ആരാകും, യുഎസിലെ ആദ്യ വനിതാ പ്രസിഡന്റ് ?

മിഷേൽ ഒബാമ, ഓപ്ര വിൻഫ്രി, നാൻസി പെലോസി, സാറ പേയ്‌ലിൻ

ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അവസരം യുഎസ് ജനത 2016ൽ വേണ്ടെന്നുവച്ചതാണ്. പകരം, യുഎസ് ചരിത്രത്തിൽ ഏറ്റവും കൂടിയ പ്രായത്തിൽ (70 വയസ്സ്) അധികാരത്തിലേറുന്ന പ്രസിഡന്റിനെ അവർ തിരഞ്ഞെടുത്തു. ഡോണൾഡ് ട്രംപിനോടുള്ള ഏറ്റുമുട്ടലിൽ ഹിലറി ക്ലിന്റൻ പരാജയപ്പെട്ടെങ്കിലും ഒരു വനിത യുഎസ് പ്രസിഡന്റാകുന്ന കാലം വിദൂരമല്ല എന്ന സന്ദേശം ആ തിരഞ്ഞെടുപ്പ് നൽകി. 

കോണ്ടലീസ റൈസ്, കമല ഹാരിസ്, നിക്കി ഹേലി

ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ വംശജൻ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് 2008ൽ ആണ് – ബറാക് ഒബാമ. 2012ൽ ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെതന്നെ, ഇനി വേണ്ടത് വനിതയെ ആ സ്ഥാനത്തെത്തിച്ച് അടുത്ത ചരിത്രരചന എന്ന ആശയവും ഉയർന്നുവന്നു. 2016ൽ ഡമോക്രാറ്റ് സ്ഥാനാർഥിയായി ഹിലറി ക്ലിന്റൻ ഉയർന്നുവന്നതിനു പിന്നിൽ ഈ കാരണവുമുണ്ട്. സ്ഥാനാർഥി ഹിലറി ആയതാണ് പരാജയകാരണം എന്ന വീണ്ടുവിചാരം ഡമോക്രാറ്റ് പക്ഷത്തു സജീവവുമാണ്. 

ഒരു നാൾ ഒരു വനിത യുഎസ് പ്രസിഡന്റാകും എന്നത് ഉറപ്പാണ്. അത് ആരായിരിക്കും? മൽസരത്തിനില്ല എന്ന് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും എല്ലാവരുടെയും മനസ്സിൽ ആ പേരുണ്ട് – മിഷേൽ ഒബാമ! രണ്ടാഴ്ച മുൻപ് പുറത്തിറങ്ങിയ, മിഷേലിന്റെ ആത്മകഥ ‘ബികമിങ്’ ഈ വഴിയിലെ വലിയൊരു ചുവടുവയ്പായി കാണുന്നവരും കുറവല്ല. ഒറ്റ കിടപ്പുമുറിയും ഹാളും മാത്രമുള്ള വീട്ടിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം പരിമിതികൾക്കു നടുവിലെ കുട്ടിക്കാലം മുതൽ ലോകത്തിന്റെ ‘കേന്ദ്രബിന്ദു’വായ വൈറ്റ് ഹൗസിലെ 8 വർഷം വരെയുള്ള സ്വപ്നസമാനമായ ജീവിതത്തിന്റെ അനുഭവങ്ങളാണത്. ലോകത്തെയും ജീവിതത്തെയും സമൂഹത്തെയും കുറിച്ചുള്ള തന്റെ വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും മിഷേൽ ഈ പുസ്തകത്തിൽ വരച്ചിടുന്നു. 

പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കാനില്ലെന്ന് മിഷേൽ ഈയിടെയും വ്യക്തമാക്കിയതാണ്. ‘വനിത എന്നതാണ് യോഗ്യതയെങ്കിൽ ഈ രാജ്യത്തു കോടിക്കണക്കിനു വനിതകളുണ്ട്. മിടുക്കി എന്നതെങ്കിൽ, ദശലക്ഷക്കണക്കിനു മിടുക്കികളുമുണ്ട്. എനിക്കു രാഷ്ട്രീയ താൽപര്യങ്ങളില്ല. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിച്ചു എന്നു മാത്രം’ – ഇതൊക്കെയാണ് മിഷേലിന്റെ വിശദീകരണം. ഇപ്പറഞ്ഞതത്രയും അവരുടെ സ്വീകാര്യത കൂട്ടുന്ന വാചകങ്ങളാണ് എന്നത് യാഥാർഥ്യവും. 

