ഗാസയിൽ തുടരുന്ന ഇസ്രയേൽ കാടത്തം

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗാസ മുനമ്പിലെ ജനത, വീണ്ടുമൊരു ദുരിതകാലത്തിലൂടെ കടന്നുപോവുകയാണ്. യുഎസിന്റെ ഇസ്രയേൽ എംബസി ജറുസലമിലേക്കു മാറ്റിയതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 62 പലസ്തീൻകാർക്കാണു ജീവൻ നഷ്ടമായത്. ആയിരക്കണക്കിനു പേർക്കു പരുക്കേറ്റു. ഗാസയുടെ മണ്ണ് രക്തംകൊണ്ടു കുതിർന്ന ഈ സംഭവം യുദ്ധക്കുറ്റമായി കണക്കാക്കി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനൽ കോടതിയെ (ഐസിസി) പലസ്തീൻ സമീപിച്ചിരിക്കുകയാണിപ്പോൾ. 

ഇസ്രയേലിലെ എംബസി ജറുസലമിലേക്കു മാറ്റിയതിലൂടെ ലോകത്തിന്റെ പിന്തുണയില്ലാത്തൊരു നടപടിയാണ് യുഎസ് ചെയ്തത്. ക്രിസ്ത്യൻ, മുസ്‌ലിം, ജൂത വിശ്വാസികൾക്ക് ഒരുപോലെ വിശുദ്ധമാണ് ഈ പുണ്യഭൂമി. 1967ലെ ആറുദിന യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്ത കിഴക്കൻ ജറുസലം ഇപ്പോഴും തർക്കപ്രദേശമായാണു ലോകം കാണുന്നത്. ഈ നഗരം ഇസ്രയേലിന്റെ സ്വന്തമാണെന്നു ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ, തലസ്ഥാനം ടെൽ അവീവിൽനിന്നു ജറുസലമിലേക്കു മാറ്റാൻ ഇസ്രയേൽ നേരത്തേ തീരുമാനമെടുത്തതിനും ലോകത്തിന്റെ പൊതു അംഗീകാരം ലഭിച്ചിരുന്നില്ല.

തലസ്ഥാനമാറ്റത്തിനായി 1980 ജൂലൈയിൽ ഇസ്രയേൽ പാർലമെന്റ് പാസാക്കിയ ജറുസലം നിയമത്തെ തൊട്ടടുത്ത മാസം തന്നെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) തള്ളിക്കളയുകയാണു ചെയ്തത്. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നു വ്യക്തമാക്കിയ യുഎൻ, അംഗരാജ്യങ്ങളോട് ജറുസലമിൽ നയതന്ത്രകാര്യാലയങ്ങൾ സ്ഥാപിക്കരുതെന്നു നിർദേശിക്കുകയും ചെയ്തു. അപ്പോൾ അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഏതാനും രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ യുഎൻ നിർദേശപ്രകാരം മാറ്റുകയുണ്ടായി. ഇസ്രയേലിന്റെ ജറുസലം പ്രമേയത്തെ യുഎൻ രക്ഷാസമിതി തള്ളിക്കളഞ്ഞപ്പോൾ സമിതിയിലെ 15 രാജ്യങ്ങളിൽ പതിനാലും ആ തീരുമാനത്തിനൊപ്പമാണു നിന്നത്. യുഎസ് മാത്രം വിട്ടുനിന്നു. അപ്പോഴും, എതിർത്തില്ല എന്നതു ശ്രദ്ധേയമാണ്. 

കാൽനൂറ്റാണ്ടിലേറെ കാലമായി നിലനിൽക്കുന്ന ഈ സ്ഥിതിയെ തല്ലിത്തകർത്താണ്, യുഎസ് എംബസി ജറുസലമിലേക്കു മാറ്റുകയാണെന്ന് കഴിഞ്ഞ ഡിസംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. യുഎസ് പ്രഖ്യാപനത്തെ അപലപിച്ചുള്ള പ്രമേയത്തെ യുഎൻ പൊതുസഭയിൽ ഇന്ത്യ ഉൾപ്പെടെ 128 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ, എതിർക്കാൻ യുഎസിനും ഇസ്രയേലിനും ഒപ്പമുണ്ടായിരുന്നത് ടോഗോ, പലാവ്, നാവ്‌റു, ഗ്വാട്ടിമാല തുടങ്ങിയ നാമമാത്രമായ ഏഴു രാജ്യങ്ങൾ മാത്രം. ജറുസലമിലേക്കുള്ള എംബസിമാറ്റം ഉപേക്ഷിക്കാനുള്ള പ്രമേയം യുഎൻ രക്ഷാസമിതിയിൽ വിജയിക്കാതെ പോയത് യുഎസ് വീറ്റോ പ്രയോഗിച്ചതുകൊണ്ടുമാത്രമാണ്. ബാക്കി 14 രാജ്യങ്ങളും യുഎസിനെതിരെ നിൽക്കുകയായിരുന്നു. 

ഈ ചുവരെഴുത്തുകളൊന്നും ട്രംപോ ഇസ്രയേലോ കണ്ടതായി ഭാവിച്ചില്ല. എംബസിമാറ്റം നടപ്പാക്കുക തന്നെ ചെയ്തു. ഇതിനെതിരെ വൻ പ്രതിഷേധം ഉയരുമെന്നും ഉറപ്പായിരുന്നു. അതു നേരിടാൻ യുദ്ധസമാനമായ ആയുധപ്രയോഗമാണ് ഇസ്രയേൽ നടത്തിയത്. വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ എട്ടുമാസം മാത്രമുള്ള ലൈല ബന്ദോർ എന്ന പിഞ്ചുകുഞ്ഞുമുണ്ട്. മുത്തശ്ശിയുടെ കൈകളിൽ കിടന്നു മരണത്തിലേക്കു കണ്ണടച്ച ലൈലയുടെ ചിത്രം, ഇപ്പോൾ പലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ പ്രതീകമാണ് – സിറിയൻ അഭയാർഥികളുടെ ദുരിതകഥയുടെ സാക്ഷ്യമായി മാറിയ ഐലാൻ കുർദിയുടെ ചിത്രം പോലെ. പത്തു വർഷം മുൻപ് ഇസ്രയേൽ ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ഫാദി അബു സലാഹ് എന്ന യുവാവിന് ഇത്തവണ ജീവൻതന്നെ നഷ്ടപ്പെട്ടു. 

പതിനെട്ടു ലക്ഷത്തിലേറെ ജനങ്ങൾ 356 ചതുരശ്രകിലോമീറ്റർ സ്ഥലത്തു തിങ്ങിഞെരുങ്ങിക്കഴിയുന്ന ‘തുറന്ന ജയിൽ’ തന്നെയാണു ഗാസ മുനമ്പ്. വെള്ളവും വൈദ്യുതിയും മാത്രമല്ല, മരുന്നുപോലും ഇവിടെ അപൂർവമാണെന്നു പറയാം. തുടർച്ചയായ ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഈ ജനതയ്ക്കുമേൽ ഇനിയും ആക്രമണവും ദുരിതങ്ങളും വർഷിക്കുന്നത് മനുഷ്യത്വത്തിനു നേരെയുള്ള കടന്നാക്രമണംതന്നെയാണ്.