Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ.എസ്. മാധവൻ എഴുതുന്നു: 1942 ക്വിറ്റ് ഇന്ത്യ

Quit India movement

ക്വിറ്റ് ഇന്ത്യ സമരത്തിനു ഗാന്ധിജി ആഹ്വാനം ചെയ്തപ്പോഴാണ് ആദ്യമായി രാഷ്ട്രീയ മുദ്രാവാക്യങ്ങളിലേക്ക് ഇന്ത്യ എന്ന ശബ്ദം കയറിവരുന്നത്. അതിനുമുൻപ് നിസ്സഹകരണപ്രസ്ഥാനത്തിന്റെ കാലത്തു വ്യക്തിപരമായി സത്യഗ്രഹം ചെയ്യുകയും അതിൽ അറസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ യാത്ര ചെയ്ത് ‘ഡെൽഹി ചലോ’ എന്ന ആഹ്വാനം മുഴക്കുകയുമായിരുന്നു ഗാന്ധിജി ചെയ്തിരുന്നത്. രാഷ്ട്രീയാധികാരത്തിൽ നിന്നു രാഷ്ട്രസങ്കൽപത്തെയും ഇന്ത്യയുടെ ദേശീയതയെയും കുറിച്ച് ഇന്ത്യക്കാർ ചിന്തിക്കുമ്പോഴാണു ക്വിറ്റ് ഇന്ത്യ സമരം നടക്കുന്നത്. 

ബഹുസ്വരമായ വൈവിധ്യം കലർന്ന ഒറ്റ രാജ്യമായിട്ടാണ് ഇന്ത്യയെ കോൺഗ്രസുകാർ കണ്ടത്. നാനാത്വത്തിൽ ഏകത്വം. ദേശീയതയുടെ ആ സങ്കൽപത്തിനു വലിയ ജനപിന്തുണ ഉണ്ടായിരുന്നു.  

കോൺഗ്രസിന്റെ ദേശീയതയ്ക്കു വിരുദ്ധമായിരുന്നു ഹിന്ദു ദേശീയത. ക്വിറ്റ് ഇന്ത്യ സമരത്തിൽ നിന്ന് ആർഎസ്എസ് വിട്ടുനിന്നെങ്കിലും വ്യക്തിപരമായി പങ്കെടുക്കുന്നതിൽ നിന്ന് അംഗങ്ങളെ വിലക്കിയില്ല. വലിയ ജനപിന്തുണയുണ്ടായിരുന്ന ആ സമരത്തിൽനിന്ന് മാറിനിന്നതിനാലും ഗാന്ധിജിയുടെ വധവും കാരണം അവർ ഇന്ത്യയിൽ വേരോടാൻ പിന്നെയും അഞ്ചു ദശകങ്ങൾ പിടിച്ചു. 

കോൺഗ്രസിന്റെ ദേശീയത അധികാരം കയ്യാളാനുള്ള തന്ത്രമാണെന്നും ഹിന്ദുമതത്തിലെ ചാതുർവർണ്യത്തെ കോൺഗ്രസ് രൂക്ഷമായി എതിർക്കാതിരിക്കുന്ന കാലം വരെ ദലിതന്റെ കഞ്ഞി കുമ്പിളിൽ തന്നെ എന്നുമായിരുന്നു അംബേദ്‌കറുടെ നിലപാട്. ഗാന്ധിജിയുടെ അയിത്തോച്ചാടനം തുടങ്ങിയ ഹരിജനക്ഷേമ നിലപാടുകൾ തൊലിപ്പുറത്തുള്ളതാണെന്നും ദലിതരെ ഹിന്ദുമതത്തിൽനിന്ന് അകറ്റാതിരിക്കാനാണെന്നും അവർ കരുതി. എന്നാൽ രാഷ്ട്രീയാധികാരം അംബേദ്കർവാദികൾക്ക് അൽപമെങ്കിലും പ്രാപ്യമാകുന്നതിനുള്ള സാധ്യത തുറന്നിട്ടത് 1970കൾക്കു ശേഷം കാൻഷിറാമിന്റെ കാലത്താണ്. 

