമെന്ന് വാശിപിടിച്ചതോടെ ദിലീപിനെ ഒഴിവാക്കേണ്ടി വന്നു. നടിയെ ഉപദ്രവിച്ച കേസിൽ ദിലീപിനെതിരെ ചാനൽ ചർച്ചകളിൽ ഞാൻ സംസാരിച്ചിരുന്നില്ല, അന്ന് ദിലീപ് വിളിച്ച് നന്ദി അറിയിച്ചിരുന്നു. ഒരിക്കൽ എന്നെ സിനിമയിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചയാളായിരുന്നിട്ടും നടിയെ ഉപദ്രവിച്ചതുപോലൊരു ക്രൂരകൃത്യം ചെയ്യിക്കില്ലെന്നു കരുതിയാണു ദിലീപിനെ വിശ്വസിച്ചത്. എന്നാൽ, അതു തെറ്റാണെന്നു ബോധ്യപ്പെടുന്നു. ആനപ്പകയുള്ളയാളാണു ദിലീപ്.

എന്നോടുള്ള വിരോധം കൊണ്ട് ഒരു അർധരാത്രിയിൽ ഫെഫ്ക രൂപീകരിച്ചതിനു നേതൃത്വം കൊടുത്തതു ദിലീപാണ്. പ്രമുഖ സംവിധായകർ ഉൾപ്പെടെയുള്ളവരെ മാക്ടയിൽനിന്നു രാജിവയ്പിച്ചതു രാത്രിക്കു രാത്രിയാണ്. എന്റെ രണ്ടു സിനിമകളുടെ സാറ്റലൈറ്റ് അവകാശം എടുക്കാമെന്നു സമ്മതിച്ചിരുന്നവർ പിൻമാറിയതും ദിലീപിന്റെ ഇടപെടൽ മൂലമാണ്. ദിലീപിന്റെ അറസ്റ്റിനു മുൻപും അറസ്റ്റിനുശേഷവും എന്നു രണ്ടായി ഇനി മലയാള സിനിമയെ തിരിക്കാം.

‘‘ദിലീപിന്റെ വീഴ്ച പുതിയ താരങ്ങൾക്ക് പാഠമാകണം. സൗഹൃദത്തിൽ പടുത്തുയർത്തിയ മലയാള സിനിമാലോകം പണത്തിനും ലഹരിമരുന്നിനും പിന്നാലെയാണ് ’’

മായപ്പൊന്മാൻ

∙ തുളസീദാസ്, സംവിധായകൻ

ദിലീപിനെ നായകനാക്കി ‘മായപ്പൊൻമാൻ’, ‘ദോസ്ത്’ എന്നീ സിനിമകൾ സംവിധാനം ചെയ്ത ഞാൻ, ‘കുട്ടനാട് എക്സ്പ്രസ്’ എന്ന സിനിമയ്ക്കായാണു വീണ്ടും സമീപിച്ചത്. ആദ്യം ലിബർട്ടി ബഷീർ നിർമിക്കാമെന്ന് ഏറ്റ ചിത്രമായിരുന്നു ഇത്. ബഷീറിനെ വേണ്ടെന്നു വച്ച ദിലീപ് പിന്നീടു പല നിർമാതാക്കളുടെയും പേരുകൾ പറഞ്ഞെങ്കിലും ഒടുവിൽ മുംബൈ നിർമാതാവ് മതിയെന്നു തീരുമാനിച്ചു. ഇതിനായി ഞാനും മുംബൈയിൽ പോയി. റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടു പണം അത്യാവശ്യമാണെന്നു പറഞ്ഞപ്പോൾ 40 ലക്ഷം രൂപ ഞാൻ ദിലീപിനു നിർമാതാവിൽനിന്നു വാങ്ങിക്കൊടുത്തു. പ്രതിഫലത്തിൽ കുറവു ചെയ്യാമെന്ന ധാരണയിലായിരുന്നു ഇത്.

