Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് എതിർപ്പ് തള്ളി; റഷ്യയുമായി ട്രയംഫ് മിസൈല്‍ കരാർ ഒപ്പിട്ട് ഇന്ത്യ

ന്യൂഡല്‍ഹി∙ അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2020 ല്‍ റഷ്യ ഇത് ഇന്ത്യയ്ക്കു നല്‍കി തുടങ്ങും. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണു കരാര്‍ ഒപ്പുവച്ചത്. 39,000 കോടി രൂപയ്ക്ക് അഞ്ച് എസ് 400 മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുമെന്നാണു സൂചന.

putin-modi ചർച്ചയ്ക്കു മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്തപ്പോൾ. ചിത്രം – എഎഫ്പി.

വ്യാഴാഴ്ച രാത്രി ഡല്‍ഹിയില്‍ വിമാനമിറങ്ങിയ പുടിനെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് സ്വീകരിച്ചത്. റഷ്യയില്‍നിന്നുള്ള നാലു ചെറു യുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. രണ്ടെണ്ണം റഷ്യയില്‍നിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്യാര്‍ഡില്‍ നിര്‍മിക്കാനുമുള്ള 15,840 കോടി രൂപയുടെ പദ്ധതിക്കു സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കരാര്‍ പ്രഖ്യാപനവും ഇന്നുണ്ടായേക്കും.

Vladimir Putin, Narendra Modi

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുയരുന്ന തീവ്രവാദ ഭീഷണി, ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള യുഎസ് ഉപരോധം എന്നീ വിഷയങ്ങളിലും മോദിയും പുടിനും ചര്‍ച്ച നടത്തും. 19-ാമത് ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയിലും പങ്കെടുക്കുന്ന പുടിന്‍, രാഷ്ട്രപതി റാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വെള്ളിയാഴ്ച വൈകിട്ടു മടങ്ങും.

ഉപഭൂഖണ്ഡത്തിലെ പ്രതിരോധ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യക്ക് ഏറെ അനിവാര്യമാണ് എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം. ഈ മിസൈല്‍ എത്തുന്നതോടെ ഇന്ത്യ - ചൈന 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധം കൂടുതല്‍ കരുത്തുറ്റതാകും.

ആകാശക്കോട്ട കെട്ടാന്‍ എസ്-400

റഷ്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമാണ് എസ്-400 ട്രയംഫ്. 2007 മുതല്‍ റഷ്യന്‍ സേനയുടെ ഭാഗം. ആക്രമണങ്ങളെ തടയാനും പ്രത്യാക്രമണത്തിനും ഉപയോഗിക്കാം. കരയിൽനിന്നു ആകാശത്തിലേക്കു (എസ്‌എഎം) തൊടുക്കാവുന്ന മിസൈൽ സംവിധാനം. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും തകര്‍ക്കാനുള്ള കരുത്ത്.

മൂന്നു തരം മിസൈലുകള്‍ കൈകാര്യം ചെയ്യും. 600 കിലോമീറ്റര്‍ പരിധിയിലുള്ള 300 ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാം. 400 കിലോമീറ്റര്‍ പരിധിയിലുള്ള മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കും. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെ പ്രതിരോധിക്കും. പോര്‍വിമാനങ്ങള്‍, മിസൈലുകള്‍, ശബ്ദാതിവേഗ വിമാനങ്ങള്‍ എന്നിവയെ തരിപ്പണമാക്കും. കംപ്യൂട്ടര്‍ നിയന്ത്രിത എസ്-400 മിസൈല്‍ പ്രതിരോധത്തിനു ശബ്ദത്തേക്കാള്‍ എട്ടിരട്ടിയാണു വേഗം.

related stories