ഇത് ഞങ്ങളുടെ അവകാശപത്രിക; തരൂ, നല്ല ലോകം!

കെ. സായിറാം, മിനോൺ ജോൺ, ഗൗരവ് മേനോൻ, കിച്ച, അവതാരകൻ ഡോ. അരുൺകുമാർ, അനുജാത് സിന്ധു വിനയ്‌ലാൽ, ഹരിത ഹരീഷ്, താര മറിയം, നേവ ജോമി.

ശിശുദിനത്തിന്റെ ഭാഗമായി മലയാള മനോരമയിൽ ഒത്തുചേർന്ന കുട്ടികൾ ആവശ്യപ്പെടുന്നത്, കളിച്ചും ചിരിച്ചും ഇഷ്ടമുള്ളതു ചെയ്തും ജീവിക്കാൻ കഴിയുന്ന ലോകം!

കുട്ടികളുടെ കുട്ടായ്മയ്ക്കു കൂട്ടായി എത്തിയ അവതാരകനും പാലക്കാട് ഗവ. വിക്ടോറിയ കോളജ് പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമായ ഡോ. അരുൺകുമാർ ചർച്ചയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു:

‘‘സ്വപ്നങ്ങളുടെ മൂലധനമാണ് ഈ കുട്ടികളുടെ കരുത്ത്. അപാരമായ പരിവർത്തന ശേഷിയുള്ള ഒന്ന്. ബ്ലൂ വെയിലിനെക്കാൾ മികച്ച സർഗാത്മക വെല്ലുവിളികൾ നിങ്ങൾ ഞങ്ങൾക്കു തരൂ എന്ന് നമ്മളോട് ആവശ്യപ്പെടുന്നവർ. ഞങ്ങളിവിടുണ്ട് എന്ന് സുക്കർബർഗിന്റെ മുഖപുസ്തക സമൂഹത്തിനു മുന്നറിയിപ്പു നൽകുന്നവർ. ഞങ്ങളുടെ കളിനിലങ്ങൾക്കു മീതെ നിങ്ങൾ വികസനമാളിക പണിതില്ലേ എന്നു പരിഭവിക്കുന്നവർ. അഴിമതിയുടെ സർപ്പദംശമേറ്റ ഈ തലമുറയെക്കാൾ മെച്ചമാണു ഞങ്ങളുടേത് എന്ന് അഭിമാനിക്കുന്നവർ. ജീവിതം ടെംടേബിൾ കളങ്ങളിലെ പാമ്പും കോണിയും കളിയല്ലെന്നു തിരിച്ചറിവുള്ളവർ. കണ്ടുവളരാൻ മികച്ച മാതൃകകൾ ഞങ്ങൾക്കു തരൂ എന്ന് ആവശ്യപ്പെടുന്നവർ.

നാളെയുടെ നാവുകൾക്ക് എന്തു മൂർച്ച, നിനവുകൾക്ക് എത്ര തെളിച്ചം!’’

മൂർച്ചയുള്ള വാക്കുകളും തെളിച്ചമുള്ള കാഴ്ചകളുമായി കുട്ടികൾ അവരുടെ അജൻഡ മുന്നോട്ടു വയ്ക്കുന്നു.

ഇഷ്ടത്തിന് വിടൂ !

കിച്ച എന്ന നിഹാൽ രാജിനോട് ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് മോഡറേറ്റർ തുടങ്ങിയത്: ‘‘കിച്ചയ്ക്ക് ബഹിരാകാശത്തു പോകാൻ ഒരവസരം കിട്ടി. ഒരു സാധനം കൂടെ കൊണ്ടുപോകാം – വി‍ഡിയോ ഗെയിം കളിക്കാനുള്ള ടാബ്, പഠിക്കാനുള്ള പുസ്തകം, പാചകം ചെയ്യാനുള്ള പാത്രങ്ങൾ. ഇതിൽ ഏതു കൊണ്ടുപോകും?’’

രണ്ടാം ക്ലാസുകാരൻ കിച്ച ചാടിക്കയറി പറഞ്ഞു: ‘‘പാത്രങ്ങൾ!’’ ബഹിരാകാശത്തു പോകുന്നവർക്കു ഭക്ഷണം പാചകം ചെയ്യുന്ന ‘ആസ്ട്രോനട്ട് ഷെഫ്’ ആകാനാഗ്രഹിക്കുന്ന കുട്ടിപ്പാചകക്കാരന് ഒരു സംശയവുമില്ല!

