പൊട്ടിവിരിയുമോ, സമാധാനം?

പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചീനപ്പാത്രക്കടയിൽ കയറിയ വിത്തുകാളയെപ്പോലെ എല്ലാം നശിപ്പിക്കുന്ന വ്യക്തിയല്ലെന്നും ഹാംലറ്റിനെപ്പോലെ ഭ്രാന്തഭിനയിക്കുന്ന ബുദ്ധിജീവിയാണെന്നും തെളിയിച്ചുകഴിഞ്ഞു. ആവശ്യം വരുമ്പോൾ പിൻവാങ്ങാൻ കഴിവുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ എടുത്തുചാട്ടങ്ങൾക്ക് അർഥമുണ്ടെന്നു ലോകം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അഗ്നിയും തീവ്രതയും കൊണ്ടായിരിക്കും കിംജോങ് ഉൻ എന്ന ഉത്തരകൊറിയൻ പ്രസിഡന്റിനെ കീഴടക്കുക എന്നു പ്രഖ്യാപിച്ച ട്രംപ് എഴുപതു വർഷത്തെ പ്രതിയോഗിയോടു നേരിട്ടു സംസാരിക്കാമെന്നു സമ്മതിച്ചിരിക്കുന്നു.

അപ്രതീക്ഷിതം, ഈ വാർത്ത

ഇത്ര വലിയ ഒരു വാർത്ത പുറത്തുവിടുന്നതിനും ട്രംപ് അസാധാരണമായ മാർഗമാണു സ്വീകരിച്ചത്. വൈറ്റ് ഹൗസിലെ പ്രസ് റൂമിൽ അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ഇതാ ഒരു പ്രധാന വാർത്ത ദക്ഷിണ കൊറിയൻ പ്രതിനിധികൾ നിങ്ങൾക്കു നൽകാൻ പോകുന്നു എന്നു പറഞ്ഞ് അപ്രത്യക്ഷനാകുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ പിറകെ ചെന്ന ഒരു റിപ്പോർട്ടർ ഉത്തര കൊറിയയുമായുള്ള ചർച്ചയാണോ പുതിയ വാർത്ത എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘വാർത്ത അതിലും വലുതാണ്. നിങ്ങൾ അതിന് എനിക്ക് ഒരു കീർത്തിമുദ്ര നൽകുമെന്നു ഞാൻ വിശ്വസിക്കുന്നു.’’

അതിനുശേഷം ദക്ഷിണ കൊറിയയുടെ രാജ്യരക്ഷാ ഉപദേഷ്ടാവ് ചുങ് യുയി യോങ് വൈറ്റ് ഹൗസിന്റെ പുറത്തുവച്ചു പത്രലേഖകരെ അഭിസംബോധന ചെയ്യുകയായിരുന്നു. ചുങ് പറഞ്ഞത്, താൻ ട്രംപിനോട് ഉത്തരകൊറിയൻ നേതാവ് കിം, കൊറിയയെ ആണവായുധങ്ങളില്ലാത്ത മേഖലയാക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അതിനാൽ ഇനി ആണവ മിസൈൽ പരീക്ഷണങ്ങൾ നടത്തില്ല എന്നും അറിയിച്ചു. കഴിയുന്നതും വേഗം ഇക്കാര്യം ചർച്ചചെയ്യാനായി ട്രംപുമായി നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നു കിം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ട്രംപ് ഈ വാർത്തയെ സ്വാഗതം ചെയ്യുകയും അദ്ദേഹം ഉത്തരകൊറിയൻ പ്രസിഡന്റിനെ മേയ് മാസത്തോടെ കാണാമെന്നു സമ്മതിക്കുകയും ചെയ്തു. രണ്ടു കൊറിയകളിലെയും പ്രസിഡന്റുമാർ ഏപ്രിലിൽ‍ കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരിക്കും ട്രംപും ഉനും ആയുള്ള ചർച്ചകൾ. സമ്മേളനം എവിടെ ആയിരിക്കും എന്നു ചുങ് പറഞ്ഞില്ല. 

ലോകം സ്വാഗതം ചെയ്യുന്ന പ്രഖ്യാപനം

ഈ നാടകീയ പ്രഖ്യാപനത്തെ ലോകം മുഴുവൻ സ്വാഗതം ചെയ്യുമെന്നു തീർച്ചയാണ്. ട്രംപ് ഇതിന്റെ കീർത്തി തനിക്കുതന്നെയാണെന്ന് അവകാശപ്പെട്ടുവെങ്കിലും ചൈന ഈ സംഭവവികാസത്തിൽ പങ്കുവഹിച്ചുവെന്നു സമ്മതിക്കുകയുണ്ടായി. ചൈന വാർത്തയെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ചയുടെ ഫലം എന്തായാലും അതു നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കൊറിയയ്ക്കെതിരായി നടത്തിയ ശക്തമായ അഭിപ്രായപ്രകടനങ്ങളും വേണമെങ്കിൽ യുദ്ധത്തിനു തയാറാണ് എന്ന പ്രഖ്യാപനവും കർക്കശമായ ഉപരോധങ്ങളുമാണ് ഉന്നിന്റെ മനസ്സുമാറ്റിയതെന്നാണ് അമേരിക്കയുടെ നിലപാട്. ഇതുവരെ ആണവ മിസൈൽ പരീക്ഷണങ്ങൾ നടത്തുമെന്നും അമേരിക്കയെ ചുട്ടുചാമ്പലാക്കുമെന്നും വീമ്പിളക്കിയിരുന്ന ഉൻ അമേരിക്കയുടെ നിലപാടിൽ ഉത്കണ്ഠാകുലനായി എന്നു വേണം അനുമാനിക്കാൻ. നേരത്തേ ഉത്തര കൊറിയയും അമേരിക്കയുമായി ചർച്ചകൾ നടക്കുമെന്നു സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ട്രംപും ഉന്നുമായി നേരിട്ടു ചർച്ചകൾ ഉണ്ടാകുമെന്നു പ്രതീക്ഷ ഉണ്ടായിരുന്നില്ല. 2009ൽ ചൈനയുൾപ്പെടെ ആറു രാജ്യങ്ങളുമായുള്ള സമാധാന ചർച്ചയിൽനിന്ന് ഉത്തര കൊറിയ ഇറങ്ങിപ്പോയതിനുശേഷം ഇതാദ്യമായാണ് ഉത്തരകൊറിയയും അമേരിക്കയുമായി നേരിൽ ചർച്ചകൾ ആരംഭിക്കുന്നത്. ഉപാധികളില്ലാത്തതായിരിക്കും ഈ കൂടിക്കാഴ്ച. കൂടാതെ അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനങ്ങൾ നിർത്തിവയ്ക്കണമെന്നുപോലും ഉത്തരകൊറിയ ആവശ്യപ്പെട്ടിട്ടില്ല. ഈ പരിശീലനം ശീതകാല ഒളിംപിക്സിന്റെ സമയത്തു നിർത്തിവച്ചതായിരുന്നു. അത് അടുത്ത മാസം വീണ്ടും തുടരുമത്രെ.

