ചോരന്മാർ വാഴും ജംതാര

സൈബർ തട്ടിപ്പുകാരിൽനിന്നു പിടികൂടിയ വാഹനങ്ങൾ കർമടണ്ട് പൊലീസ് സ്റ്റേഷനു മുന്നിൽ.‌

ജംതാര, പേരിനെന്തൊരു ചന്തം. പക്ഷേ, ‘പേരുദോഷം’ ഈ നാടിനെ വിട്ടൊഴിയുന്നില്ല. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 300 കിലോമീറ്റർ അകലെയാണു ജംതാര. രാജ്യത്തെ, 70 ശതമാനത്തോളം സൈബർ പണത്തട്ടിപ്പു കേസുകൾക്കും പിന്നിൽ ഈ നാട്ടിലുള്ളവരാണെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ജനസംഖ്യയിൽ 39 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെ. നല്ല വീടുകളും സ്കൂളുകളും പരിമിതം. പക്ഷേ, കൂണുപോലെ മുളച്ചുപൊന്തുന്ന മൊബൈൽ കടകളും സൈബർ കഫേകളും. കേരളം ഉൾപ്പെടെ പതിനെട്ടോളം സംസ്ഥാനങ്ങളിലെ പൊലീസ് സംഘങ്ങൾ അടിക്കടി ജംതാരയിലെത്തുന്നു. 

മീശമുളയ്ക്കാത്ത കള്ളന്മാർ 

വർഷങ്ങളായി ബാങ്കുകളുടെയും ഇടപാടുകാരുടെയും പേടിസ്വപ്നമാണ് ജംതാരയിലെ കള്ളന്മാർ. പ്രാഥമിക വിദ്യാഭ്യാസം പോലും കഷ്ടിയായ, മീശമുളയ്ക്കാത്ത പയ്യന്മാർ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ മുറികളിലിരുന്ന് മെയ്യനങ്ങാതെ ലക്ഷങ്ങൾ തട്ടിയെടുക്കുന്നു. വ്യാജവിലാസത്തിൽ എണ്ണമില്ലാ സിം കാർഡുകൾ കൈക്കലാക്കിയാണ് ‘ഓപ്പറേഷൻ’. രാജ്യത്തെ പ്രമുഖ ദേശസാൽകൃത, സ്വകാര്യ ബാങ്കുകളുടെയെല്ലാം ശാഖകൾ ജംതാരയിലുണ്ട്. വ്യാജ കെവൈസി രേഖകൾ നൽകി അക്കൗണ്ട് തുറന്ന് ഇ– വോലറ്റ് വഴിയും മറ്റും ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ഒട്ടേറെ സംഘങ്ങളാണ് ഇവിടെയുള്ളത്. ഒരു ഡസനിലേറെ വനിതകളും തട്ടിപ്പുരംഗത്തുണ്ടെന്നു പൊലീസ് പറയുന്നു. കർമടണ്ട് സ്വദേശി പിങ്കി ദേവി കഴിഞ്ഞമാസം അറസ്റ്റിലായിരുന്നു. 

സൈബർദൗത്യം

‘ചീത്തപ്പേര്’ കൂടിയതോടെ, ജാർഖണ്ഡ് സർക്കാർ കഴിഞ്ഞവർഷം ജംതാരയിൽ തുടങ്ങിയ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഫോണിനു വിശ്രമമേയില്ല. തട്ടിപ്പുകാരക്കുറിച്ചുള്ള വിവരംതേടി വിളിക്കുന്നത് പലപല സംസ്ഥാനങ്ങളിലെ പൊലീസുകാർ. പക്ഷേ, പൊലീസിനുള്ളിലും തട്ടിപ്പുകാർക്കു വിവരം ചോർത്തിനൽകുന്നവരുണ്ട്. അപകടസൂചന ലഭിച്ചാൽ തട്ടിപ്പുസംഘം കാടുകളിലേക്കു മുങ്ങും. റെയ്ഡിനെത്തുന്ന പൊലീസിനുനേരെ വെടിവയ്പും കല്ലേറും അമ്പെയ്ത്തുംവരെ പതിവ്. സൈബർ സ്റ്റേഷൻ തുറന്നതോടെ, തട്ടിപ്പുകൾക്കു നേരിയ ശമനം വന്നിട്ടുണ്ടെന്ന് ജംതാര ഡിവൈഎസ്പി സുമിത് കുമാർ പറയുന്നു. 

ജംതാര ജില്ലയിലെ കർമടണ്ട്, നാരായൺപുർ ഗ്രാമങ്ങളിൽനിന്നു മാത്രം പത്തു മാസത്തിനിടെ 92 പേർ അറസ്റ്റിലായി. തട്ടിപ്പുസംഘങ്ങളുടെ തലവനെന്നു കരുതപ്പെടുന്ന യുഗൽ മണ്ഡലിനെ പിടികൂടാൻ കഴിഞ്ഞതോടെ, ഏറെപ്പേർ കുടുങ്ങി. യുഗൽ മണ്ഡൽ നിർമിച്ച കോടികൾ വിലമതിക്കുന്ന ബംഗ്ലാവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞമാസം കണ്ടുകെട്ടി. 