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് തന്നെയാകും. മിഷേൽ രംഗത്തിറങ്ങിയാൽ ട്രംപിനെ പരാജയപ്പെടുത്താൻ കഴിയുമെന്നു സർവേകൾ പ്രവചിക്കുന്നുണ്ട്. അതേസമയം, നിലവിലുള്ള പ്രസിഡന്റ് വീണ്ടും മൽസരിക്കുമ്പോൾ അദ്ദേഹത്തിനൊരു മേൽക്കൈ ഉണ്ടാകും; പ്രസിഡന്റ് തന്നെ വിജയിക്കുന്നതാണ് കൂടുതലായി സംഭവിക്കാറുള്ളതും. പുതിയൊരു സ്ഥാനാർഥിയെ നേരിടുന്നതിനെക്കാൾ ശ്രമകരമാണ് നിലവിലുള്ള പ്രസിഡന്റിനോട് ഏറ്റുമുട്ടുന്നത്. മിഷേൽ അതിനു തയാറാകുമോ? 

ഒരിക്കൽ ജനവിധിതേടി പരാജയപ്പെട്ടവർ വീണ്ടും മൽസരിക്കാതിരിക്കുക എന്നത് യുഎസ് രാഷ്ട്രീയത്തിലെ അലിഖിത മര്യാദയാണ്. അതുകൊണ്ടുതന്നെ, ഹിലറി ക്ലിന്റൻ വീണ്ടും രംഗത്തെത്താൻ സാധ്യതയില്ല. 2020ൽ ട്രംപിനോട് ഏറ്റുമുട്ടി പരാജയപ്പെടേണ്ടി വന്നാൽ മിഷേലിനു മുന്നിലുള്ള വഴിയും അടയും. അതിനെക്കാൾ നല്ലത് കുറച്ചുകൂടി കാത്തിരിക്കുന്നതല്ലേ എന്ന ചിന്ത സ്വാഭാവികം. തുടർച്ചയായ രണ്ടു തിരഞ്ഞെടുപ്പുകളിൽ മുൻ പ്രസിഡന്റുമാരുടെ ഭാര്യമാർ സ്ഥാനാർഥികളാകുന്നതും (2016ൽ ഹിലറി ക്ലിന്റൻ) ഒഴിവാക്കാം. 

മിഷേലിനെപ്പോലെ സ്ഥാനാർഥിത്വത്തിനായി ജനം ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു വനിതയാണ് ഓപ്ര വിൻഫ്രി. ടെലിവിഷൻ അവതാരകയും സാമൂഹികപ്രവർത്തകയുമായ ഓപ്ര വിൻഫ്രി, ഈ വർഷം ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരവേദിയിൽ നടത്തിയ ശക്തമായ പ്രസംഗം യുഎസിനെ കോരിത്തരിപ്പിച്ചതാണ്. ട്രംപിനോടു നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, വാക്കുകൊണ്ടാണെങ്കിലും കാശുകൊണ്ടാണെങ്കിലും, മിഷേലിനേക്കാൾ ഒരുപടി മുന്നിൽനിൽക്കുക വിൻഫ്രി ആയിരിക്കുമെന്ന നിഗമനവുമുണ്ട്. യുഎസിൽ ശതകോടീശ്വരിയായ ആദ്യ ആഫ്രിക്കൻ വംശജയും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ ആഫ്രിക്കൻ–അമേരിക്കൻ വംശജയുമാണവർ. പക്ഷേ, മിഷേലിനെപ്പോലെതന്നെ ‘ഞാനില്ല’ എന്ന് ഇപ്പോഴും തറപ്പിച്ചു പറയുകയാണ് ഓപ്ര വിൻഫ്രിയും. 

