ഏഷ്യൻ ഗെയിംസിലെ നേട്ടവും പാഠവും

ഒളിംപിക്സ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ കായികമേളയായ ഏഷ്യൻ ഗെയിംസിനു ജക്കാർത്തയിൽ കൊടി താഴുമ്പോൾ തലയുയർത്തിയാണ് ഇന്ത്യയുടെ മടക്കം. സംഘാടന മികവുകൊണ്ടുകൂടി ശ്രദ്ധ പിടിച്ചുപറ്റിയ മഹാമേളയിൽനിന്നു മെഡലെണ്ണത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി നമ്മുടെ സംഘം തിരിച്ചെത്തുമ്പോൾ ആഹ്ലാദിക്കാൻ ഒട്ടേറെയുണ്ട് കാര്യങ്ങൾ. 

വ്യത്യസ്ത ഇനങ്ങളിൽ മെഡലുകൾ സ്വന്തമാക്കിയെങ്കിലും അത്‍ലറ്റിക്സിലെ കരുത്തിലാണു രാജ്യത്തിനു റെക്കോർഡ് നേട്ടം എത്തിപ്പിടിക്കാനായത്. ട്രാക്കില‍ും ഫീൽഡിലും ഉജ്വല പ്രകടനം നടത്തിയവരിൽ മലയാളികളുമുണ്ടെന്നതു കേരളത്തിന് അഭിമാനം പകരുന്നു. 

സ്വർണക്കുതിപ്പു നടത്തിയ ജിൻസൻ ജോൺസണും വി.കെ.വിസ്മയയും മെഡൽ നേടി തിളങ്ങിയ വി.നീനയും വൈ.മുഹമ്മദ് അനസും പി.കുഞ്ഞുമുഹമ്മദും പി.യു.ചിത്രയും കേരളത്തിന്റെ കായികപാരമ്പര്യത്തിന്റെ പിന്തുടർച്ചാവകാശികളാണ്. താരങ്ങളെ വളർത്തിയെടുക്കുന്നതിൽ നമ്മുടെ സ്കൂൾ കായികമേളകളും മറ്റും വഹിക്കുന്ന പങ്ക് ഇനിയെങ്കിലും വിസ്മരിച്ചുകൂടാ. ഹോക്കി ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ് ഒരിക്കൽക്കൂടി മലയാളികളുടെ അഭിമാനമായി. സ്ക്വാഷിൽ മെഡൽ നേടിയവരിൽ ദീപിക പള്ളിക്കൽ, സുനൈന കുരുവിള എന്നിവരുണ്ടെന്നതും മലയാളികൾക്കു സന്തോഷം നൽകുന്ന കാര്യംതന്നെ. 

തകരഷീറ്റുകൊണ്ടു മൂടിയ വീട്ടിൽനിന്നു സ്വർണ മെഡൽ തിളക്കത്തിലേക്കു കയറിയ, ബംഗാളിൽനിന്നുള്ള സ്വപ്ന ബർമനെപ്പോലെയുള്ള താരങ്ങൾ പ്രചോദനപാഠമായി നമ്മുടെ രാജ്യത്തുണ്ടെന്ന് ഏഷ്യൻ ഗെയിംസ് ഓർമിപ്പിക്കുന്നു. വാടകവീട്ടിലെ താമസത്തിനിടയിലും വിസ്മയ എന്ന പെൺകുട്ടിക്കു പഠനത്തിലും ട്രാക്കിലും ഒരുപോലെ മികവു കാത്തുസൂക്ഷിക്കാനായത് വലിയ അഭിമാനം നൽകുന്ന മറ്റൊരു നേട്ടം. വർഷങ്ങളായി കായികരംഗത്തു നിന്നിട്ടും ഒരു ജോലി കിട്ടാത്തതിന്റെ സങ്കടം പങ്കുവച്ച മഞ്ജിത് സിങ്ങും നമുക്കു മുന്നിലുണ്ട്. രാജ്യാന്തര തലങ്ങളിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടി തിളങ്ങുന്നവരോടൊക്കെയും ഇനിയെങ്കിലും രാജ്യം നീതികാണിക്കണം. മെഡൽ നേടിയവരെയും അവരെ ഒരുക്കിയവരെയും ഒരിക്കലും കൈവിട്ടുകൂടാ. 

നേട്ടങ്ങൾക്കിടയിലും ചില തിരിച്ചടികൾ ഇന്ത്യയെ പിന്തുടരുകയും ചെയ്യുന്നു. ചരിത്രത്തിലാദ്യമായി കബഡിയിൽ നേരിട്ട പരാജയം ഞെട്ടിക്കുന്നതാണ്. ഹോക്കിയിലും തളർച്ച കണ്ടു. രാജ്യത്തിന്റെ കുത്തകയായിരുന്ന ഇത്തരം കായികയിനങ്ങളിലെ മോശം പ്രകടനത്തിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ ഇനി തിരിച്ചുവരവു പ്രയാസമാകുമെന്നു തീർച്ച. ടീം തിരഞ്ഞെടുപ്പിനെച്ചൊല്ലി ഗെയിംസിനു മുൻപുണ്ടായ വിവാദങ്ങളും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. താരങ്ങളുടെ പ്രകടനത്തെക്കാൾ സംഘടനകളുടെ താക്കോൽസ്ഥാനത്തിരിക്കുന്നവരുടെ താൽപര്യങ്ങൾക്കു വില കൽപിക്കുന്നതു കായികരംഗത്തെ പിന്നോട്ടടിക്കും. കായികതാരം കൂടിയായ കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കുമെന്നു പ്രതീക്ഷിക്കാം. 

ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തോടെ തീരേണ്ടതല്ല കായികതാരത്തിന്റെ ജീവിതവും കായിക ഭരണകർത്താക്കളുടെ ജോലിയും. ഒളിംപിക്സ് രണ്ടുവർഷം മാത്രം അകലെയാണ്. നീരജ് ചോപ്രയെപ്പോലെ, രാജ്യം ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന താരങ്ങളെ വിശ്വകായിക മാമാങ്കത്തിനായി ഒരുക്കണം. പ്രതിഭാസമ്പന്നരായ താരങ്ങൾക്കു സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളുണ്ടാകുകയും വേണം. ഏഷ്യൻ ഗെയിംസിലെ നേട്ടം ഒളിംപിക്സിലെ മികച്ച പ്രകടനത്തിനുള്ള ഊർജമായി മാറിയേതീരൂ.

അതേസമയം, ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടമെന്നു പറഞ്ഞ് അഭിമാനംകൊള്ളുമ്പോൾതന്നെ, മെഡൽ പട്ടികയിൽ നമുക്കു മുന്നിലുള്ള ഏഴു രാജ്യങ്ങളിൽ ചൈനയൊഴിച്ചുള്ളവയെല്ലാം ഇന്ത്യയെക്കാൾ ചെറിയ രാജ്യങ്ങളാണെന്നതുകൂടി നാം ഓർക്കേണ്ടതുണ്ട്.