ഗായിക ഹരിത ഹരീഷിനോടുള്ള ചോദ്യം ഇതായിരുന്നു: ‘‘മെഡിക്കൽ പിജിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്പെഷ്യൽറ്റിയിൽ അഡ്മിഷനുള്ള ഇന്റർവ്യൂ ദിവസം ബാഹുബലി പോലെ വലിയൊരു സിനിമയിൽ പാടാനും വിളിച്ചു. രണ്ടും അന്നുതന്നെ ചെയ്യണം. മാറ്റിവയ്ക്കാനാകില്ല. എന്തുചെയ്യും?’’ കുഴപ്പിക്കുന്ന ചോദ്യമാണെങ്കിലും ഹരിതയ്ക്ക് ഉറപ്പാണ്: ‘‘പാടാൻ പോകും’’.

കിച്ചുവിന്റെയും ഹരിതയുടെയും അതേ മനോഭാവമാണ് എല്ലാവരും സന്ദേഹങ്ങളില്ലാതെ പങ്കുവയ്ക്കുന്നത്. ഞങ്ങൾ ഇഷ്ടപ്പെടുന്നതെന്തോ അതു ചെയ്യണം. പഠനമോ മറ്റു കാര്യങ്ങളോ ഒന്നും വേണ്ടെന്നല്ല. പക്ഷേ, ഏറ്റവും പ്രധാനം സ്വന്തം ഇഷ്ടവും താൽപര്യവും സ്വപ്നങ്ങളും തന്നെ.

പറയൂ, എവിടെപ്പോയി കളിക്കും?

നാട്ടിൻപുറത്തുനിന്നു കൊച്ചിനഗരത്തിലേക്ക് എത്തിയതിനെക്കുറിച്ചു ബാലതാരം മിനോൺ പറഞ്ഞു: ‘‘നാട്ടിൽ ഒരു കുളം കണ്ടാൽ അവിടെ ചാടിക്കുളിക്കാം, നീന്താം. പക്ഷേ, ഇവിടെ അതു പറ്റില്ല.’’

സ്കൂളിൽ പോയിട്ടേയില്ലാത്ത മിനോണിനു പഠനത്തെക്കുറിച്ചും വളരെ വ്യത്യസ്തമായ വിലയിരുത്തലുണ്ട്: ‘‘മണ്ണിൽ നടക്കാൻ പറ്റണം, ആളുകളെ കാണണം, കാറ്റുകൊള്ളണം, വെയിലേൽക്കണം, മഴ നനയാൻ പറ്റണം, കിളികളോടു സംസാരിക്കാൻ പറ്റണം, അതൊക്കെയും പഠനം തന്നെയാണ്.’’

നഷ്ടമാകുന്ന കളിസ്ഥലങ്ങളെക്കുറിച്ച് എല്ലാവർക്കുമുണ്ട് വിഷമം. ചിത്രകാരൻ അനുജാത് ഫുട്ബോളും കളിക്കും. പക്ഷേ, മൈതാനമില്ല. പലരും ഇതേ സങ്കടം പങ്കുവയ്ക്കുന്നു. മിനോൺ കൂട്ടിച്ചേർത്തു: ‘‘വികസനം വേണം, ഞങ്ങളുടെ കളിസ്ഥലങ്ങളുടെ മുകളിലൂടെയാവരുത്. ചാടിക്കുളിക്കാൻ പുഴകളും കുളങ്ങളും വേണം. കാണാൻ പച്ചപ്പു വേണം. ഒരുമിച്ചു കൂടിക്കളിക്കാൻ മൈതാനങ്ങൾ വേണം. ഞങ്ങൾ കളിച്ചുവളർന്നാലേ ആരോഗ്യമുള്ള രാജ്യമുണ്ടാകൂ’’

ഞങ്ങൾ വലുതായാൽ അതു നടക്കില്ല

‘‘ഞങ്ങൾ വലുതാകുമ്പോൾ അഴിമതി അനുവദിക്കില്ല’’ – ബാലതാരം ഗൗരവ് മേനോൻ പറയുമ്പോൾ ശബ്ദത്തിനു സിനിമയിലെ ഹീറോയുടെ മുഴക്കം. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും നിലയ്ക്കുനിർത്താനുള്ള നിർദേശം വച്ചതു താരയാണ്: ‘‘അവരെ ജയിലിലടയ്ക്കുന്നതിനു പകരം പാവപ്പെട്ടവർ എങ്ങനെ ജീവിക്കുന്നുവോ ആ ജീവിതം കൊടുക്കണം’’. അഴിമതി ഉണ്ടാകുന്നതെങ്ങനെ എന്നു മിനോൺ:

