അമേരിക്കൻ നല്ലപാഠം: പ്രകൃതി ദുരന്തങ്ങൾ– നമ്മളുമെടുക്കണം മുൻകരുതൽ

യുഎസിലെ ഫ്ലോറിഡയിൽ ഇർമ ചുഴലിക്കാറ്റില്‍ നശിച്ച ഹൈവേയ്ക്കരികിൽ തകർന്നുകിടക്കുന്ന വാഹനം.

‘ഹാർവി’ക്ക് ശേഷം ‘ഇർമ’. ഉഗ്രരൂപികളായ രണ്ടു കൊടുങ്കാറ്റുകൾ അടുത്തടുത്ത കാലത്താണ് അമേരിക്കയിൽ ആഞ്ഞുവീശിയത്. അർഥനാശം ഏറെയുണ്ടായെങ്കിലും ആൾനാശത്തിന്റെ കാര്യങ്ങൾ അധികം കേട്ടില്ല. ഇതേ തീവ്രതയുള്ള കാറ്റുകൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലാണ് ഉണ്ടായതെങ്കിൽ ആയിരമോ പതിനായിരമോ മരണങ്ങൾ സംഭവിച്ചേനെ! കൊടുങ്കാറ്റുകൾക്കും മറ്റു പ്രകൃതിദുരന്തങ്ങൾക്കും എതിരെ അമേരിക്ക എങ്ങനെയാണു കരുതിയിരിക്കുന്നത്? അവിടെ നിന്ന് എന്തൊക്കെ പാഠങ്ങളാണു നമുക്കു പഠിക്കാനുള്ളത്?

പ്രകൃതിദുരന്തങ്ങളല്ല, പ്രകൃതിപ്രതിഭാസങ്ങൾ

പ്രകൃതിദുരന്തം എന്നൊന്നില്ലെന്നും, ഉള്ളതു കൊടുങ്കാറ്റും ഭൂമികുലുക്കവും അഗ്നിപർവതവും പോലുള്ള പ്രകൃതി പ്രതിഭാസങ്ങളാണെന്നുമാണു ദുരന്ത ലഘൂകരണ രംഗത്തെ പുതിയ തത്വശാസ്ത്രം. മനുഷ്യൻ ഉണ്ടാകുന്നതിനും മുൻപേ ഈ വക പ്രതിഭാസങ്ങൾ ഉണ്ട്. അതു ദുരന്തമാകുന്നത് അറിഞ്ഞോ അറിയാതെയോ മനുഷ്യൻ അതിന്റെ പാതയിൽ അതിക്രമിച്ചുകയറി ജീവിക്കുകയോ, കരുത്തില്ലാത്ത കെട്ടിടങ്ങളും മറ്റും കെട്ടിപ്പൊക്കുകയോ ചെയ്യുമ്പോഴാണ്.

നമുക്കു പഠിക്കാം, നാലു പാഠങ്ങൾ

നാലു പാഠങ്ങളാണ് അമേരിക്കയിൽ നിന്നു നാം പ്രധാനമായി പഠിക്കേണ്ടത്. 

തയാറെടുപ്പും മുന്നറിയിപ്പും: ഒന്നാമത്, പ്രകൃതി പ്രതിഭാസങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ്, തയാറെടുപ്പിനും മുന്നറിയിപ്പിനുമായി എങ്ങനെ വിനിയോഗിക്കണം എന്നതാണ്. ഓരോ വർഷവും ജൂൺ മുതൽ നവംബർ വരെയുള്ള കാലം ‘കരീബിയൻ ഹരികെയ്ൻ’ സീസൺ ആയിട്ടാണ് ഇപ്പോൾ അറിയപ്പെടുന്നത്. വലുതും ചെറുതുമായ രണ്ടു ഡസനോളം കാറ്റുകൾ രൂപപ്പെട്ട്, അത് ആഴക്കടലിൽ ഒരു പൊട്ടായി രൂപപ്പെടുമ്പോൾ മുതൽ ഉപഗ്രഹങ്ങൾ അവയെ നോട്ടമിടുന്നു. ഉപഗ്രഹചിത്രവും കാലാകാലമായി വികസിപ്പിച്ചെടുത്ത കാലാവസ്ഥാ മാതൃകയും ഉപയോഗിച്ച് അതിന്റെ ഗതി, തീവ്രത എല്ലാം ശാസ്ത്രജ്ഞന്മാർ വേഗത്തിൽ മനസ്സിലാക്കുന്നു. ഈ വിവരങ്ങൾ അമേരിക്കയിലെ കേന്ദ്ര– സംസ്ഥാന സർക്കാരുകളെ മാത്രമല്ല, കാറ്റു വരുന്ന പാതയിലുള്ള എല്ലാ രാജ്യങ്ങളെയും അറിയിക്കുന്നു. 

