Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ ഓർമിപ്പിക്കുന്നത്

Author Details
keraleeyam-cpi-cartoon

കേരളത്തിലെ ഇടതുമുന്നണി വിപുലീകരിക്കുന്നതിൽ സിപിഎമ്മും സിപിഐയും രണ്ടു വിരുദ്ധ ധ്രുവങ്ങളിലാണെന്നതാണ് കെ.എം.മാണിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകളുടെയും അണിയറ നീക്കങ്ങളുടെയും ആകെത്തുക. അതിൽ ആരു പിടിച്ചയിടം ജയിക്കുമെന്നു ചോദിച്ചാൽ അതിനു മുൻകൂട്ടി സിപിഐ നൽകുന്ന മറുപടിയാണ് മലപ്പുറത്ത് അവരുടെ സംസ്ഥാന സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിലെ താഴെപ്പറയുന്ന ഭാഗം: 

‘‘കേരള കോൺഗ്രസിനെ എൽഡിഎഫിന്റെ ഭാഗമാക്കാനുള്ള ചില നീക്കങ്ങൾ നടക്കുന്നുണ്ട്. മുൻകാലങ്ങളിലും ഇതുണ്ടായി. ഡിഐസിയെ എൽഡിഎഫിന്റെ ഭാഗമാക്കാൻ നടത്തിയ നീക്കം ഇത്തരത്തിലുള്ളതായിരുന്നു. നമ്മുടെ പൊന്നാനി സീറ്റ് പിഡിപിക്കു കൂടി സ്വീകാര്യനായ സ്ഥാനാർഥിക്കു നൽകി മഅദനിയുമായി ഐക്യമുണ്ടാക്കാനും നീക്കം നടത്തിയിരുന്നു.’’  

എന്താണ് ഇതിലൂടെ സിപിഐ നൽകുന്ന മുന്നറിയിപ്പ്? കെ.കരുണാകരനും അബ്ദുൽ നാസർ മഅദനിക്കും സംഭവിച്ച ഗതി കെ.എം.മാണിക്കുമുണ്ടാകും! പുതിയ കക്ഷികളെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ ഇരുപാർട്ടികളും തമ്മിലെ പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ഇതോർമിപ്പിക്കുന്നു. 

വാദങ്ങളിലെ ഇരുപക്ഷം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണിയെ ഒപ്പം കൊണ്ടുവരണമെന്ന സിപിഎമ്മിന്റെ നിർദേശം കഴിഞ്ഞയാഴ്ച സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ചർച്ച ചെയ്തപ്പോൾ കേരളനേതൃത്വം മുന്നോട്ടുവച്ച ഒരു വാദം കൗതുകമുയർത്തുന്നതായിരുന്നു. ഡിഐസിയുടെയും മഅദനിയുടെയും ചരിത്രം ഓർമിപ്പിച്ചുകൊണ്ടു കേരള നേതാക്കൾ പറഞ്ഞു: ‘‘മുന്നണി വിപുലീകരണത്തിന്റെ കാര്യത്തിൽ സിപിഎം തീരുമാനങ്ങളെടുക്കുന്നതു വേണ്ടവിധം ആലോചിച്ചും ഗൗരവത്തോടെയുമാണോ എന്നു ഞങ്ങൾക്കു സംശയമുണ്ട്.’’ കേരളത്തിലെ മാർക്സിസ്റ്റ് വിരുദ്ധ മുന്നണിയുടെ കുന്തമുനയായിരുന്ന കെ.കരുണാകരനെ എകെജി സെന്ററിലെത്തിക്കാനും മഅദനിയെപ്പോലെ ഭൂതകാലം വേട്ടയാടുന്ന നേതാവിനെ ഇടതുവേദിയിലിരുത്താനും ശ്രമിച്ചാൽ അത് ഇടതുപക്ഷമനസ്സ് അംഗീകരിക്കുമോ എന്നതായിരുന്നു ആ സന്ദേഹത്തിന്റെ ഉൾക്കാമ്പ്. മാണിയുടെ കാര്യത്തിലും അതേ ചോദ്യം അവർ ആവർത്തിക്കുന്നു.

തുടരുന്ന ഈ ഭിന്നതയാണ് കേരളത്തിലെ ഇടതുമുന്നണി ഇപ്പോൾ നേരിടുന്ന യഥാർഥപ്രശ്നം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു നേട്ടങ്ങളുണ്ടാക്കണം. അതിനു യുഡിഎഫിനെ ഛിന്നഭിന്നമാക്കിയേ മതിയാകൂ. രാജ്യത്ത് ഇടതുപക്ഷത്തിനു കൂടുതൽ ലോക്സഭാ സീറ്റ് കിട്ടാൻ സാധ്യതയുള്ള ഏക സംസ്ഥാനം കേരളമാണ്. കിട്ടിവരുന്ന ശരാശരി 43% വോട്ടും വച്ച് എല്ലാക്കാലവും മുന്നിലെത്താമെന്നു കരുതാനാകില്ല. അതുകൊണ്ടു ശോഭനാ ജോർജെങ്കിൽ അവർ, മാണിയെങ്കിൽ മാണി. അത്രയും ലളിതയുക്തിയാണു സിപിഎമ്മിന്റേത്. 