ഹൈന്ദവവാദികൾക്കും അംബേദ്‌കർവാദികൾക്കും ഇന്ത്യയുടെ ദേശീയതയുടെ സ്വഭാവം ആയിരുന്നു പ്രശ്നമെങ്കിൽ അന്നു പ്രബലമായിക്കൊണ്ടിരുന്ന കമ്യൂണിസ്റ്റുകാർക്ക് അന്തർദേശീയതയായിരുന്നു കുരുക്ക്. കമ്യുണിസ്റ്റ് സിദ്ധാന്തങ്ങളുടെ ഒരു നെടുംതൂൺ അന്തർദേശീയതയാണ്.  

ഇന്ത്യയിലെ കമ്യുണിസ്റ്റ് പാർട്ടിക്ക് ലെനിനെയോ മാവോയെയോ പോലെ ഒരു നേതാവില്ലായിരുന്നതിനാൽ അവർ ആശയപരമായ നിലപാടുകൾക്ക് അക്കാലത്തു സോവിയറ്റ് യൂണിയനെയാണ് ആശ്രയിച്ചത്. റഷ്യ ഹിറ്റ്‌ലർക്ക് എതിരായി, ബ്രിട്ടന്റെ ചേരിയിൽ എത്തിയപ്പോൾ ഇന്ത്യയിലെ ബ്രിട്ടിഷ്‌വിരുദ്ധസമരത്തിന് അവർ എതിരായി. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടനെതിരായ നിലപാട് അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതിന്റെ താത്വികസൂക്ഷ്മാംശങ്ങൾ ജനങ്ങളുടെ ഇടയിൽ എത്തിക്കുന്നതിൽ അവർ പരാജയപ്പെടുകയും ചെയ്തു. അധികകാലം കഴിയും മുൻപേ കമ്യൂണിസ്റ്റ് അന്തർദേശീയതയും പോയി. ഇപ്പോൾ ഇന്ത്യയുടെ ഹൃദയഭൂമിയിൽ യാതൊരു സ്വാധീനവും ഇല്ലാത്ത പാർട്ടിയായി പല പാർട്ടികളായി പിരിഞ്ഞ കമ്യൂണിസ്റ്റുകാർ ചുരുങ്ങി. 

യുദ്ധത്തിന്റെ നടുവിൽ ആയിരുന്നെങ്കിലും ഇന്ത്യ വിടാനുള്ള ഗാന്ധിജിയുടെ ആഹ്വാനം നടന്നു മണിക്കൂറുകൾക്കകം കോൺഗ്രസിലെ വലിയ നേതാക്കളെ സർക്കാർ തുറുങ്കിലടച്ചു. ഗാന്ധിജിയെ യെമനിലേക്കോ ദക്ഷിണാഫ്രിക്കയിലേക്കോ നാടുകടത്തുക എന്ന പദ്ധതി ബ്രിട്ടിഷുകാർ നടപ്പാക്കാതിരുന്നതു ജനരോഷം പേടിച്ചാണ്. 1943 ആയപ്പോഴേക്കും സമരാവേശം തണുക്കാൻ തുടങ്ങി. അമേരിക്കയുടെ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് ഒഴികെ ലോകരാഷ്ട്രത്തലവന്മാരിൽ ആരുംതന്നെ ഇന്ത്യയുടെ ഭാഗം പറഞ്ഞില്ല. എന്നിരുന്നാലും പിൽക്കാലത്തെ ഇന്ത്യയുടെ രാഷ്ട്രീയത്തെ നിർവചിച്ച പല മൂലകങ്ങളും വൈരുധ്യങ്ങളും ക്വിറ്റ് ഇന്ത്യ സമരം തുറന്നുകാട്ടി.

പോരാടുക അല്ലെങ്കിൽ മരിക്കുക

ക്വിറ്റ് ഇന്ത്യ എന്ന പേരുപോലെ ശ്രദ്ധേയമായിരുന്നു അതിലെ ‘പോരാടുക, അല്ലെങ്കിൽ മരണം വരിക്കുക’ (Do or Die) എന്ന ആശയവും. ക്വിറ്റ് ഇന്ത്യ പ്രഖ്യാപന സമ്മേളനത്തിൽ ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെ: ‘ഞാൻ നിങ്ങൾക്കൊരു മന്ത്രം തരാം. അത് ‘പോരാടുക, അല്ലെങ്കിൽ മരണം വരിക്കുക’ എന്നാണ്. ഒന്നുകിൽ നാം ഭാരതത്തെ സ്വതന്ത്രയാക്കും. അല്ലെങ്കിൽ ആ പോരാട്ടത്തിൽ ജീവൻ വെടിയും’. 

related stories