കൈകോർത്തു മുന്നോട്ട്; പ്രളയാനന്തര കേരളത്തിന്റെ വീണ്ടെടുപ്പിന് വിദഗ്ധരുടെ മാർഗനിർദേശങ്ങൾ

∙ ആശയ നിധി വേണം

പ്രഫ. കെ.പി.കണ്ണൻ

(ചെയർമാൻ, കോസ്റ്റ്ഫോർഡ് ആൻഡ് ലാറി ബേക്കർ സെന്റർ ഫോർ ഹാബിറ്റാറ്റ് സ്റ്റഡീസ്, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമാണ്)

നവകേരള നിർമിതിക്ക്‌ നൂതനാശയങ്ങൾ സ്വീകരിക്കാൻ ഓൺലൈനായി കേരള ആശയ നിധി (Kerala Idea Fund) ആരംഭിക്കണം. വിദഗ്ധരുടെ ഒരു സന്നദ്ധസംഘത്തിനു (Volunteer Expert Corps) രൂപം നൽകുക. ഒരു പുനർനിർമാണ സന്നദ്ധസേനയും വേണം. രണ്ടും ത്രിതല ഭരണമാതൃകയിൽ സംസ്ഥാന, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ വ്യാപിപ്പിക്കണം.

പണച്ചെലവ് കുറച്ച് പരിസ്ഥിതി സൗഹൃദ കെട്ടിടനിർമാണ നയം രൂപീകരിക്കണം. അണക്കെട്ടുകളുടെയും ജലാശയങ്ങളുടെയും സംഭരണശേഷി വർധിപ്പിക്കാൻ നടപടി സ്വീകരിക്കുക.

∙ ഇനിയും കടമെടുക്കരുത്

ഡോ. ജോസ് സെബാസ്റ്റ്യൻ

(അസോഷ്യേറ്റ് പ്രഫസർ
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസ്)

വീണ്ടും കടമെടുക്കാതെ ആഭ്യന്തര വിഭവസമാഹരണത്തിനു സർക്കാർ ശ്രമിക്കണം. ഇപ്പോൾ തദ്ദേശസ്ഥാപനങ്ങൾ പിരിക്കുന്ന കെട്ടിടനികുതി ഇരട്ടിയാക്കുകയും ഇതു സംസ്ഥാന സർക്കാർ പിരിച്ചെടുക്കുകയും ചെയ്യുക. 5000 കോടി രൂപ അധികം ലഭിക്കും. ഒരു വീട്ടിൽ പരമാവധി 60,000 രൂപ മാത്രം പെൻഷൻ ലഭിക്കുന്ന തരത്തിൽ ധനവിനിയോഗത്തിൽ മാറ്റം വരുത്തണം.

സാധാരണക്കാരിലേക്കു കൂടുതൽ പണമെത്തിക്കാനും അവരുടെ വാങ്ങൽ ശേഷി വർധിപ്പിക്കാനും ഇതുവഴി സാധിക്കും. നികുതി വരുമാനം കൂടും.  സർക്കാർ ജോലിയുടെ ദൈർഘ്യം 15 വർഷത്തേക്കു കുറയ്ക്കുക. കൂടുതൽ പേർക്കു തൊഴിൽ ലഭിക്കും.  ചെറുകിട സംരംഭങ്ങൾ കേരളത്തിൽ ഉൽപാദിപ്പിക്കുന്നവ വാങ്ങാൻ സർക്കാർ ജീവനക്കാർക്കു ശമ്പളത്തിന്റെ 15% കൂപ്പണായി നൽകുക