ഇനി മറ്റൊരു അമേരിക്ക

അയോഗ്യനെന്നു മാത്രമല്ല, അപകടകാരിയായിപ്പോലും പൊതുവിൽ ലോകം നോക്കിക്കണ്ട വിവാദപുരുഷനെയാണ് അമേരിക്കക്കാർ തങ്ങളുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു തികച്ചും അപ്രതീക്ഷിതമല്ലെങ്കിലും ലോകോത്തര സാമ്പത്തിക – സൈനിക ശക്തിയുടെ കടിഞ്ഞാൺ ഇനി ഡോണൾഡ് ട്രംപിന്റെ കൈകളിലായിരിക്കുമെന്ന യാഥാർഥ്യം പലരിലും ഞെട്ടലുണ്ടാക്കുന്നു. ഹിലറി ക്ലിന്റ‌നിലൂടെ ഒരു വനിത അമേരിക്കയുടെ രണ്ടര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസിന്റെ പടിവാതിൽക്കലോളം എത്തിയശേഷം പിന്തള്ളപ്പെട്ടുവെന്നത് ഈ തിരഞ്ഞെടുപ്പുഫലത്തിന്റെ മറ്റൊരു വശമാണ്. മുൻപൊരിക്കലും ഒരു വനിത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏതെങ്കിലും മുഖ്യകക്ഷിയുടെ സ്ഥാനാർഥിപോലുമായിരുന്നില്ല.

ഇത്രയേറെ തീപ്പൊരി പാറിയതും ലോകത്തിന്റെ മുഴുവൻ സവിശേഷശ്രദ്ധ പിടിച്ചുപറ്റിയതുമായ പ്രസ‌ിഡന്റ് തിരഞ്ഞെടുപ്പ് അമേരിക്കയുടെ സമീപകാല ചരിത്രത്തിലില്ല. രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്ത കോടീശ്വരൻ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ടിക്കറ്റിനുവേണ്ടിയുള്ള മൽസരത്തിൽ അതിവേഗം മുന്നേറാൻ തുടങ്ങിയതോടെതന്നെ കൗതുകമുണരുകയായിരുന്നു. ഔചിത്യത്തിന്റെയും മാന്യതയുടെയും സഭ്യതയുടെയും അതിരു ലംഘിച്ചു ട്രംപ് നടത്തിക്കൊണ്ടിരുന്ന പരാമർശങ്ങളും തിരഞ്ഞെടുപ്പുരംഗത്തെ ഇളക്കിമറിച്ചു. ട്രംപിന്റെ മുന്നേറ്റത്തിനു തടയിടാൻ ഹിലറിയെക്കാൾ കരുത്തുറ്റ സ്ഥാനാർഥിയെ കണ്ടെത്താൻ ഡമോക്രാറ്റിക് പാർട്ടിക്കു കഴിഞ്ഞുമില്ല.

മൂന്നു മാസം മുൻപ് ഇരു പാർട്ടികളും തങ്ങളുടെ സ്ഥാനാർഥികളെ ഔപചാരികമായി പ്രഖ്യാപിച്ചതുമുതൽ നടന്ന അഭിപ്രായ വോട്ടുകളിൽ മിക്കതിലും ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നത്. ആദ്യഘട്ടത്തിൽ ഹിലറിക്കായിരുന്നു നേരിയ മുൻതൂക്കമെങ്കിലും അവരെ സംബന്ധിച്ച ഇ–മെയിൽ വിവാദത്തിനു ചൂടുപിടിച്ചപ്പോൾ കാറ്റു മാറി വീശാൻ തുടങ്ങി. അവസാനഘട്ടത്തിൽ വിജയസാധ്യതയുടെ സൂചിമുന ഹിലറിയുടെ ഭാഗത്തുതന്നെ തിരിച്ചെത്തി. ജനകീയ വോട്ടുകളിലെന്നപോലെ ഇലക്ടറൽ കോളജ് വോട്ടുകളിലും ഹിലറി ഭൂരിപക്ഷം നേടുമെന്നും അങ്ങനെ തന്റെ ഭർത്താവ് ഒന്നര പതിറ്റാണ്ടു മുൻപ് ഇരുന്ന അതേ അധികാരക്കസേരയിലെത്തി അവർ മറ്റൊരു ചരിത്രം സൃഷ്ടിക്കുമെന്നും പലരും കരുതിയെങ്കിലും വിധി മറ്റൊന്നായി.