സിപിഐ ഇത് അംഗീകരിക്കുന്നതേയില്ല. ചെങ്ങന്നൂരിൽ മാണിയെ കൊണ്ടുവന്നാൽ നാളെ സിപിഐക്കുണ്ടാകുന്ന നേട്ടം ഒരു പ്രലോഭനമായി ഡൽഹി ചർച്ചയിൽ സിപിഎം എടുത്തുകാട്ടിയിരുന്നു. മാവേലിക്കര ലോക്സഭാ സീറ്റ് സിപിഐക്കു തിരിച്ചുപിടിക്കാൻ മാണിബന്ധം തുണയാകും. കേരള കോൺഗ്രസും കോൺഗ്രസും ഇടഞ്ഞതോടെ കോട്ടയം പാർലമെന്റ് സീറ്റിൽത്തന്നെ ഇടതുമുന്നണിക്കു സാധ്യതയുണ്ടെന്നാണ് ഇതിനുള്ള സിപിഐയുടെ മറുപടി. പാലാ പോലും ഇനി ബാലികേറാമലയാകില്ല. പി.ജെ.ജോസഫിന്റെ തൊടുപുഴയും മോൻസ് ജോസഫിന്റെ കടുത്തുരുത്തിയുമാണ് എളുപ്പമല്ലാത്തത്. മാണി എൽഡിഎഫിലേക്കു വന്നാൽ ഈ രണ്ടുപേരും യുഡിഎഫിൽത്തന്നെ തുടരാനാണു സാധ്യതയെന്നിരിക്കെ അതിനു പ്രസക്തിയില്ല. ചെങ്ങന്നൂരിൽ മാണിക്കു സിപിഐ കണക്കുകൂട്ടുന്നത് ഏറിയാൽ മൂവായിരം വോട്ട്. യുഡിഎഫിനാണു പിന്തുണയെങ്കിൽ ആ വോട്ട് മുഴുവൻ ഡി.വിജയകുമാറിനു കിട്ടും. അതല്ല, ഇടതുമുന്നണിക്കെന്നു തീരുമാനിച്ചാൽ പകുതി കിട്ടിയാലായി എന്നും അവർ വാദിക്കുന്നു.

അന്നു തിരുവമ്പാടി, ഇന്നു ചെങ്ങന്നൂർ 

പിന്നിലേക്കു പോയാൽ മഅദനിയുടെ കാര്യത്തിലും ഇതേ എതിർപ്പുയർത്തിയതു സിപിഐയാണ്. സിപിഎമ്മിനകത്ത് ഏറ്റുപിടിക്കാൻ വി.എസ്.അച്യുതാനന്ദനുണ്ടായി. ഡിഐസിയുടെ കാര്യത്തിൽ സിപിഐയ്ക്ക് ആദ്യം മധുരിച്ചിരുന്നുവെന്നതു നേര്. 2005ലെ തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയശ്രീലാളിതനായ പന്ന്യൻ രവീന്ദ്രൻ കരുണാകരനു നീട്ടിക്കൊടുത്ത ലഡുവിൽ ആ മധുരം കിനിഞ്ഞിരുന്നു. എന്നാൽ, പൊളിറ്റ്ബ്യൂറോയും വിഎസും കരുണാകരന്റെ ‘അഴിമതിക്കെതിരെ’ വാളെടുത്തപ്പോൾ സിപിഐ ആ പടയ്ക്കൊപ്പം ചേർന്നു. 

എന്നിട്ടും പ്രതീക്ഷ വിടാതെ എൻസിപിയിലൂടെ പരകായപ്രവേശം നേടി എൽഡിഎഫിലെത്താൻ നോക്കി കരുണാകരനും മുരളീധരനും. അന്നും ഒരു ഉപതിരഞ്ഞെടുപ്പുണ്ടായിരുന്നു. 2006ലെ വിഎസ് സർക്കാരിന്റെ ആദ്യ അഗ്നിപരീക്ഷ: തിരുവമ്പാടി. അവിടെ ആരും മനസ്സാക്ഷി വോട്ടിനൊന്നും മുതിർന്നില്ല. കൺവൻഷൻ വിളിച്ചുചേർത്ത് അന്നത്തെ എൻസിപി സംസ്ഥാന പ്രസിഡന്റ് മുരളി എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ 246 വോട്ടിന് ഇടതുസ്ഥാനാർഥി ജോർജ് എം.തോമസ് കടന്നുകൂടി. എൻസിപിയുടെ പിന്തുണയും അതിലൊരു പങ്കുവഹിച്ചുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പരസ്യമായി പറഞ്ഞതോടെ കരുണാകരനും മുരളിക്കും പ്രതീക്ഷ കൂടി. 

പക്ഷേ, സംഭവിച്ചതോ? വേഷം മാറി എൻസിപിയായി എൽഡിഎഫിലെത്താനുള്ള ഉപായം നടക്കില്ലെന്നു സിപിഎം കേന്ദ്രനേതൃത്വം തീർത്തു പറഞ്ഞു. ഇടതുമുന്നണി യോഗത്തിൽ സിപിഐ ഉറഞ്ഞുതുള്ളി. അതുവരെ എൽഡിഎഫിലുണ്ടായിരുന്ന എൻസിപി, മുരളി പ്രസിഡന്റായതിന്റെ പേരിൽ മുന്നണിക്കു പുറത്തായി! 2006 ഡിസംബർ 11ന് എകെജി സെന്ററിൽ യോഗത്തിനെത്തിയ എൻസിപി നേതാക്കൾ ആട്ടിയിറക്കപ്പെട്ടു. 

എൽഡിഎഫ് വിപുലീകരണത്തിനായുള്ള ഏറ്റവും ഒടുവിലത്തെ വിവാദത്തിനു കർട്ടൻ വീണത് അങ്ങനെയാണ്. തിരശ്ശീല വീണ്ടും ഉയരുമ്പോൾ രംഗത്തു കെ.എം.മാണിയും മകൻ ജോസ് കെ.മാണിയുമാണ്!