Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ സൗഭാഗ്യം മലയാളത്തിനും

ഡിജിറ്റൽ യുഗത്തിലെ മലയാളത്തെ കൈപിടിച്ചുയർത്താൻ മലയാളഭാഷാസാങ്കേതികവിദ്യാനയം രൂപീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം വലിയ പ്രതീക്ഷ നൽകുന്നു. ഭാഷാസ്നേഹികളുടെയും സാങ്കേതിക വിദഗ്ധരുടെയും ഏറെ നാളത്തെ ആവശ്യം ഇതോടെ യാഥാർഥ്യമാവുകയാണ്. സ്മാർട് ഫോണുകളുടെ കാലത്ത് മറ്റു പ്രാദേശികഭാഷകളൊക്കെ ഡിജിറ്റലായി വളർന്നപ്പോഴും ലിപി ഏകീകരണം, സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ തുടങ്ങിയ സാങ്കേതികപ്രശ്നങ്ങൾ മൂലം മലയാളം തളർച്ച നേരിട്ടിരുന്നു. 

മലയാള മനോരമയും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും ചേർന്നു സംഘടിപ്പിച്ച ‘ഇ മലയാളം’ ആശയക്കൂട്ടത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ഭാഷാനയത്തെക്കുറിച്ചു നടത്തിയ പ്രഖ്യാപനം അതുകൊണ്ടുകൂടിയാണു കേരളം സന്തോഷത്തോടെ കേട്ടത്. ഇതിലുയർന്ന നിർദേശങ്ങൾ പരിഗണിച്ച് ഭാഷാസാങ്കേതികവിദ്യയ്ക്കു സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ററാക്ടീവ് കൺസോർഷ്യത്തിനു രൂപം കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 

ആദ്യ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന ബഹുമതിയുള്ളപ്പോഴും എല്ലാവരിലേക്കും അതിന്റെ ഗുണങ്ങളെത്തിക്കാൻ മലയാളത്തിന്റെ കംപ്യൂട്ടിങ് രീതികൾ വളർന്നേ തീരൂ. തമിഴ്, തെലുങ്ക് ഭാഷകൾ ഇക്കാര്യത്തിൽ നമ്മെക്കാൾ എത്രയോ മുന്നിലെത്തിക്കഴിഞ്ഞു.

മറ്റു ഭാഷകൾക്കില്ലാത്ത പ്രത്യേകതകളുള്ള മലയാളത്തിൽ സ്പെൽചെക്ക് പോലെയുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തുക എളുപ്പമല്ല. ഇതിൽ സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് പോലെയുള്ള സന്നദ്ധപ്രസ്ഥാനങ്ങളുടെ ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ എന്നിവ ഉപയോഗിക്കുന്നതിൽ ഇപ്പോഴും തർക്കങ്ങൾ തുടരുകയാണ്. മുഖ്യമന്ത്രി അധ്യക്ഷനായും ഐടി സെക്രട്ടറി കൺവീനറായും കൺസോർഷ്യം രൂപീകരിക്കുന്നതോടെ ഇത്തരം കാര്യങ്ങളിൽ അഭിപ്രായഐക്യം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഐടി വകുപ്പും മലയാളം സർവകലാശാലയും ചേർന്നു പ്രവർത്തിക്കാൻ തീരുമാനമായതും ശുഭസൂചന തന്നെ. 

സർക്കാർ വകുപ്പുകൾ നിർമിക്കുന്ന പല ഐടി സങ്കേതങ്ങളും അതതു വകുപ്പുകളിൽ ഒതുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ ഡിസംബറിൽ ഇത്തരം ഭാഷാസാങ്കേതികവിദ്യകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നതോടെ പുത്തൻ ചുവടുവയ്പ്പിനാകും സർക്കാർ തുടക്കം കുറിക്കുന്നത്. 

സർക്കാരും സർവകലാശാലകളും സോഫ്റ്റ്‍വെയറുകൾ നിർമിക്കുന്നതിനപ്പുറം അതിനാവശ്യമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ഇത്തരം ഉദ്യമങ്ങൾ ഒരു സംഘത്തിന്റെയോ സ്ഥാപനത്തിന്റെയോ മാത്രം സ്വത്തായി മാറുകയും ചെയ്യരുത്. ചെറുകിട പ്രസിദ്ധീകരണസ്ഥാപനങ്ങൾക്ക് യുണികോഡ് പിന്തുണയുള്ള പേജിനേഷൻ സോഫ്റ്റ്‍വെയറുകൾ സൗജന്യമായി ലഭ്യമാക്കണം. ഗസറ്റ്, സർക്കാർ വിജ്ഞാപനം എന്നിവ യുണികോഡിൽ പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവുണ്ടായിട്ടും പൂർണമായും നടപ്പിലാകാത്ത അവസ്ഥയും പരിഹരിക്കപ്പെടണം. സന്നദ്ധപ്രവർത്തകർക്കു ഗവേഷണത്തിനായി സാമ്പത്തിക പിന്തുണ നൽകാനും സർക്കാർ തയാറാകണം. 

മലയാളം സർവകലാശാല നിഘണ്ടുനിർമാണത്തിനായി ശേഖരിച്ച ഒരുലക്ഷത്തോളം പദങ്ങൾ ഡിജിറ്റൽ സഞ്ചിതപദനിധിയിലേക്കു ചേർക്കാനായി സ്വതന്ത്ര സോഫ്റ്റ്‍വെയർ ഗവേഷണ രംഗത്തെ സർക്കാർ സ്ഥാപനമായ ഐസിഫോസുമായി പങ്കുവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതും പുത്തൻ പ്രതീക്ഷയാണ്.കംപ്യൂട്ടിങ് സൗകര്യങ്ങൾ രൂപപ്പെടുത്താ‍ൻ സ്റ്റാർട്ടപ്പ് വില്ലേജിനു സമാനമായി ഭാഷാ ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കണമെന്ന നിർദേശവും ഐടി വകുപ്പ് സജീവമായി പരിഗണിക്കുമെന്നാണു സൂചന. 

സ്മാർട് ഫോണുകൾ പെരുകിയതോടെ ലളിതമായ ഭാഷാകംപ്യൂട്ടിങ് സങ്കേതങ്ങൾ മൊബൈൽ ഫോണുകളിൽ സാധാരണക്കാരനു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. യുണികോഡ് ഫോണ്ടുകളുടെ ഉപയോഗം വ്യാപകമാക്കാനായി യുണികോഡ് കൂട്ടായ്മയുടെ അംഗീകാരം തേടാനും സർക്കാർ തലത്തിൽ സംവിധാനമുണ്ടാകണം. ഭാഷാസ്നേഹികളും വിദഗ്ധരും സർക്കാരും ഒരേ മനസ്സോടെ മുന്നോട്ടുപോയാലേ മലയാളത്തിന്റെ ഡിജിറ്റൽ ഭാവി ശോഭനമാവൂ.