വൻഭീഷണിയായി എലിപ്പനി

പ്രളയമേഖലകളിൽ ശുചീകരണത്തിനു പോയവരുടെകൂടി ജീവനെടുത്ത് എലിപ്പനി നമുക്കു മുന്നിൽ അതീവഭീഷണമായി കലിതുള്ളുകയാണ്.

പ്രളയകാലത്തെന്നപോലെ, എലിപ്പനി ബാധിച്ചും ദിവസംതോറും മരണങ്ങളുണ്ടാവുന്നതു കേരളത്തിന്റെ സമാധാനം കെടുത്തുന്നു. സംസ്ഥാനത്തെ ആശുപത്രികളിൽ എത്രയോ പേർ എലിപ്പനി ബാധിച്ചു ചികിൽസയിലാണ്. ഒട്ടേറെ പേർ നിരീക്ഷണത്തിലുമാണ്. എലിപ്പനിക്കെതിരെ എല്ലാ ജില്ലകളിലും അതീവജാഗ്രത പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ ജില്ലകളിൽനിന്നുള്ളവരും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തതുകൊണ്ടാണിത്. കാൽ നൂറ്റാണ്ടോളമായി കേരളത്തിൽ എലിപ്പനി ബാധയും മരണങ്ങളുമുണ്ടെങ്കിലും പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഈ രോഗം ഏറെ രൂക്ഷമാകുമെന്നാണ് ആശങ്ക. വിവിധ ജില്ലകളിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, കോളറ എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

എലിപ്പനി ബാധിച്ചവരിലെല്ലാം ചെളിവെള്ളത്തിൽനിന്നു പകർന്നതാണെന്നു സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. കാലിലെയും മറ്റും ചെറിയ മുറിവുകളിലൂടെയാണ് ചെളിവെള്ളത്തിൽ ഇറങ്ങുന്നവരിൽ എലിപ്പനി ബാധിക്കുന്നത്. മഴക്കാലത്തു നിറഞ്ഞുകവിയുന്ന ഓടകളിലെ വെള്ളം നമ്മുടെ ജലസ്രോതസ്സുകളിലെത്തുന്നതും റോഡരികിലെയും മറ്റും വെള്ളക്കെട്ടുകളും എലിപ്പനി പടരാൻ കാരണമാകുന്നു. ചെളിവെള്ളത്തിലിറങ്ങി പനി ബാധിക്കുകയാണെങ്കിൽ ഉടനെ ആശുപത്രിയിലെത്താനും ഇത്തരത്തിൽ ചെളിവെള്ളത്തിലിറങ്ങിയിരുന്ന കാര്യം ഡോക്ടറോടു പ്രത്യേകം പറയാനും ആരോഗ്യവകുപ്പു നിർദേശിക്കുന്നുണ്ട്.

എലിപ്പനി ലക്ഷണങ്ങളുമായെത്തുന്ന എല്ലാ രോഗികൾക്കും പരിശോധനാ ഫലത്തിനു കാത്തുനിൽക്കാതെ തന്നെ ഡോക്ടർമാർ പ്രതിരോധ മരുന്നു നൽകണമെന്നും സർക്കാർ – സ്വകാര്യ ആശുപത്രികൾ ഇതു കർശനമായി പാലിക്കണമെന്നും മന്ത്രിതല നിർദേശമുണ്ട്. ഇനിയുള്ള ഒരു മാസം അതീവ നിർണായകംതന്നെ. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തിൽ ഈ മേഖലകളോടു ബന്ധപ്പെട്ടവരും ജാഗ്രത പുലർത്തണം. ആശുപത്രികളിലും പ്രളയബാധിത മേഖലകളിലുമെല്ലാം പ്രതിരോധ മരുന്ന് ആവശ്യാനുസരണം ലഭ്യമാക്കേണ്ടതുണ്ട്.

ശുചിത്വത്തിലൂടെയും പ്രതിരോധത്തിലൂടെയും നാം പറഞ്ഞുവിട്ട പഴയകാല രോഗങ്ങൾ വരെ തിരിച്ചുവന്നിരിക്കുന്നു. ചിക്കുൻഗുനിയ പോലുള്ള പുതിയ രോഗങ്ങൾ നമ്മെ കീഴടക്കുകയും ചെയ്യുന്നുണ്ട്. മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ പകർച്ചവ്യാധികൾ സംസ്‌ഥാനത്തെ ജനങ്ങളെ വേട്ടയാടുന്നതിന്റെ കാരണം മാലിന്യം കെട്ടിക്കിടക്കുന്നതുതന്നെയാണ്. പ്രളയമാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും കേരളത്തിനു മുന്നിലെ പുതിയ പ്രതിസന്ധിയായി മാറുമ്പോൾ മാലിന്യം വിളിച്ചുവരുത്തുന്ന രോഗങ്ങൾ കൊടുംഭീഷണിതന്നെയായി നമുക്കു മുന്നിലുണ്ട്.

പ്രളയത്തിൽപ്പെട്ട വീട്ടിൽ താമസിച്ചുതുടങ്ങുന്നതിനുമുൻപ് നന്നായി വൃത്തിയാക്കി, രോഗങ്ങളുണ്ടാകുന്ന സാഹചര്യമില്ല എന്നുറപ്പുവരുത്തിയേതീരൂ. സെപ്ടിക് ടാങ്കുകളിലെയും ഓടകളിലെയും മാലിന്യം ജലസ്രോതസ്സുകളിൽ കടന്നതിനാൽ അതീവശ്രദ്ധ വേണം. പ്രളയശേഷമുള്ള വൃത്തിയാക്കലിനൊപ്പം വെള്ളക്കെട്ടിൽ അധികം നിൽക്കാതിരിക്കാനും മുറിവുകളിൽ മലിനജലം പറ്റുന്നതു തടയാനും കരുതൽ വേണം. കന്നുകാലികളിലും എലിപ്പനിബാധയ്ക്കു സാധ്യതയുള്ളതിനാൽ മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധയുണ്ടാവണം. വീട്ടിലും പരിസരത്തും എലിശല്യമുണ്ടെങ്കിൽ വേണ്ട മുൻകരുതലെടുക്കുകയും വേണം.

രോഗം ബാധിക്കുന്നതു ജലസമ്പർക്കത്തിലൂടെയായതിനാൽ പ്രളയമേഖലകളിലുള്ളവരും സന്നദ്ധപ്രവർത്തനം നടത്തിയവരും എത്രയുംവേഗം പ്രതിരോധ ഗുളിക നിർദേശിക്കപ്പെട്ട അളവിലും സമയത്തും കഴിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമിപ്പിക്കുന്നു. പ്രതിരോധ മരുന്നുകൾ കഴിച്ചവരും ശുചീകരണവേളയിൽ കയ്യുറയും കാലുറയും ധരിക്കുകയും വേണം. രോഗം സംശയിക്കുന്നവരും ഗുളിക കഴിക്കേണ്ടതുണ്ട്.

പ്രളയത്തെ തോൽപിച്ച ആത്മധൈര്യത്തോടെ നമുക്ക് എലിപ്പനി അടക്കമുള്ള പ്രളയാനന്തര രോഗങ്ങളെയും നേരിടാം; ജയിക്കാം.