‘‘അഴിമതി വരുന്നതു ചെറുപ്പത്തിലേ തുടങ്ങുന്ന അരക്ഷിത ബോധത്തിൽനിന്നാണ്. കുട്ടികൾക്കു സുരക്ഷിതബോധം നൽകുക. അഴിമതിരഹിത രാജ്യം കെട്ടിപ്പടുക്കാം.’’ ‘‘ഞാൻ വലുതായാൽ ആർക്കും പണം കൊടുത്ത് ഒന്നും ചെയ്യിക്കില്ല’’ – കിച്ച പറഞ്ഞതിനെ എല്ലാവരും കയ്യടിച്ച് അംഗീകരിച്ചു!

ടൈംടേബിളുകളിൽ തളച്ചിടല്ലേ...

‘‘നിങ്ങളൊക്കെ ടൈംടേബിൾ വച്ചു പഠിക്കുന്നവരാണോ?’’ ചോദ്യത്തിനുള്ള എഴുത്തുകാരി താര മറിയത്തിന്റെ മറുപടി: ‘‘അങ്ങനെ ചെയ്താൽ ഞങ്ങൾ റോബട്ടുകളായിപ്പോകില്ലേ? ഞങ്ങളെ ദയവായി റോബട്ടുകളാക്കി മാറ്റരുത്’’.

പഠനക്രമത്തിലും രീതികളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും താര പങ്കുവച്ചു: ‘‘ഇപ്പോൾ പത്താം ക്ലാസുവരെ എല്ലാ വിഷയങ്ങളും പഠിക്കുന്ന രീതി അഞ്ചാം ക്ലാസിൽ അവസാനിപ്പിക്കണം. അഞ്ചു കഴിഞ്ഞ് ഇഷ്ടമുള്ള മേഖലയിലേക്കു തിരിയാൻ അവസരം കിട്ടണം. കണക്കിഷ്ടമില്ലാത്ത ഒരാളെ പത്തു വർഷം നി‍ർബന്ധിച്ചു കണക്കു പഠിപ്പിക്കുന്നത് എന്തൊരു കഷ്ടമാണ്. പകരം, ഇഷ്ടമുള്ളതു പഠിക്കുക. അങ്ങനെയാകുമ്പോൾ, ഒരേപോലുള്ള ഒരുപാടു പേർ ഉണ്ടാകുന്നതിനു പകരം, വ്യത്യസ്തരായ വ്യക്തികൾ രൂപപ്പെടും.’’

രക്ഷിതാക്കളോടും അധ്യാപകരോടും നേവ ജോമിക്കു പറയാനുള്ളത്: ‘‘പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞാൽ വഴക്കുപറയരുത്. അടുത്ത തവണ മെച്ചപ്പെടാൻ പ്രചോദിപ്പിക്കണം. നന്നായി സംസാരിക്കണം, ഇടപെടണം. അപ്പോഴാണ് അധ്യാപകരോട് ഇഷ്ടം തോന്നുക, അവർ പഠിപ്പിക്കുന്ന വിഷയത്തെ സ്നേഹിക്കുക.’’ ചുറ്റുപാടിൽ നിന്ന്, പ്രായോഗികമായി അറിഞ്ഞു പഠിക്കാനുള്ള രീതിയിലേക്കു വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കണമെന്നാണു കെ. സായിറാമിന്റെ നിർദേശം.

സ്കൂൾസമയം എങ്ങനെ വിഭജിക്കണം എന്നതിനെക്കുറിച്ചും കൂട്ടുകാർക്കു നിർദേശമുണ്ട്: ‘‘മൂന്നു മണിക്കൂർ പഠനം. അടുത്ത മൂന്നു മണിക്കൂർ ഇഷ്ടമുള്ളതു ചെയ്യാൻ അവസരം. ടൈംടേബിൾ ഇല്ലാത്ത സ്വന്തം സമയം.’’