നേരിടാനുള്ള സംവിധാനങ്ങൾ: രണ്ടാമത്തേത്, കൊടുങ്കാറ്റുൾപ്പെടെ ഏതു ദുരന്തവും നേരിടാനുള്ള സംവിധാനങ്ങളാണ്. ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിക്കാണ് അമേരിക്കയിലെ വലിയ ദുരന്തങ്ങൾ നേരിടാനുള്ള ഉത്തരവാദിത്തം. വ്യാപകമായ അധികാരങ്ങളും മറ്റു സംവിധാനങ്ങളും അവർക്കുണ്ട്. വൊളന്റിയർമാർ തൊട്ട് സൈന്യത്തിന്റെ വരെ സേവനവും ലഭ്യമാണ്. ലഭ്യമാകുന്ന വിവരങ്ങൾ അപ്പപ്പോൾ നഗരങ്ങളെയും സംസ്ഥാനങ്ങളെയും കേന്ദ്രത്തെയും അറിയിച്ച്, കാറ്റിനെ നേരിടാൻ ജനങ്ങളെയും ഔദ്യോഗിക സംവിധാനങ്ങളെയും സജ്ജരാക്കുക എന്നതാണ് ഇവരുടെ ദൗത്യം. 

ബോധവൽക്കരണം, പരിശീലനം: ദുരന്ത ലഘൂകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ണി ജനങ്ങളാണ്. കുട്ടികൾ ഉൾപ്പെടെ, അമേരിക്കയിൽ ഉള്ള ജനങ്ങൾ അവിടെ ഉണ്ടാകാൻ ഇടയുള്ള ദുരന്തങ്ങളെപ്പറ്റി ബോധവാന്മാരാണ്. ദുരന്തം വരുമ്പോൾ എന്തു ചെയ്യണം എന്നു പരിശീലനം നേടിയിട്ടും ഉണ്ട്. ദുരന്തങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പു വന്നാലുടൻ അവർ ഔദ്യോഗിക നിർദേശങ്ങൾ അനുസരിക്കുന്നു. വീടൊഴിയാനാണു നിർദേശമെങ്കിൽ ബഹുഭൂരിപക്ഷവും അത് അനുസരിക്കുന്നു. ദശലക്ഷക്കണക്കിനാളുകൾ ഒരുമിച്ചു നഗരംവിട്ട് പോകുക എന്നതു നിസ്സാരകാര്യമല്ല. എന്നിട്ടും അവരതു വലിയ പ്രയാസമില്ലാതെ നടപ്പാക്കുന്നത് മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതു കൊണ്ടും സർക്കാരും ജനങ്ങളും തമ്മിലുള്ള സഹകരണം കൊണ്ടും മാത്രമാണ്. 

ഇൻഷുറൻസ് സംവിധാനം: അമേരിക്കയിൽ കാര്യങ്ങൾ ഇത്ര നല്ല രീതിയിൽ നടക്കുന്നതിൽ അവിടത്തെ ഇൻഷുറൻസ് സംവിധാനത്തിനുള്ള സ്ഥാനം എടുത്തു പറയണം. ബഹുഭൂരിപക്ഷം ആളുകൾക്കും സ്ഥാപനങ്ങൾക്കും ഇൻഷുറൻസുണ്ട്. അതുകൊണ്ടുതന്നെ കടപൂട്ടിയും വീടടച്ചും സ്ഥലം വിടുന്നതിൽ അവർ രണ്ടാമതൊന്ന് ആലോചിക്കുന്നില്ല. ഇൻഷുറൻസ് ഇല്ലാത്തതും സർക്കാർ നഷ്ടപരിഹാരം തരും എന്ന് ഉറപ്പില്ലാത്തതും ആയ സ്ഥലങ്ങളിലാണു സ്വന്തം വസ്തുവകകൾ കാറ്റിൽനിന്നോ കള്ളന്മാരിൽ നിന്നോ സംരക്ഷിക്കാനായി ആളുകൾ സ്ഥലംവിടാതെ നിൽക്കുന്നത്.

തയാറെടുക്കണം, ദുരന്തങ്ങൾക്കെതിരെ

ഒരു കാറ്റോ ചൂടുകാലമോ കാലാവസ്ഥാവ്യതിയാനമാണെന്നു പറയാൻ മാത്രം കാലാവസ്ഥാ ശാസ്ത്രം വളർന്നിട്ടില്ല. എന്നാൽ, 2012ൽ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രസംഘം ദുരന്തങ്ങളെപ്പറ്റി നൽകിയ റിപ്പോർട്ടിൽ അസന്ദിഗ്ധമായി പറയുന്നത് ഇനിയുള്ള കാലം കാലാവസ്ഥാജന്യമായ ദുരന്തങ്ങൾ (മഴ, കാറ്റ്, ചൂട്, വരൾച്ച, കാട്ടുതീ, വെള്ളപ്പൊക്കം) കൂടും എന്നുതന്നെയാണ്. ഇപ്പോൾ തന്നെ ഐക്യരാഷ്ട്ര സംഘടന ഓരോ വർഷവും നേരിടുന്ന ദുരന്തങ്ങളിൽ മൂന്നിൽ രണ്ടും കാലാവസ്ഥാബന്ധിതമാണ്. 

ഈ ദുരന്തങ്ങൾ കാലാവസ്ഥാ വ്യതിയാനം കൊണ്ടാണെങ്കിലും അല്ലെങ്കിലും കാലാവസ്ഥാവ്യതിയാനം ദുരന്തങ്ങളുണ്ടാക്കുമെന്നും അതിനെതിരെ തയാറെടുക്കണമെന്നും ഓർക്കാനുള്ള അവസരമാണിത്. അതെ, ഇത് അമേരിക്കയ്ക്കും കേരളത്തിനും ഒരുപോലെ പാഠമാണ്.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് ലേഖകൻ)