എലിസബത്ത് വാറൻ, കിർസ്റ്റൻ ഗിലിബ്രാൻഡ്

ഡമോക്രാറ്റിക് പാർട്ടിയിലെ ഏറ്റവും ശക്തയായ വനിത ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവരൊന്നുമല്ല; അത് നാൻസി പെലോസിയാണ്. യുഎസ് രാഷ്ട്രീയത്തിൽ 40 വർഷത്തോളമായി സജീവമായ അവർ 32 വർഷമായി പാർലമെന്റ് അംഗമാണ്. ജനപ്രതിനിധി സഭയിൽ 16 വർഷമായി ഡമോക്രാറ്റിക് പാർട്ടിയുടെ കക്ഷിനേതാവാണ്; ഇതിനിടയിൽ 4 വർഷം സ്പീക്കറായി. കഴിഞ്ഞമാസത്തെ തിരഞ്ഞെടുപ്പിൽ സഭയിൽ ഡമോക്രാറ്റുകൾ വീണ്ടും ഭൂരിപക്ഷം നേടിയതോടെ ഒരിക്കൽക്കൂടി സ്പീക്കറാകാനുള്ള തയാറെടുപ്പിലുമാണ് – ചില എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും. ഇങ്ങനെയാണെങ്കിലും 2020ൽ അവർ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യത കുറവാണ്. ഇപ്പോൾ 78 വയസ്സായ പെലോസിക്ക് 2020ലെ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും 80 വയസ്സ് പിന്നിടും എന്നതുതന്നെ പ്രധാനകാരണം. പെലോസിയെ കണ്ടാൽ ‘78 വയസ്സോ, ഇവർക്കോ’ എന്ന് ആരും ചോദിച്ചുപോകുമെന്നത് വേറെ കാര്യം. 2020ൽ ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർഥിയായി പുരുഷനാണു രംഗത്തെത്തുന്നതെങ്കിൽ നാൻസി പെലോസി വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആയേക്കാം. 

വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്തെത്തുകയും (2008) നേട്ടത്തെക്കാളേറെ തിരിച്ചടി നേരിടുകയും ചെയ്ത വ്യക്തിയാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ സാറ പേയ്‌ലിൻ. 2012ൽ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള സൂചനകൾ അവർ നൽകിയിരുന്നെങ്കിലും ഇനി രംഗത്തെത്താൻ സാധ്യത കുറവാണ്. റിപ്പബ്ലിക്കൻ പക്ഷത്ത് രംഗത്തെത്തിയാൽ തുറുപ്പുചീട്ട് ആകാവുന്ന വനിത മുൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ആണ്. ആഫ്രിക്കൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയ ആദ്യ വനിതയും സ്റ്റേറ്റ് സെക്രട്ടറി ആയ രണ്ടാമത്തെ വനിതയുമാണ് റൈസ്. ഇന്ത്യൻ വംശജരായ കമല ഹാരിസ് (ഡമോക്രാറ്റ്), നിക്കി ഹേലി (റിപ്പബ്ലിക്കൻ) എന്നീ പേരുകളുമുണ്ട്. കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് കമല ഹാരിസ് കലിഫോർണിയയിലെ ഒരു വേദിയിലെത്തിയപ്പോൾ ജനക്കൂട്ടം ‘മാഡം പ്രസിഡന്റ്’ എന്ന ആർപ്പുവിളിയോടെയാണു വരവേറ്റത്. കമല ഹാരിസിനു പുറമെ എലിസബത്ത് വാറൻ, കിർസ്റ്റൻ ഗിലിബ്രാൻഡ് എന്നിവരും 2020ലെ സ്ഥാനാർഥിത്വം സജീവമായി പരിഗണിക്കുന്ന ഡമോക്രാറ്റ് നേതാക്കളാണ്. 

ഏതായാലും യുഎസ് പ്രസിഡന്റ് പദത്തിലേക്ക് മുന്നിട്ടുനിൽക്കുന്ന വനിതകളിലേറെയും ആഫ്രിക്കൻ വംശജരോ ഇന്ത്യൻ വംശജരോ ആണ്. വംശീയത ഏറിവരുന്ന ഇക്കാലത്ത് അതൊരു വെല്ലുവിളിയാകാം; മാറ്റത്തിലേക്കുള്ള സാധ്യതയുമാകാം.