വിളിയാണ് കുരുക്ക്

ബാങ്ക് മാനേജർ എന്ന വ്യാജേനയാണ് അക്കൗണ്ട് ഉടമകളുടെ ഫോണിലേക്കു വിളിയെത്തുന്നത്. എടിഎം, ക്രെഡിറ്റ് കാർഡുകളുടെ കാലാവധി നീട്ടിനൽകാനാണ് എന്നു പറഞ്ഞു വിളിക്കുമ്പോൾ, വിശ്വാസ്യത നേടാനായി കാർഡിലെ എട്ട് അക്കങ്ങളും അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാർ കൃത്യമായി പറയും. ബാക്കിയുള്ള നാലക്ക നമ്പരും സിവിവിയും അക്കൗണ്ട് ഉടമയിൽ മനസ്സിലാക്കിക്കഴിഞ്ഞാൽ തട്ടിപ്പിന്റെ കണ്ണികൾ മുറുകുകയായി. വാക്ചാതുര്യത്തിൽ അക്കൗണ്ട് ഉടമ വീണാൽ പണം പോയതുതന്നെ. എന്തെങ്കിലും സംശയം ചോദിച്ചാൽ മുൻകൂട്ടി തയാറാക്കിയ ഉത്തരവും മുംബൈ ഹെഡ് ഓഫിസിൽ നിന്നാണെന്ന മറുപടിയും. അവിടെയും സംശയങ്ങൾ അവസാനിച്ചില്ലെങ്കിൽപിന്നെ, തട്ടിപ്പുകാർതന്നെ ഫോൺ കട്ടാക്കി മുങ്ങും. 

ചീറിപ്പായാൻ... 

തട്ടിയെടുക്കുന്ന പണംകൊണ്ട് ആഡംബര വാഹനങ്ങൾ വാങ്ങാനാണു തട്ടിപ്പുകാർക്ക് ഏറെ പ്രിയം. ജംതാര നഗരത്തിൽമാത്രം ഇപ്പോൾ പ്രതിമാസം വിറ്റുപോവുന്നത് ഇരുനൂറിലേറെ ന്യൂജെൻ ബൈക്കുകളാണ്. ഇവ വാങ്ങുന്നതിലധികവും, പതിനെട്ടു പോലും തികയാത്തവരും. 

ദാരിദ്ര്യം തന്നെ വില്ലൻ

രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് ജംതാരയെ ഓൺലൈൻ തട്ടിപ്പിന്റെ വിളഭൂമിയാക്കിയതെന്ന് പൊലീസും സാമൂഹികപ്രവർത്തകരും വിലയിരുത്തുന്നു. വൻ ധാതുനിക്ഷേപമുണ്ടെങ്കിലും അതൊന്നും ഇന്നാട്ടുകാർക്കു പ്രയോജനപ്പെടുന്നില്ല. ഖനിമാഫിയയുടെ ഭീഷണി ചെറുക്കാനുള്ള സംഘബലമോ കർമശേഷിയോ ഇല്ലാത്തവർ, മറ്റു കുറ്റകൃത്യങ്ങളിലേക്കു തിരിയുന്നതു സ്വഭാവികമാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വാദം. 

തട്ടിപ്പിൻ മധുരം

ജംതാരയുടെ വഴിയെ തന്നെയാണ് 60 കിലോമീറ്റർ അകലെയുള്ള മധുപുർ. മധുപുരിലെ മർഗോ ഗ്രാമമാണു തട്ടിപ്പുകാരുടെ പറുദീസ. വനമേഖലകൾ നിറഞ്ഞ ഇവിടേക്കു യാത്രാസൗകര്യങ്ങൾ ഒന്നുമില്ലാത്തത് പൊലീസിനെ കുഴക്കുന്നു. സംഘത്തലവനായ സഞ്ജയ് യാദവിനെ രണ്ടുമാസം മുൻപ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും, ജാമ്യത്തിലിറങ്ങി മുങ്ങി.  

മോഷണ പരിശീലനം

തട്ടിപ്പുസംഘത്തിലെ പലർക്കും വിദഗ്ധ പരിശീലനം ലഭിക്കുന്നുണ്ട്. ജംതാര കർമടണ്ട് സ്വദേശി റാം കുമാർ മണ്ഡൽ ഇരുനൂറിലേറെ യുവാക്കളെ തട്ടിപ്പു പരിശീലിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. ഇയാൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.    

തൊണ്ടിമുതൽ 

കുറ്റവാളികളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 62 ലക്ഷം രൂപ, സിം– 1012, മൊബൈൽ ഫോൺ –736, ലാപ്ടോപ് 32, എടിഎം കാർഡ്– 260, ബാങ്ക് അക്കൗണ്ട് –213, ടൂവീലർ –86, ഫോർ വീലർ –21.