ഫലിതത്തിനൊരു കോടതി ബെ‍ഞ്ച്

ഫലിതത്തിനും തമാശയ്ക്കുമൊക്കെ ഇപ്പോൾ കഷ്ടകാലമാണെന്ന് നമുക്കൊക്കെ അറിയാമെങ്കിലും അതൊരു കോടതി പറയുമ്പോൾ ആ ബോധ്യത്തിനു ബലം വർധിക്കുന്നു. തമാശയെ തമാശയെന്നു വിളിക്കാനുള്ള നർമബോധം കാട്ടിയത് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെ‍ഞ്ചാണ്. ആ ബെഞ്ചിനെ ബെഞ്ചിൽ കയറിനിന്ന് അപ്പുക്കുട്ടൻ അഭിവാദ്യം ചെയ്തുകൊള്ളുന്നു.

ഒരു ദൈവിക കഥാപാത്രത്തെയും ഒരു മറാഠി സിനിമയിലെ കഥാപാത്രത്തെയും ഒന്നിച്ച് ഫെയ്സ്ബുക്കിൽ നിക്ഷേപിച്ച് നിങ്ങൾക്ക് ആരെയാണ് കൂടുതലിഷ്ടം എന്നു ചോദിച്ച ഒരാൾ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസ് വന്നപ്പോൾ ഹൈക്കോടതി ബെഞ്ച് പറഞ്ഞു:ഹാ കഷ്ടം, നാം ഇന്ത്യക്കാർ ഇത്ര നർമബോധമില്ലാത്തവരായിപ്പോയല്ലോ. ദൈവത്തിനുള്ള നർമബോധത്തിന്റെ ഒരംശമെങ്കിലും നമുക്കും വേണ്ടേ? ദൈവങ്ങളും മനുഷ്യരുമൊക്കെ പരസ്പര സഹകരണത്തോടെയും തമാശകൾ പങ്കുവച്ചും ജീവിക്കേണ്ട ഈ രാജ്യത്ത് നമ്മളിങ്ങനെ ബലം പിടിക്കേണ്ട കാര്യമുണ്ടോ?

ആരോപണവിധേയനെതിരായ പ്രഥമവിവര റിപ്പോർട്ട് റദ്ദാക്കാൻ നർമബോധം ഉയർത്തിപ്പിടിച്ച് 15 പേജിൽ വിധിന്യായം എഴുതേണ്ടിവന്നു കോടതിക്ക്. എന്നിട്ടു പരാതിക്കാരനോട് കോടതി പറഞ്ഞു: ഇതൊക്കെ തമാശയായി എടുത്താൽ പോരേ? നമുക്കെല്ലാം കുറച്ചൊരു നർമബോധമുണ്ടായിരുന്നെങ്കിൽ ഈ സമൂഹത്തിൽനിന്ന് എന്തെല്ലാം പ്രശ്നങ്ങൾ ഒഴിവായേനെ.

ഔറംഗാബാദ് ബെഞ്ചിന്റെ വിധി തെക്കോട്ടു സ‍ഞ്ചരിച്ച് അതിന്റെ നർമപ്രകാശം കേരളത്തിലുമെത്തിയിട്ടുണ്ട് എന്നതിൽ നാം സന്തോഷിക്കണം. നവോത്ഥാന മൂല്യങ്ങൾ കേരളം വിട്ടുപോകാതിരിക്കാനായി പുതുവർഷത്തിൽ കേരള സർക്കാർ മേൽനോട്ടത്തിൽ നിർമിക്കുന്ന വനിതാമതിലിനുമേൽ ഈ പ്രകാശം വീണുകിടക്കുന്നതു കണ്ട് ആരാണു സന്തോഷിക്കാത്തത്?

നവോത്ഥാനം ഒരു കാരണവശാലും കേരളത്തിലേക്കു കയറാതിരിക്കാനാണ് മതിൽ കെട്ടുന്നതെന്നു പറയുമ്പോൾ പരക്കുന്നതും ഇതേ നർമപ്രകാശം തന്നെ.
ജനുവരി ഒന്ന് എന്ന ഒരൊറ്റ ദിവസംകൊണ്ട് മതിലുണ്ടാക്കുകയും പൊളിക്കുകയും ചെയ്യുന്നതിനാൽ പിന്നെയങ്ങോട്ട് നവോത്ഥാനം കട്ടപ്പൊഹയാണോ എന്നു ചോദിക്കുന്നവരും കയറിനിൽക്കുന്നത് ഔറംഗാബാദ് ബെഞ്ചിൽത്തന്നെയല്ലേ?.