സിനിമയിൽ നായികയായി നിശ്ചയിച്ച ആളെ ദിലീപ് ആദ്യം തന്നെ മാറ്റി. ക്യാമറാമാനെയും സംഗീതസംവിധായകനെയും മാറ്റണമെന്നായി പിന്നെ. ദിലീപിന്റെ ഇഷ്ടപ്രകാരം മാത്രം കാര്യങ്ങൾ തീരുമാനിക്കാൻ കഴിയില്ലെന്നു ഞാൻ പറഞ്ഞതോടെ ദിലീപിന് എന്നോടു വിരോധമായി. ഇതിനിടയിൽ ദിലീപ് രഹസ്യമായി മുംബൈയിൽ ചെന്നു നിർമാതാവിനെ കാണുകയും എന്നെ സിനിമയിൽ നിന്നു പുറത്താക്കുകയും ചെയ്തു. എന്നോട് ഒരു വാക്കു പോലും പറയാതെയായിരുന്നു ഇത്. സിനിമാ മാസികയിൽനിന്നാണു ഞാൻ കാര്യമറിഞ്ഞത്. ആറു മാസം പുറകെ നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. നിർമാതാവുമായി പണത്തിനു പകരം പടം ചെയ്യാമെന്നു ദിലീപ് ധാരണയിലെത്തി.

പല തവണ ഫോണിൽ വിളിച്ചെങ്കിലും ദിലീപ് ഫോണെടുക്കാൻ തയാറായില്ല. കാണാൻ കൊച്ചിയിലെ സെറ്റിലെത്തിയപ്പോൾ ദിലീപ് മുൻപിൽ കിടന്ന കസേരയിലേക്കു കാൽ കയറ്റി വച്ചു. നിന്നു കൊണ്ടാണു ഞാൻ സംസാരിച്ചത്. അതൊക്കെ വല്ലാതെ വിഷമിപ്പിച്ചു. താരത്തിനെതിരെ വിവിധ സംഘടനകളിൽ പരാതി നൽകിയതോടെ എനിക്കുണ്ടായ അപമാനം ഇരട്ടിച്ചു. ദിലീപിന്റെ ഇടപെടൽ കാരണം പല താരങ്ങളും സഹകരിക്കാതെയായി. ആ സമയത്തു ചെയ്യാനിരുന്ന രണ്ടു സിനിമകളുടെ നിർമാതാക്കൾ പിൻമാറുകയും ചെയ്തു.

ദിലീപിന്റെ ആളുകൾ വീട്ടിൽ വിളിച്ച് എന്നെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തി. സൂപ്പർതാരത്തോടു കഥ പറയാൻ ചെന്നപ്പോൾ എനിക്കെതിരെയും പരാതി നൽകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. പലരും സെറ്റുകളിൽ എത്തിയാൽ കാണാൻ പോലും കൂട്ടാക്കിയില്ല. ഏറ്റവും സങ്കടം തോന്നിയതു ഞാൻ നായികയാക്കി കൊണ്ടുവന്ന പെൺകുട്ടി താരത്തെ പേടിച്ചു സ്വന്തം വിവാഹത്തിന് എന്നെ ഒഴിവാക്കിയതാണ്.

മുംബൈ ടാക്കീസ് (ചോര മണക്കുന്നത്)

‘‘പെയ്യുന്ന മഴയ്ക്കും തഴുകുന്ന കാറ്റിനും രക്തത്തിന്റെ മണമുള്ള ബോംബെ... ഗണ്ണുകൾ കഥ പറയുന്ന ഗലികൾ...’’ ഈയിടെ പുറത്തിറങ്ങിയ ഒരു മലയാള സിനിമയിലെ ഡയലോഗാണിത്. ബോളിവുഡും മുംബൈ അധോലോകവും തമ്മിലുള്ള ബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അക്ഷരാർഥത്തിൽ ചോരമണക്കുന്ന കൂട്ടുകെട്ടാണിത്; ഭീകരവാദം മുതൽ ലഹരി – ആയുധമാഫിയ വരെ ബന്ധപ്പെട്ടു കിടക്കുന്നത്.

∙ മമ്ത കുൽക്കർണി

പഴയ ഇൗ ഗ്ലാമർ നായിക കഴിഞ്ഞ വർഷം 2000 കോടി രൂപയുടെ ലഹരിമരുന്നു കേസിൽ ഉൾപ്പെട്ടതോടെ ബോളിവുഡിലെ കള്ളപ്പണ ഇടപാടുകാർ മൂക്കത്തു വിരൽവച്ചു. ജീവിതപങ്കാളിയായ വിക്കി ഗോസാമിയുമായി ചേർന്നു ലഹരിമരുന്ന് ഉണ്ടാക്കാനാവശ്യമായ മരുന്നുകൾ ഇന്ത്യയിൽ നിന്നു കടത്തി രാജ്യാന്തര ലഹരിമരുന്നു റാക്കറ്റിന് എത്തിക്കുന്ന നിർണായക കണ്ണിയാണു മമ്‌ത കുൽക്കർണിയെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ. 1999ൽ ഇറങ്ങിയ മലയാള ചിത്രമായ ‘ചന്ദാമാമ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നായികയായിരുന്നു ഇവർ. കെനിയയിലാണു മമ്തയും പങ്കാളിയുമിപ്പോൾ എന്നാണു സൂചന.

