Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂലോക കേരള സ്തംഭനങ്ങൾ

Author Details
kerala-hartal-representational-image

ലോകമേ  തറവാട് എന്നു വള്ളത്തോൾ പാടിയത് എന്നെങ്കിലുമൊരിക്കൽ ഇന്നാട്ടിലൊരു ലോക കേരള സഭ ഉണ്ടാകുമെന്നു വിചാരിച്ചാവാനിടയില്ല. 

കേരളത്തറവാടിന്റെ ശാഖോപശാഖകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ കുടിവച്ചിട്ടുണ്ടെന്ന തിരിച്ചറിവിൽനിന്നാണല്ലോ ലോക കേരള സഭ എന്നൊരു കൂട്ടായ്മയുണ്ടാക്കാൻ കേരള സർക്കാർ മുന്നിട്ടിറങ്ങിയത്.

സർക്കാർ സംഘടിതവും സർക്കാർ അംഗീകൃതവുമായ ഹർത്താലുകൾ ഭരണകൂട ഭീകരതയിൽപ്പെടില്ലേ എന്ന ചോദ്യം ലോക കേരളീയരിൽ മിക്കവരുടെയും മനസ്സിലുണ്ടായിരുന്നുവെന്നാണ് സഭയിൽ വട്ടമിട്ട ചിന്തകളിൽനിന്നു മനസ്സിലാവുന്നത്. 

എന്നാൽ, ലോക കേരള സഭയുടെ ഏറ്റവും വലിയ സംഭാവനയായി ഇതാ ഞങ്ങൾ ഹർത്താൽ ഉപേക്ഷിക്കുന്നു, ഹർത്താലിനു വളമിടുന്ന പരിപാടി നിർത്തുന്നു എന്നു പ്രഖ്യാപിക്കാൻ ഭരണപക്ഷക്കാർക്കും ഞങ്ങൾ അതിനോടു യോജിക്കുന്നു എന്നു പറയാൻ ഭരിക്കാനിരിക്കുന്നവർക്കും തോന്നിയില്ല.

പകരം മുഖ്യമന്ത്രി പറഞ്ഞു: ഹർത്താലിനെപ്പറ്റി കൂടുതൽ ചർച്ച വേണം.

ആർക്കാണു സർ ചർച്ച വേണ്ടത്?

സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും എന്നു വിളിച്ച് ഉന്മാദമാടുന്നതിനെക്കുറിച്ച് എന്തു ചർച്ചയാണിനി വേണ്ടത്? 

സ്തംഭിപ്പിക്കലിൽനിന്ന് ഈ ലോകത്ത് എന്തെങ്കിലുമൊരു ഗുണം പൊട്ടിമുളച്ചിട്ടുണ്ടോ സർ?

നോക്കുകൂലിയെപ്പറ്റി ചർച്ച ചെയ്യുംതോറും കൂലി കൂടുകയല്ലാതെ കുറയാറില്ലെന്ന് അപ്പുക്കുട്ടനു മാത്രമല്ല ഈ കള്ളനോട്ടം വന്നു തലയിൽവീണവർക്കെല്ലാമറിയാം. 

ആഴ്ചതോറും ഹർത്താൽ നടത്തിയാണോ ലോകരാജ്യങ്ങൾ വളർന്നതെന്ന്, അവിടെയൊക്കെ ഹർത്താലിനെക്കുറിച്ച് ഇപ്പോഴും ചർച്ച നടക്കുകയാണോ എന്ന്, ലോക കേരള സഭയിലെത്തിയവരോട് മുഖ്യമന്ത്രിക്കു ചോദിക്കാമായിരുന്നു. 

ലോകത്തിലെ ഏറ്റവും അടിപൊളി വിപ്ലവമാണ് ഹർത്താൽ എന്ന വിചാരത്തിന് പൊട്ടക്കിണറ്റിലെ മാക്രിയോളം ആഴവും ഭംഗിയുമുണ്ടെങ്കിലും കിണറിനു പുറത്തേക്കു നോക്കില്ലെന്ന പിടിവാശിയിൽ ലോക കേരള ചിന്ത തീരെയുണ്ടെന്നു തോന്നുന്നില്ല.

ഹർത്താലിനു പകരം, സ്തംഭിപ്പിക്കൽ ശേഷിയും നശീകരണ ശേഷിയും കുറഞ്ഞ ഒരു സമരമുറയുടെ പെരുമ്പറയെങ്കിലും ലോകകേരള സഭയുടെ മേശപ്പുറത്തു വയ്ക്കാൻ വഴിയൊരുക്കേണ്ടതായിരുന്നു.