Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഷാപണ്ഡിതൻ പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു

panmana-ramachandran-nair പന്മന രാമചന്ദ്രൻ നായർ

തിരുവനന്തപുരം∙ മലയാള ഭാഷയു‌ടെ ശുദ്ധിയും തനിമയും കാത്തുസൂക്ഷിക്കാൻ ആത്മസമർപ്പണം നടത്തിയ ഭാഷാപണ്ഡിതനും തലമു‌റകളുടെ അധ്യാപകനും ഗ്രന്ഥകാരനുമായ പന്മന രാമചന്ദ്രൻ നായർ (86) അന്തരിച്ചു. വഴുതയ്ക്കാട് ഗാന്ധിനഗറിലെ വസതിയായ ‘കൈരളി’യിൽ ഇന്നലെ രാത്രി 8.40 നായിരുന്നു വിയോഗം. സംസ്കാരം ഇന്നു നാലിനു ശാന്തികവാടത്തിൽ.

1931 ഓഗസ്‌റ്റ് 13നു കൊല്ലം ജില്ലയിലെ പന്മനയിലാണു ജനനം. അച്‌ഛൻ: എൻ.കുഞ്ചുനായർ. എൻ.ലക്ഷ്‌മിക്കുട്ടിയമ്മയാണു മാതാവ്. സംസ്‌കൃതത്തിൽ ‘ശാസ്‌ത്രി’യും ഫിസിക്‌സിൽ ബിരുദവും നേടിയ ശേഷമാണു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ മലയാളത്തിൽ ബിരുദാനന്തരബിരുദം പഠിക്കാനെത്തുന്നത്. ഇവിടെ നിന്ന് ഒന്നാം റാങ്കോടെ ഡോ. ഗോദവർമ സ്‌മാരക പുരസ്കാരത്തിന് അദ്ദേഹം അർഹനായി.

കൊല്ലം ഫാത്തിമമാതാ കോളജിലാണ് അധ്യാപകനായി തുടക്കം. തുടർന്നു മലയാളം ലക്‌സിക്കൺ, പാലക്കാട്, ചിറ്റൂർ, തലശേരി, തിരുവനന്തപുരത്തെ വിവിധ കോളജുകൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. യൂണിവേഴ്‌സിറ്റി കോളജിൽ മലയാള വിഭാഗം അധ്യക്ഷനായിരിക്കെ 1987 ൽ വിരമിച്ചു. കേരള ഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ വിവിധ സമിതികളിലും കേരള സർവകലാശാല സെനറ്റിലും അംഗമായിരുന്നു.

തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം, തെറ്റും ശരിയും, നൈഷധവും നളചരിതം ആട്ടക്കഥയും, ആശ്‌ചര്യചൂഡാമണി (പരിഭാഷ), മഴവില്ല്, ഊഞ്ഞാൽ, പൂന്തേൻ, ദീപശിഖ കാളിദാസൻ, അപ്പൂപ്പനും കുട്ടികളും എന്നിവയാണു മുഖ്യകൃതികൾ. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി എ.ആർ.രാജരാജവർമയുടെ സമ്പൂർ‍ണകൃതികൾ എഡിറ്റ് ചെയ്യുന്ന ജോലിയിലായിരുന്നു അദ്ദേഹം.

ഭാര്യ: കെ.എൻ.ഗോമതിയമ്മ. മക്കൾ: ഹരീന്ദ്രകുമാർ (മുൻ എംഡി, ഫാമിങ് കോർപറേഷൻ), ഡോ.ഉഷാകുമാരി (റിട്ട.കോളജ് അധ്യാപിക), മഹേന്ദ്രകുമാർ (അമേരിക്ക). മരുമക്കൾ: ശ്രീലേഖ (സൂപ്രണ്ടിങ് എൻജിനീയർ, ജലവിഭവവകുപ്പ്), എം.രാജ്കുമാർ (മുൻ ഡയറക്ടർ, വിഎഫ്‌പിസികെ), ജയശ്രീ (അമേരിക്ക).