ചുമടുതാങ്ങികളല്ല ഞങ്ങൾ

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ഒറ്റസ്വരം. അതിനുള്ള നിർദേശങ്ങളും റെഡി:

∙ കെ. സായിറാം: കൊല്ലം കോർപറേഷൻ കുട്ടികളുടെ സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കാനായി ഒരു മാതൃകാ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഓരോരുത്തർക്കും രണ്ടു സെറ്റ് പാഠപുസ്തകങ്ങൾ നൽകും. ഒരു സെറ്റ് സ്കൂളിൽ വയ്ക്കാം. ഒരു സെറ്റ് വീട്ടിലും. എല്ലാദിവസവും സ്കൂളിലേക്കും തിരിച്ചും പുസ്തകങ്ങൾ കൊണ്ടുപോകേണ്ട.
∙ താര: എല്ലാ ദിവസവും എല്ലാ സബ്ജക്ടും പഠിപ്പിക്കുന്നതിനു പകരം ഒരു ദിവസം മൂന്നു വിഷയം മാത്രമാക്കി സ്കൂൾ സമയം ക്രമീകരിച്ചാൽ ദിവസവും മൂന്നു പുസ്തകങ്ങൾ മാത്രം കൊണ്ടുപോയാൽ മതിയല്ലോ.

സമയം തരൂ, സംസാരിക്കാൻ...

ചർച്ച കളിസ്ഥലങ്ങളിൽനിന്നു ബ്ലൂവെയിൽ ചാലഞ്ച് പോലുള്ള അപകടകരമായ ഓൺലൈൻ ഗെയിമുകളെക്കുറിച്ചായപ്പോൾ അനുജാത് പറഞ്ഞു: ‘‘മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അകലം കൂടുമ്പോഴാണ് ഇത്തരം അപകട ഗെയിമുകളിലേക്കു കുട്ടികൾ പോവുക. ഞങ്ങൾക്കു സമയം തരൂ, ഞങ്ങളോടു സംസാരിക്കൂ. ആരും ഒരു ഗെയിമിലേക്കും പോകില്ല’’.

സമൂഹമാധ്യമങ്ങൾ കുട്ടികളോടു ചെയ്യുന്നത് എന്ത് എന്ന പ്രശ്നത്തിലേക്കു ചർച്ചയെ നയിച്ചതു കിച്ചയാണ്. ‘‘അവിടെ ഞങ്ങളുണ്ട്. ഞങ്ങളെ പേടിപ്പിക്കുന്ന വിഡിയോകളും മോശം കമന്റുകളും ഒക്കെ അവിടെ പോസ്റ്റു ചെയ്യുന്നവർ ഒരു കാര്യം മനസ്സിലാക്കണം – ഞങ്ങൾ കാണുന്നുണ്ട് എല്ലാം’’. അപകടങ്ങളുടെ ദൃശ്യങ്ങൾ, അക്രമങ്ങൾ ഇതൊക്കെ കാണിക്കുന്ന വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതു തടയാൻ ശക്തമായ സ്ക്രീനിങ് സംവിധാനം വേണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒറ്റ അഭിപ്രായം, കുട്ടികൾ കൂടി ഉൾപ്പെട്ട ഒരു സമിതി വേണം ഇതു നിയന്ത്രിക്കാൻ.

ഒടുവിൽ ഗൗരവ് മേനോൻ പറഞ്ഞു: ‘‘സിനിമയിൽ കാണുന്നതൊന്നും ആരും അനുകരിക്കരുത്. അതു യഥാർഥമല്ല, കഥ മാത്രമാണ്.’’

ഞങ്ങളുടെ സുരക്ഷ നിങ്ങളുടെ കടമ

‘‘ചുറ്റും നടക്കുന്ന സംഭവങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട് ഞങ്ങൾ. അതു ഞങ്ങളെ പേടിപ്പിക്കുന്നുമുണ്ട്’’ – ഹരിത പറഞ്ഞു. ‘‘സ്കൂളിലും പുറത്തും കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കാനുള്ള സാഹചര്യമൊരുക്കണം’’.

സ്കൂളുകൾക്കടുത്തും മറ്റുമുള്ള ബാറുകളും മറ്റു ലഹരി വിൽക്കുന്ന കടകളുമൊക്കെ നീക്കം ചെയ്യണമെന്നാണു കിച്ചയുടെ ആവശ്യം. ‘‘അതൊക്കെ ഏതെങ്കിലും വലിയ മലമുകളിലേക്കു മാറ്റണം. പെട്ടെന്ന് എത്തിപ്പെടാൻ കഴിയരുത്.’’ നേവ അതു ശരിവയ്ക്കുന്നു: ‘‘ചീത്ത സ്വാധീനം ഉണ്ടാക്കുന്ന ഒന്നും സ്കൂൾ പരിസരങ്ങളിൽ വേണ്ട’’. നിയമങ്ങൾ ആവശ്യത്തിനുണ്ട്, അവ നടപ്പാക്കുന്ന അർപ്പണബോധമുള്ള ഉദ്യോഗസ്ഥരാണു വേണ്ടതെന്നു ഗൗരവ്.

