Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറപ്പിച്ച കീഴരിയൂർ ബോംബ് കേസ്

Quit India Movement ഡോ. കെ.ബി. മേനോൻ, കുറുമയിൽ നാരായണൻ

ക്വിറ്റ് ഇന്ത്യ സമരത്തിൽ, കേരളത്തിലെ ഏറ്റവും സ്‌തോഭജനകമായ പ്രക്ഷോഭമാണു കീഴരിയൂർ ബോംബ് കേസ്. 1942 നവംബർ 17നായിരുന്നു ബ്രിട്ടിഷ് സർക്കാരിനെ വിറപ്പിച്ച സ്ഫോടനങ്ങൾ. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കു സമീപം കീഴരിയൂരിലെ കൂന്തങ്കല്ലുള്ളതിൽ വീട്ടിലായിരുന്നു ബോംബ് നിർമാണം. 

ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് അമേരിക്കയിൽനിന്നു തിരിച്ചെത്തിയ സോഷ്യലിസ്റ്റ് ഡോ. കെ.ബി. മേനോൻ ആയിരുന്നു പ്രക്ഷോഭത്തിന്റെ ബുദ്ധികേന്ദ്രം. മേനോനും കൂട്ടുകാരും കോഴിക്കോട് ചാലപ്പുറത്തെ വേർക്കോട്ട് രാഘവൻ നായരുടെ വീട്ടിൽ ചേർന്ന രഹസ്യയോഗം ചേർന്ന് നവംബർ ഒൻപതിനു വിധ്വംസക ദിനമായി പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ആളപായമില്ലാതെ ബോംബു പൊട്ടിച്ച് ബ്രിട്ടിഷുകാരെ ഞെട്ടിക്കാനായിരുന്നു പദ്ധതി. കീഴരീയൂർ ഗ്രാമത്തെ ബോംബു നിർമാണത്തിനു പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തു. നവംബർ ഒൻപതിന് ബോംബു നിർമാണം പൂർത്തീകരിക്കാത്തതിനാൽ സ്ഫോടനം 17ലേക്കു മാറ്റി.

എല്ലായിടത്തും ബോംബു പൊട്ടിക്കാനുള്ള പദ്ധതി പരാജയപ്പെട്ടെങ്കിലും പാട്യം വില്ലേജ് ഓഫിസ്, കീഴ്ത്തള്ളി വില്ലേജ് ഓഫിസ്, കോഴിക്കോട്ട് മദ്രാസ് ഗവർണർ പ്രസംഗിക്കുന്ന പന്തൽ, കല്ലായി റെയിൽവേ സ്റ്റേഷൻ, കല്ലായി ‍ടിംബർ കേന്ദ്രം, മലാപ്പറമ്പ് ഗോൾഫ് ക്ലബ്, തലശ്ശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളജ് ലാബ്, മുക്കാളി മത്സ്യം ഉണക്കു കേന്ദ്രം, പള്ളിക്കുന്ന് പോസ്റ്റ് ഓഫിസ്, കണ്ണൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഒരേസമയം ബോംബ് സ്ഫോടനമുണ്ടായി. അതോടെ പൊലീസ് ഇളകി. 27 പേർ അറസ്റ്റിലായി.

കെ.ബി. മേനോനു പുറമെ സി.പി. ശങ്കരൻ നായർ, വി.എ. കേശവൻ, ഡി. ജയദേവ റാവു, ഒ. രാഘവൻ നായർ, കാര്യാൽ അച്യുതൻ, ഇ. വാസുദേവൻ, എൻ.പി. അബു, കെ. നാരായണൻ നായർ, കുറുമയിൽ കേളുക്കുട്ടി, ടി. പാച്ചർ, കുറുമയിൽ നാരായണൻ, കെ. കുഞ്ഞിരാമൻ, കെ.വി. ചാമു, വി. പ്രഭാകരൻ, കെ. മുഹമ്മദ് നഹ, പി. മമ്മൂട്ടി, പി. അബ്ദുല്ലക്കോയ തങ്ങൾ, എസ്.എൻ. വള്ളിൽ, വി.കെ. അച്യുതൻ വൈദ്യർ, കെ. ഗോപാലൻ, സി. ദാമോദരൻ, കെ.ടി. അലവി, സി. ചോയുണ്ണി എന്നിവരായിരുന്നു പ്രതികൾ. 12 പേർക്ക് ഏഴു കൊല്ലം തടവും ഒരാൾക്കു 10 കൊല്ലം കഠിന തടവുമായിരുന്നു ശിക്ഷ. 

സംഭവം നടക്കുമ്പോൾ 22 വയസ്സു മാത്രമുണ്ടായിരുന്ന കുറുമയിൽ നാരായണൻ കഴിഞ്ഞവർഷമാണു മരിച്ചത്.

കേരളത്തിൽ 1000 അറസ്റ്റ്

കീഴരിയൂരിനു പുറമേ കേരളത്തിൽ പലയിടത്തും ക്വിറ്റ് ഇന്ത്യ അലയടിച്ചു. ആയിരത്തോളം പേർ അറസ്റ്റിലായി.  ഓഗസ്റ്റ് 14– ന് കൊച്ചിയിൽ നിരോധനം ലംഘിച്ച് ആയിരങ്ങളുടെ സമ്മേളനം നടന്നു.  പിറ്റേന്ന് പ്രകടനത്തിനും ക്രൂരമായ ലാത്തിചാർജിനും വേദിയായത് തൃശൂരായിരുന്നു. 

മലബാറിൽ കീഴരിയൂരിനു പുറമേ ചേമഞ്ചേരി റെയിൽ‌വേ സ്റ്റേഷനു തീയിട്ടു. ചേമഞ്ചേരി റജിസ്ട്രാർ ഓഫിസ്, തിരുവങ്ങൂർ റെയിൽവേ സ്റ്റേഷൻ, നടുവണ്ണൂർ സബ് റജിസ്ട്രാർ ഓഫിസ് എന്നിവിടങ്ങളിൽ ആക്രമണം നടത്തി.

related stories