എന്തുകൊണ്ട് അമേരിക്കൻ വോട്ടർമാർ ട്രംപ‌ിനെ തഴുകുകയും ഹിലറിയെ തഴയുകയും ചെയ്തുവെന്നത് ഇനിയുള്ള കുറെ ദിവസങ്ങളിൽ തലനാരിഴകീറിയുള്ള ചർച്ചകൾക്കു വിഷയമായിരിക്കും. കുടിയേറ്റക്കാർ, വിശേഷിച്ചു മെക്സിക്കോയിൽനിന്നുള്ളവർ, മു‌‌‌സ്‌ലിംകൾ, സ്ത്രീകൾ എന്നിവരെപ്പറ്റി ട്രംപ് നടത്തിയതുപോലുള്ള പ്രകോപനപരമായ പരാമർശങ്ങൾ‍ യുഎസ് തിരഞ്ഞെടു‌പ്പു രാഷ്ട്രീയത്തിൽ മു‌‌ൻപു കേട്ടുകേൾവിപോലുമില്ലാത്തതാണ്. സ്ത്രീകളെപ്പറ്റി സംസാരിക്കുമ്പോൾ മാന്യതയുടെ സീമകൾ ലംഘിക്കുന്നതിൽ ട്രംപ് അഭിരമിക്കുകയും ചെയ്തു. ഇതുകാരണം റിപ്പബ്ലിക്കൻ പാർട്ടിയിലെതന്നെ പല പ്രമുഖരും ട്രംപിൽനിന്ന് അകലം പാലിക്കുകയായിരുന്നു. അമേരിക്കയിലെ പൊതുജനാഭിപ്രായ രൂപീകരണത്തിൽ നിർണായകപങ്കു വഹിക്കുന്ന ചില പ്രമുഖ പത്രങ്ങൾ ട്രംപിനെതിരെ പരസ്യനിലപാടെടുക്കുകയും ചെയ്തു.

അതേസമയം, ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ, പ്രത്യേകിച്ച്, കടുത്ത ദേശീയവാദികളായ വെള്ളക്കാരുടെ പിന്തുണയാർജിക്കാൻ ട്രംപിനു കഴിഞ്ഞു. പ്രസിഡന്റ് ഒബാമയുടെ എട്ടുവർഷത്തെ ഭരണത്തിൽ അമേരിക്കയ്ക്കു പ്രത‌ാപവും ലോകനേതൃപദവിയും നഷ്ടപ്പെട്ടുവെന്നും അതു വ‌ീണ്ടെടുക്കണമെന്നും കരുതുന്ന ഒട്ടേറെപ്പേരുണ്ട്. അവരുടെ വിശ്വാസം നേടാനും ട്രംപിനു സാധ്യമായി. ഒരു വനിത പ്രസ‌ിഡന്റാകുന്നത് ഇപ്പോഴും ദഹിക്കാത്തവരും അമേരിക്കയിലുണ്ട്. രാജ്യത്തിനു കരുത്തുറ്റ നേതൃത്വം നൽകാൻ തനിക്കാവുമെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിൽ ഹിലറി പരാജയപ്പെടുകയും ചെയ്തു. ഇ–മെയിൽ വിവാദവും അവർക്കു ദോഷകരമായിത്തീർന്നു. ഇതെല്ലാമാണു തിര‌ഞ്ഞെടുപ്പു ഫലത്തിൽ പ്രത‌ിഫലിക്കുന്നത്.

രാജ്യാന്തരരംഗത്തു യുഎസ് – റഷ്യ ബന്ധം ട്രംപിന്റെ ഭരണത്തിൽ മെച്ചപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും സൂചിപ്പിക്കുന്നത്. അതേസമയം, ചൈനയുമായുള്ള ബന്ധം മോശമാകാനാണു സാധ്യത. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ സമീപനം മുൻഗാമികളിൽനിന്ന് ഏറെയൊന്നും വ്യത്യസ്തമാകാനിടയില്ല. എങ്കിലും, കുടിയേറ്റത്തെയും പുറംജോലിക്കരാറിനെയും കുറിച്ചുള്ള ട്രംപിന്റെ പൊതുനയം ഇന്ത്യയിൽ സന്തോഷം ജനിപ്പിക്കുന്ന വിധത്തിലുള്ളതല്ല. അമേരിക്കയ്ക്കു മാത്രമല്ല, ലോകത്തിനുതന്നെ പുതിയ അനുഭവമായിരിക്കും ട്രംപ് ഭരണം. പ്രചാരണത്തിലെന്നപോലെ ഭരണത്തിലും വഴിമാറി നടക്കുന്ന പ്രസിഡന്റായിക്കൂടെന്നില്ല അദ്ദേഹം.