സുരക്ഷിതമായ സമൂഹം സൃഷ്ടിക്കുന്നതിൽ വിദ്യാഭ്യാസത്തിനു വലിയ പങ്കുണ്ടെന്നു മിനോൺ. ‘‘നമ്മൾ ഇരകളെയാണു ബോധവൽക്കരിക്കുന്നത്. ഇരകളാകാതിരിക്കാനാണു പഠിപ്പിക്കുന്നത്. തിരിച്ച്, വേട്ടക്കാരൻ ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം. അതിനുള്ള വിദ്യാഭ്യാസമാണു വേണ്ടത്’’.

‘നോ’ പറയുന്നതാണ് ഹീറോയിസം

ചർച്ച ലഹരികളെക്കുറിച്ചായപ്പോൾ താര കൂട്ടിച്ചേർത്തു: ‘‘കുട്ടികൾ എപ്പോഴും പെട്ടെന്നു പ്രായപൂർത്തിയാകാൻ ആഗ്രഹിക്കുന്നവരാണ്. വലിയവരാകണമെങ്കിൽ, പുകവലിക്കണം, മദ്യപിക്കണം എന്നൊക്കെ കരുതുന്നവരുണ്ട്. സിനിമകളും സാമൂഹിക മാധ്യമങ്ങളും ഒക്കെ സൃഷ്ടിക്കുന്ന അന്തരീക്ഷമാണത്. ലഹരിയോട് ‘ഇല്ല’ എന്നു പറയുമ്പോഴാണ് യഥാർഥത്തിൽ പ്രായപൂർത്തിയാകുക, പക്വതയാകുക. അതാണ് ഹീറോയിസം. ഇത്തരം നല്ല സന്ദേശങ്ങൾ സമൂഹത്തിൽ വരണം. ഇത്തരം ചിന്തകൾ നൽകുന്നതാകണം വിദ്യാഭ്യാസം.’’

ചർച്ചയിൽ പങ്കെടുത്ത കുട്ടികൾ

∙ മിനോൺ ജോൺ (ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ബാലതാരം, ചിത്രകാരൻ. ഔപചാരിക സ്കൂൾ വിദ്യാഭ്യാസം ഒഴിവാക്കി. പഠനം വീട്ടിലിരുന്നു തന്നെ.)

∙ ഗൗരവ് മേനോൻ (മികച്ച ബാലതാരത്തിനുള്ള ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ നേടി. ടിവി താരം, പിന്നണി ഗായകൻ. എറണാകുളം പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി.)

∙ ഹരിത ഹരീഷ് (ഗായിക. സിനിമകളിലും ആൽബങ്ങളിലും പാടി. കാസർകോട് സ്വദേശി. തൃശൂർ ദേവമാതാ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി.)

∙ നേവ ജോമി (എത്ര നീളം കൂടിയ വാചകങ്ങളിലും എത്ര അക്ഷരമുണ്ടെന്നു കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ടു പറയുന്ന പ്രതിഭ. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതി നേടി. കോട്ടയം മാന്നാനം കെഇ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി.)

∙ കെ. സായിറാം (ശാസ്ത്രകുതുകി. ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾ നടത്തി. കൊല്ലം തേവള്ളി മോഡൽ ബോയ്സ് എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി)

∙ കിച്ച (നിഹാൽ രാജ്) (കുട്ടി ഷെഫ്. അമേരിക്കയിൽ നടന്ന രാജ്യാന്തര പാചക മത്സരത്തിൽ പങ്കെടുത്തു. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി.)

∙ അനുജാത് സിന്ധു വിനയ്‌ലാൽ (ചിത്രകാരൻ, നടൻ. രാഷ്ട്രപതിയുടെ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ദേശീയ, രാജ്യാന്തര അവാർഡുകൾ നേടി. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി.)

∙ താര മറിയം (എഴുത്തുകാരി. ഇംഗ്ലിഷിൽ നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എറണാകുളം ചെമ്പുമുക്ക് അസീസി വിദ്യാനികേതൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനി.)