Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ രാജ്യമേ, ചാർത്താം ലിനിക്കൊരു പത്മമുദ്ര

Author Details
Lini

ബഹുമാനപ്പെട്ട കേന്ദ്ര – കേരള സർക്കാരുകളേ, 

കഷ്ടിച്ച് ഒന്നര മാസം കഴിഞ്ഞ് റിപ്പബ്ലിക് ദിനം പ്രമാണിച്ച് പത്മശ്രീ–ഭൂഷൺ– വിഭൂഷൺ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ അതിലൊന്ന് പരമമായ ജീവത്യാഗത്തിന് നമ്മുടെ ലിനിക്ക് ഉണ്ടാവുമല്ലോ, അല്ലേ?

കലയ്ക്കും ശാസ്ത്രത്തിനും പേരില്ലാസേവനങ്ങൾക്കുമൊക്കെ പത്മ പുരസ്കാരങ്ങൾ കിട്ടിക്കൊള്ളട്ടെ.പക്ഷേ, കോഴിക്കോട്ട് നിപ്പ രോഗബാധിതരെ പരിചരിച്ച് മരണത്തിലേക്കു മറഞ്ഞുപോയ ലിനി പുതുശ്ശേരി എന്ന നഴ്സിന്റെ ജീവത്യാഗത്തോളം വരുമോ ഇതൊക്കെ?

രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ വീരചരമം പ്രാപിക്കുന്നവർക്കു നൽകാൻ കീർത്തിചക്രങ്ങൾ പലവിധം നമുക്കുണ്ട്. എത്രയോ പേരുടെ ജീവൻ രക്ഷിച്ചു മരണം വരിച്ച ലിനിക്ക് അതേ തിളക്കമുള്ള ഒരു കീർത്തിമുദ്ര ലഭിക്കേണ്ടതാണെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ സർ?

നാനാവിധ പരിഗണനകളിൽ പത്മ പുരസ്കാരങ്ങൾക്കുള്ള ശുപാർശകൾ കേരള സർക്കാർ സമർപ്പിച്ചിട്ടുണ്ടാവാം. ലിനിക്ക് ഒരു പത്മശ്രീയെങ്കിലും നൽകാൻ ശുപാർശ നൽകിയിട്ടുണ്ടോ? 

പത്മ പുരസ്കാരങ്ങൾ മരണാനന്തരം നൽകുന്ന പരിപാടിയില്ലെന്നു പറയരുത്. കഴിഞ്ഞ വർഷംപോലും പഴയ മധ്യപ്രദേശ് മുഖ്യമന്ത്രി സുന്ദർലാൽ പട്‌വയ്ക്ക് പത്മവിഭൂഷൺ നൽകിയത് മരണാനന്തര ബഹുമതിയായാണ്. പഴയ ലോക്സഭാ സ്പീക്കർ പി.എ.സാങ്മയ്ക്കു നൽകിയതും മരണാനന്തരം. മാധ്യമപ്രവർത്തകൻ ചോ രാമസ്വാമിക്കു കിട്ടിയതും മരണാനന്തര പത്മഭൂഷൺ‍. 

കേരളത്തിന്റെ നൊമ്പരപ്പൂ ലിനിയുടെ ജീവത്യാഗത്തെപ്പറ്റി രാഷ്ട്രപതിക്കും കേന്ദ്രസർക്കാരിനുമൊക്കെ അറിവുണ്ടായിരിക്കുമെന്ന് അപ്പുക്കുട്ടൻ കരുതുന്നു. ഇല്ലെങ്കിൽ, അടിയന്തരമായി അറിയിക്കണം. ലിനിയെക്കുറിച്ചുള്ള ഓർമകൾക്കുമേൽ ഈ റിപ്പബ്ലിക് ദിനം പത്മപ്രഭ ചൊരിയുന്നില്ലെങ്കിൽ തോൽക്കുന്നതു നമ്മളാണ്; നമ്മുടെ രാജ്യമാണ്.

ഈ പുരസ്കാരങ്ങൾക്ക് പിന്നെന്തു ശോഭയാണുള്ളത്, പ്രിയ രാജ്യമേ?