സിംഹാസനം വീണ്ടെടുക്കാൻ ഭോപാലിലെ പോര്

ഫാത്വിമ സിദ്ധീഖി, ആരിഫ് അഖീൽ

മധ്യപ്രദേശ് രാഷ്ട്രീയത്തിലെ അതികായകനായ ആരിഫ് അഖീലിനോടു മൽസരിക്കുമ്പോൾ ബിജെപിയുടെ ഫാത്വിമ സിദ്ധീഖിക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്. പിതാവിനെ നാട്ടുകാർ വിളിച്ച ‘ഷേർ -ഇ-ഭോപാൽ’ (ഭോപാലിന്റെ സിംഹം) എന്ന വിളിപ്പേരു കുടുംബത്തിനായി തിരികെ പിടിക്കണം.

ഭോപാലിന് ഇന്ന് ഒരു സിംഹം മാത്രമേയുള്ളു. ബിജെപി 18 അടവും പയറ്റിയിട്ടും പിഴുതുമാറ്റാനാവാത്ത ‘ഷേർ ഇ ഭോപാൽ’ എന്ന വിളിപ്പേരുള്ള ആരിഫ് അഖീൽ വക്കീൽ. ഭോപാലിലെ നവാബുമാരുടെയും ബീഗം പരമ്പരയുടെയും ഓർമകളുറങ്ങുന്ന ഓൾഡ് ഭോപാൽ അടക്കിവാഴുന്ന രാഷ്ട്രീയനേതാവ്. എതിരാളികൾ മാറിവന്നെങ്കിലും 1998 മുതൽ ഭോപാൽ നോർത്തിൽ വിജയം ആരിഫിനു മാത്രം.

മധ്യപ്രദേശിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികളാണു കോൺഗ്രസിന്റെ ആരിഫും ബിജെപിയുടെ ഫാത്വിമയും. മധ്യപ്രദേശ് നിയമസഭയിലെ ഏക മുസ്‌ലിം അംഗമാണു മുൻമന്ത്രി കൂടിയായ ആരിഫ്. ബിജെപിയിലെ ഏക മുസ്‌ലിം സ്ഥാനാർഥി ഫാത്വിമ സിദ്ധീഖിയും.

കൊട്ടാരങ്ങളുടെയും കമാനങ്ങളും നിറഞ്ഞ്

മധ്യപ്രദേശിലെ പൊതു രാഷ്ട്രീയത്തിൽനിന്നു വിഭിന്നമാണു ഭോപാൽ നോർത്തിലെ രാഷ്ട്രീയം. ഗോണ്ട് രാജ്യത്തിലെ ഒരു ഗ്രാമം മാത്രമായ ഭോപാൽ പിന്നീട് മുസ്‌ലിം ഭരണാധികാരികളുടെ കീഴിലാണു പട്ടണമായി വളർന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ചരിത്രവുമായി ബീഗം ഭരണത്തിന്റെ കീഴിലായ ഭോപാലിൽ മുസ്‌ലിംകൾക്കു നിർണായകസ്വാധീനമുള്ള മേഖലയാണു പഴയ കൊട്ടാരങ്ങളും കമാനങ്ങളും നിലകൊള്ളുന്ന ഭോപാൽ നോർത്ത് മണ്ഡലം. 40 % മുസ്‌ലിംകളുള്ള ഇവിടെ പരമ്പരാഗതമായി മുസ്‌ലിം- ഹിന്ദു സ്ഥാനാർഥികളുടെ പോരാട്ടമായിരുന്നു.  കഴിഞ്ഞതവണയാണ് ആദ്യമായി ബിജെപി മുസ്‌ലിം സ്ഥാനാർഥിയെ നിർത്തിയത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരിട്ടു നിയന്ത്രിച്ച മൽസരത്തിൽ ആരിഫ്, പക്ഷേ, ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആരിഫ് ബെയ്ഗിനെ തോൽപിച്ചു.

മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾക്കു സ്വാധീനമില്ല. ഇത്തവണ കോൺഗ്രസ് മുസ്‌ലിം വിഭാഗത്തിലെ 4 പേർക്കു സീറ്റു കൊടുത്തിട്ടുണ്ട്. ഫാത്വിമയുടെ പിതാവ് റസൂൽ അഹമ്മദ് ആയിരുന്നു 1980 ലും 1985ലും കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെനിന്നു ജയിച്ചത്. ‘ഷേർ ഇ ഭോപാൽ’ എന്നറിയപ്പെട്ടിരുന്നത് അദ്ദേഹമായിരുന്നു. കോൺഗ്രസ് കുടുംബമായ ഫാത്വിമ കോൺഗ്രസ് ടിക്കറ്റ് നൽകാതെവന്നപ്പോഴാണു ബിജെപിയിൽ ചേർന്നത്.

പാരമ്പര്യത്തിന്റെ കരുത്തിൽ

‘എന്റെ പിതാവാണു ഷേർ ഇ ഭോപാൽ എന്നറിയപ്പെട്ടിരുന്നത്. പിതാവിന്റെ മരണശേഷം എന്റെ മാതാവ് മൽസരിച്ചു ജയിച്ചിരുന്നുവെങ്കിൽ ആ വിളിപ്പേര് ഞങ്ങളുടെ കുടുംബത്തിനു നഷ്ടപ്പെടില്ലായിരുന്നു. ഇത്തവണ ബിജെപി ജയിക്കും. ഞാൻ ലയണസ് ഓഫ് ഭോപാൽ ആകും!’ –ഫാത്വിമ പറഞ്ഞു. ശിവരാജ് സിങ് ചൗഹാന്റെ ഭരണത്തിൽ മുസ്‌ലിംകൾ മാത്രമല്ല എല്ലാ വിഭാഗക്കാരും അസംതൃപ്തരാണെന്ന് ആരിഫ് അഖീൽ ‘മനോരമ’യോടു പറഞ്ഞു. രാഷ്ട്രീയപരിചയമില്ലാത്ത ഫാത്വിമയ്ക്ക് മണ്ഡലത്തിൽ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭോപാൽ വാതക ദുരന്തം ഇരകളിൽ ഏറെയും ഭോപാൽ നോർത്തിൽ താമസിക്കുന്നവരാണ്. ആർക്കും നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. അവർ ബിജെപിയോട് എതിർപ്പുള്ളവരാണെന്നും ആരിഫ് പറഞ്ഞു.

എന്നാൽ, മധ്യപ്രദേശിൽ ബിജെപി മുസ്‌ലിം വിരുദ്ധമല്ലെന്നാണു ഫാത്വിമ സിദ്ധീഖിയുടെ നിലപാട്. മുഖ്യമന്ത്രി ശിവരാജ് സിങ് എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയാണു പ്രവർത്തിക്കുന്നത്. സമുദായ രാഷ്ട്രീയത്തോട് തനിക്കു താൽപര്യമില്ലെന്നും അവർ പറഞ്ഞു.  നിയമവിദ്യാർഥിയായിരിക്കെ വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണ് ആരിഫിന്റെ തുടക്കം. സ്വതന്ത്രനായിട്ടായിരുന്നു 1990 ൽ നിയമസഭയിലേക്കുള്ള ആദ്യപ്രവേശനം. ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന്, കലാപത്തിനാഹ്വാനം ചെയ്തുവെന്ന കേസിൽ ആരിഫ് അറസ്റ്റിലായി.
1993ൽ ആരിഫ് തോറ്റെങ്കിലും 1998 മുതൽ മണ്ഡലം ആരിഫിനെ കൈവിട്ടിട്ടില്ല. ദിഗ്‌വിജയ് സിങ് സർക്കാരിന്റെ കാലത്തു മന്ത്രിയായിരുന്ന അദ്ദേഹത്തിനു ഭോപാൽ ദുരന്തവുമായി ബന്ധപ്പെട്ട വകുപ്പിന്റെയും ചുമതലയുണ്ടായിരുന്നു. അധികാരമുണ്ടായിട്ടും അന്ന് ആരിഫ് ഒന്നും ചെയ്തില്ലെന്ന് എതിരാളികൾ ആരോപിക്കുന്നു.