Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുടിൻ 4.0: ജയിംസ് ബോണ്ടിനെക്കാൾ കരുത്തൻ !

cartoon-putin

വ്ളാഡിമിർ പുടിൻ വിജയിക്കുമ്പോഴെല്ലാം അദ്ദേഹം എതിരാളികളെ മലർത്തിയടിച്ചെന്നാണ് ആലങ്കാരികമായി പറയാറ്. ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക്ബെൽറ്റുള്ള, ഒഴിവുവേളകളിൽ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്ന മസിൽമനുഷ്യനു പക്ഷേ, റഷ്യയിൽ എതിരാളികൾ ഇല്ലെന്നതാണു സത്യം. പ്രതിയോഗികൾ ഉണ്ട്. പക്ഷേ, പ്രയോജനമില്ല. ഇന്റലിജൻസ് ഓഫിസറിൽനിന്നു റഷ്യയുടെ അമരത്തെത്തി നാലാംതവണയും പ്രസിഡന്റായപ്പോൾ വീണുകിട്ടിയത് ‘പുടിൻ 4.0’ എന്ന വിളിപ്പേര്. 007 ജയിംസ് ബോണ്ടിനെക്കാൾ കരുത്തൻ.

21 കിലോഗ്രാം തൂക്കമുള്ള ഉലക്കമീനിനെ ഒറ്റയ്ക്കു പിടിച്ച സാഹസികൻ, കടുവാസങ്കേതത്തിലെത്തിയ സന്ദർശകർക്കുനേരെ ചാടുന്ന സൈബീരിയൻ കടുവയെ ഒതുക്കുന്ന ലാഘവത്തോടെ വിമതരുടെ യാഗാശ്വങ്ങളെ പിടിച്ചുകെട്ടുന്നു. അധികാരത്തിൽ ഓരോതവണയും പുതിയ അവതാരമെടുത്തു കരുത്തു പതിന്മടങ്ങാക്കുന്നു.

1952 ഒക്ടോബർ ഏഴിനു ലെനിൻഗ്രാഡിൽ (ഇപ്പോൾ സെന്റ് പീറ്റേഴ്സ്ബർഗ്) ഫാക്ടറി തൊഴിലാളിയുടെ മകനായാണു പുടിന്റെ ജനനം. തന്റെ മുത്തച്ഛൻ സോവിയറ്റ് നേതാക്കളായ ലെനിന്റെയും സ്റ്റാലിന്റെയും പാചകക്കാരനായിരുന്നെന്ന് അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലെനിൻഗ്രാഡ് സർവകലാശാലയിൽ നിയമപഠനത്തിനുശേഷം 1975ൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ (കെജിബി) ഇന്റലിജൻസ് ഓഫിസറായി. ലെനിൻഗ്രാഡിലെത്തുന്ന വിദേശസന്ദർശകരുടെമേൽ ചാരക്കണ്ണുമായി പ്രതിഭ തെളിയിച്ചുകഴിഞ്ഞാണു രാഷ്ട്രീയത്തിലിറങ്ങിയത്. ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗകാലത്തു ജർമനും ഇംഗ്ലിഷും പഠിച്ചു. 1991ൽ, ലെനിൻഗ്രാഡ് മേയറായി മൽസരിച്ച അനറ്റൊലി സോബ്ചകിന്റെ ഉപദേശകനായാണു രാഷ്ട്രീയപ്രവേശം. ഇദ്ദേഹത്തിന്റെ മകളാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുടിന്റെ എതിർസ്ഥാനാർഥികളിലൊരാളായിരുന്ന സെനിയ സോബ്ചക്. അനറ്റൊളി സോബ്ചക് അന്നത്തെ തിരഞ്ഞെടുപ്പു ജയിച്ചു മേയറായപ്പോൾ പുടിൻ രഹസ്യാന്വേഷണവിഭാഗം വിട്ടു.

ആറു വർഷം കഴിഞ്ഞ്, 1997ൽ പ്രസിഡന്റ് ബോറിസ് യെൽസിന്റെ കീഴിലുള്ള സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായി അദ്ദേഹം ഉദിച്ചുയർന്നു. 1999 ഓഗസ്റ്റിൽ യെൽസിൻ പുടിനെ റഷ്യൻ പ്രധാനമന്ത്രിയാക്കി. അതേവർഷം ഡിസംബറിൽ അപവാദങ്ങളെത്തുടർന്നു യെൽസിൻ അധികാരമൊഴിഞ്ഞപ്പോൾ അദ്ദേഹം ആക്ടിങ് പ്രസിഡന്റായി. 2000 മാർച്ചിൽ റഷ്യൻ പ്രസിഡന്റായി. 2004ൽ വീണ്ടും പ്രസിഡന്റായി. 2008ൽ പ്രധാനമന്ത്രിയായി. 2012ൽ മൂന്നാം തവണ പ്രസിഡന്റായി. തുടർച്ചയായി രണ്ടു തവണയിലേറെ പ്രസിഡന്റാകുന്നതിനാണു റഷ്യയിൽ വിലക്ക്.

‘ഇരുമ്പുമറ’യിട്ടു വ്യക്തിജീവിതത്തിന്റെ സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണു  വ്ളാഡിമിർ പുടിൻ. മുപ്പതു വർഷത്തെ ദാമ്പത്യത്തിനുശേഷം ഭാര്യ ലുഡ്മിളയിൽനിന്നു വിവാഹമോചനം നേടിയതു 2014ൽ. ഈ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട്– യെകാതറീന, മരിയ. ഒളിംപിക് ജിംനാസ്‌റ്റിക് താരം അലീന കബയേവയെ പുടിൻ വിവാഹം കഴിച്ചതായ വാർത്തകൾ വിവാദമായിരുന്നു. റഷ്യയ്ക്കു വീരനായകനും പടിഞ്ഞാറിനു വില്ലനുമാണു പുടിൻ. റഷ്യൻ ഇരട്ടച്ചാരൻ സെർഗെയ് സ്ക്രീപലിനെ ബ്രിട്ടനിൽ വിഷരാസവസ്തു പ്രയോഗിച്ചു വധിക്കാൻ ശ്രമിച്ചതു പുടിന്റെ അറിവോടെയെന്ന ആരോപണങ്ങളാണ് ഏറ്റവും പുതിയത്.

യുക്രെയ്നിലെ ക്രൈമിയ 2014 മാർച്ച് 18നു റഷ്യയുടെ ഭാഗമായതു പടിഞ്ഞാറൻ രാജ്യങ്ങൾ നോക്കിനിൽക്കുമ്പോൾ. സിറിയയിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് യുഎൻ സുരക്ഷാസമിതിയിൽ പ്രമേയം വന്നപ്പോഴെല്ലാം പ്രസിഡന്റ് ബഷാർ അൽ അസദിനെ രക്ഷിക്കാനായി 11 തവണയാണു റഷ്യ വീറ്റോ അധികാരം പ്രയോഗിച്ചത്. യുഎസിലും ഫ്രാൻസിലും പ്രസിഡന്റ് തിരഞ്ഞെടുപ്പുപ്രചാരണക്കാലത്ത് റഷ്യൻ സൈബർ ആക്രമണങ്ങൾ നടന്നതായും ആരോപിക്കപ്പെടുന്നു.

ശത്രുക്കളാരെന്നു തിരിച്ചറിയുകയും അവരെയെല്ലാം നിഷ്ക്രിയരാക്കുകയും കലയാണു രാഷ്ട്രീയമെന്നു പറഞ്ഞ ഇവാൻ ഇൽയിനിന്റെ തത്വചിന്തയാണു വ്ളാഡിമിർ പുടിന്റെ വഴിവിളക്ക്. രാഷ്ട്രീയ പ്രതിയോഗിയായ അലക്സി നവൽനി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു വിലക്കി രാഷ്ട്രീയവഴിയിലെ തടസ്സം നീക്കിയ പുടിന് ഇനിയും അങ്കങ്ങൾക്കു ബാല്യമേറെ.