മാറ്റം വരില്ല, ഒരു കൂടിക്കാഴ്ചകൊണ്ട്

ശീതകാല ഒളിംപിക്സിൽ ഉത്തരകൊറിയ പങ്കെടുക്കുകയും ഉന്നിന്റെ സഹോദരി ദക്ഷിണ കൊറിയ സന്ദർശിക്കുകയും ചെയ്തതോടെയാണു കൊറിയയിൽ മഞ്ഞുരുകിയത്. എന്നാൽ, ഇതുകൊണ്ടു കൊറിയയിൽ സമാധാനം പൊട്ടിവിരിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പ്രഖ്യാപനത്തിന് അൽപം മുൻപ് ആഫ്രിക്കൻ സന്ദർശനത്തിലായിരുന്ന വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേർസൺ ചർച്ചകൾക്കു സമയമായിട്ടില്ല എന്നാണ് അറിയിച്ചത്.

ട്രംപിന്റെ അതിശക്തമായ നിലപാട് ലോകത്തെതന്നെ ഭയപ്പെടുത്തിയ സാഹചര്യത്തിലാണ് ജപ്പാനും ദക്ഷിണ കൊറിയയും ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളെ സമീപിക്കുകയും യുദ്ധം ഒഴിവാക്കണമെന്നു നിർബന്ധിച്ചതും. ഇന്ത്യയുൾപ്പെടെ ഉത്തരകൊറിയയുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളോട് ആ ബന്ധം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഇന്ത്യ ആ ബന്ധം ഉത്തര കൊറിയയുടെ മനസ്സ് മാറ്റാനായി ഉപയോഗിക്കാമെന്നു സമ്മതിച്ചിരുന്നു. ഇന്ത്യ അതു ചെയ്തുവെങ്കിൽ ഇന്ത്യക്കും ഇക്കാര്യത്തിൽ അഭിമാനിക്കാൻ വകയുണ്ട്. ഒരു കൂടിക്കാഴ്ചകൊണ്ടു മാറ്റാവുന്നതല്ല കൊറിയയിലെ സ്ഥിതിഗതികൾ. എന്നാലും ലോകം മുഴുവൻ ഒരു യുദ്ധം ഉണ്ടാകാത്തതിൽ ആശ്വസിക്കുകയാണ്. ട്രംപും ഉന്നും പ്രവചനാതീതമായി പ്രവർത്തിക്കുന്ന വ്യക്തികളായതിനാൽ മേയ് മാസം വരുന്നതിനുമുൻപുതന്നെ പ്രശ്നങ്ങൾ ഉണ്ടായേക്കും.

ഉത്തരകൊറിയയുടെ ഭാവി

കുറെ വർഷങ്ങൾക്കുമുൻപ് പ്രസിഡന്റ് ക്ലിന്റൻ അധികാരത്തിലുള്ളപ്പോൾ ഞാൻ ഒരു ഉയർന്ന അമേരിക്കൻ നയതന്ത്ര പ്രതിനിധിയുമായി ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒരു തടിച്ച ഫയൽ ഉണ്ടായിരുന്നു. ‘‘ഉത്തര കൊറിയയുടെ ഭാവി’’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഞാൻ ആ ഫയലിൽ കൗതുകത്തോടെ നോക്കിയപ്പോൾ ‘‘ഇതാ നോക്കിക്കോളൂ’’ എന്നു പറഞ്ഞ് അദ്ദേഹം ആ ഫയൽ എനിക്കു കാണിച്ചുതന്നു. അതിൽ മുഴുവനും ഒന്നുമെഴുതാത്ത കടലാസുകൾ മാത്രമായിരുന്നു. ‘‘ഇതാണ് ഉത്തരകൊറിയയുടെ ഭാവി’’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാഖ് ‘‘യുദ്ധകാലത്ത് സദ്ദാം ഹുസൈനിന്റെ നേട്ടങ്ങൾ എന്ന് ഒരു പുസ്തകം അമേരിക്കൻ വിപണിയിൽ വന്നിരുന്നു. അതും ഇതുപോലെ ഒന്നും എഴുതാത്ത വെള്ളക്കടലാസുകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ഉത്തരകൊറിയയുടെ ഭാവി നിർണയിക്കുന്നത് അമേരിക്കയും കൂടി ചേർന്നായിരിക്കുമെന്നു തീർച്ചയാണ്.

(ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയുമായിരുന്നു ലേഖകൻ)