∙ മന്ദാകിനി

മന്ദാകിനിയും ദാവൂദ് ഇബ്രാഹിമും ചേർന്നുള്ള ഫോട്ടോകൾ പുറത്തുവന്നതോടെയാണ് ഇവർ വാർത്തകളിൽ നിറഞ്ഞത്. 1993ലെ മുംബൈ സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ദാവൂദ് രാജ്യം വിട്ടതോടെ മന്ദാകിനിയുടെ ശോഭ മങ്ങി. വെള്ളിവെളിച്ചത്തിൽനിന്ന് അവർ മറഞ്ഞു.

∙ മോനിക്ക ബേദി

1993 മുംബൈ സ്ഫോടന പരമ്പരക്കേസിൽ മുഖ്യപ്രതികളിലൊരാളായ അബു സലേം 2002ൽ പോർച്ചുഗലിൽ അറസ്റ്റിലാകുമ്പോൾ ഒപ്പമുണ്ടായിരുന്നു മോനിക്കയും. മുംബൈ സ്ഫോടനക്കേസിൽ കുറ്റക്കാരനായ അബു സലേം ശിക്ഷാവിധി കാത്തുകഴിയുകയാണ്.

∙ സഞ്ജയ് ദത്ത്

1993ലെ മുംബൈ സ്ഫോടന പരമ്പരയ്ക്കായി ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ എന്നിവരുൾപ്പെടെയുള്ള ആസൂത്രകർ എത്തിച്ച ആയുധങ്ങളിൽ ഒരു ഭാഗം സഞ്ജയ് ദത്താണ് സൂക്ഷിച്ചതെന്ന കേസിൽ അഞ്ചു വർഷത്തെ ശിക്ഷ പൂർത്തിയാക്കി കഴിഞ്ഞ വർഷമാണ് ദത്ത് പുറത്തിറങ്ങിയത്.

∙ സൽമാൻ ഖാൻ

മാൻവേട്ട മുതൽ മദ്യപിച്ചു വാഹനമോടിച്ചതു വരെയുള്ള കേസുകളിൽ പെട്ടിട്ടുണ്ട്. മാൻവേട്ട കേസുകളിൽ ചുരുങ്ങിയ ദിവസങ്ങൾ ജയിലിൽ കഴിഞ്ഞിരുന്നു. ഒരാളുടെ മരണത്തിനും നാലു പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയതാണ് 2002ലെ വാഹനാപകടക്കേസ്.

അവതാരം

പല ഭാവാവതാരങ്ങളായി താരം മാറുമെന്ന് അടുത്തിടപഴകിയിട്ടുള്ളവർ പറയുന്നു. പ്രമുഖ സ്ഥാപനത്തിന്റെ പരസ്യത്തിൽ മുൻ ഭാര്യ ഉണ്ടെന്നു കേട്ടതോടെ സ്ഥാപന ഉടമയെ വിളിച്ച് അവരെ ഒഴിവാക്കണമെന്നു പലതവണ ആവശ്യപ്പെട്ടു. എന്നാൽ, ഉടമ വഴങ്ങിയില്ല. പിന്നീട് വിളിച്ച താരത്തിന്റെ സംസാരശൈലി കേട്ട് ഉടമ അന്തം വിട്ടു. മോശമായ വാക്കുകളും ഭീഷണിയുടെ സ്വരമുള്ള സംസാരവും. സംസാരിക്കുന്നതു കുടുംബ സുഹൃത്തായ താരമല്ലേ എന്നുപോലും അദ്ദേഹം സംശയിച്ചു. വിചാരിച്ചതു നടക്കാതിരുന്നാൽ എടുത്തണിയുന്ന മറ്റൊരു ഭാവമായിരുന്നു അന്നു കണ്ടത്.

നാളെ: മാഫിയ രചിക്കുന്ന ‘തിരക്കഥ’