sections
MORE

പ്രളയ വായ്പാ നടപടി വേഗത്തിലാക്കും: മുഖ്യമന്ത്രി

cm-pinarayi-vijayan
SHARE

തിരുവനന്തപുരം ∙ പ്രളയത്തിൽപ്പെട്ടവർക്കു ബാങ്ക് വായ്പ വഴി ഉപജീവനമാർഗം പുനരാരംഭിക്കുന്നതിനു സർക്കാർ പ്രഖ്യാപിച്ച  പദ്ധതി സംബന്ധിച്ചു ബാങ്കുകൾക്കുള്ള ആശങ്കയിൽ വ്യക്തത വരുത്തും. ഒരാഴ്ചക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിപ്പിക്കുന്നതിനു നടപടി സ്വീകരിക്കാനും തീരുമാനം.

പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ. ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങൾ,കടകൾ എന്നിവയ്ക്കുണ്ടായ നഷ്ടം സംബന്ധിച്ചു വ്യവസായ വകുപ്പ് വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. വായ്പ സംബന്ധിച്ചു വ്യക്തത വരുത്തിയ സാഹചര്യത്തിൽ അടുത്ത ആഴ്ച കൊണ്ടു വായ്പ അനുവദിക്കുന്നതു ത്വരിതപ്പെടുത്താനാകും. പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ മാർച്ച് 31 വരെ സ്വീകരിക്കാൻ ബാങ്കുകൾക്കു  സംസ്ഥാനതല ബാങ്കിങ് സമിതി നിർദേശം നൽകും.  ഏകോപനത്തിന് റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ ചുമതലപ്പെടുത്തി.

വീടു പൂർണമായി നഷ്ടപ്പെട്ടവർക്കു സർക്കാർ വച്ചു കൊടുക്കുന്ന വീടുകൾ മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ഒപ്പം സ്വന്തമായി വീട് വയ്ക്കുന്നവരുടെ നിർമാണ പുരോഗതിയും വിലയിരുത്തണം. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രളയം കൂടുതലായി ബാധിച്ച വയനാട്, തൃശൂർ, എറണാകുളം,ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കാൻ  മന്ത്രി ഇ. ചന്ദ്രശേഖരനെ ചുമതലപ്പെടുത്തി.

വീടുകൾക്കു 30 മുതൽ 74% വരെ നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം ഒറ്റ ഗഡുവായി നൽകും. എംപിമാരുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഏകോപിപ്പിക്കുന്നതിനു ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തൊഴിലുറപ്പു പദ്ധതിയിൽ ലഭിക്കേണ്ട 804 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രത്തിൽ നിന്നു ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പുനർനിർമാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.

മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ പി.എച്ച്.കുര്യൻ, ബിശ്വാസ് മേത്ത, ടി.കെ.ജോസ്, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.

പ്രളയ സഹായം അവസാനിച്ചിട്ടില്ല; ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി: മുഖ്യമന്ത്രി

തിരുവനന്തപുരം∙ പ്രളയത്തിൽ നഷ്ടം നേരിട്ടവർക്കുള്ള സഹായം അവസാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനോപാധി നഷ്ടപ്പെട്ടവർക്കായി പുതിയ പദ്ധതി വരും.
എന്നാൽ അടിയന്തര സഹായമായ 10,000 രൂപ പോലും ലഭിക്കാത്ത പലരും ഇനിയുണ്ടെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സർക്കാരിന് ഇക്കാര്യത്തിൽ തുറന്ന സമീപനമാണുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു.

6.8 ലക്ഷം ദുരിതബാധിതർക്കു 10,000 രൂപ വീതം അടിയന്തര ധനസഹായം നൽകി. ഇതിൽ 77,041 പേർ അപ്പീലുകൾ വഴി ധനസഹായത്തിന് അർഹത നേടിയവരാണ്. പൂർണമായും തകർന്ന 13,362 വീടുകളിൽ 9,341 പേർക്ക് ആദ്യഗഡു നൽകി. ബാക്കിയുള്ളവ സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കെയർ ഹോം, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന നിർമാണം ഏറ്റെടുത്തിട്ടുണ്ട്.

ഭാഗികമായി തകർന്ന വീടുകളെ തകർച്ചയുടെ തോതനുസരിച്ച് നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്. ആദ്യ രണ്ട് വിഭാഗങ്ങൾക്കു ധനസഹായം പൂർണമായും നൽകി. ബാക്കിയുള്ളവർക്ക് ഒന്നാം ഗഡു നൽകി. 1.2 ലക്ഷം പേർക്ക് ഇത്തരത്തിൽ സഹായം ലഭിച്ചിട്ടുണ്ട്. അടുത്ത ഗഡു ഉൾപ്പെടെ ഫെബ്രുവരി 15നകം വിതരണം ചെയ്യാൻ നിർദേശം നൽകി. ആനുകൂല്യങ്ങൾ സംബന്ധിച്ച് അപ്പീലുകളും പരാതികളുമായി 54,792 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

10.5 ലക്ഷം കിറ്റുകൾ വിതരണം ചെയ്യാൻ 52.54 കോടി രൂപ ചെലവായി. കന്നുകാലികൾ നഷ്ടപ്പെട്ട 27,363 കുടുംബങ്ങൾക്ക് 21.7 കോടി രൂപയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കി. 2.3 ലക്ഷം കർ‌ഷകർക്കു ദുരന്തനിവാരണ നിധിയിൽ നിന്ന് 69.1 കോടി രൂപയും 2.24 കർഷകർക്കു 110.45 കോടി രൂപയുടെ കാർഷിക സഹായം സംസ്ഥാന ബജറ്റിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. 13,321 പേർക്ക് 21.5 കോടി രൂപ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA