ഭാമിനി... ആന്ധ്രയിൽ വിരിയുന്ന ലഹരിയുടെ കൂമ്പ്

ആന്ധ്രയിൽ ചില കാര്യങ്ങൾക്കു വലിപ്പം കൂടുതലാണ്. സിനിമയുടെ ഫ്ലക്സായാലും വീടുകളുടെ വാതിലായാലും മുറികളായാലും കഴിക്കുന്ന ബിരിയാണിയായാലും അളവു കൂട‌ും. കേരളത്തിൽ ഒരേക്കറിലോ അഞ്ചേക്കറിലോ ഒതുങ്ങിനിന്ന കഞ്ചാവ് ആന്ധ്രയിലെ 5,000 ഏക്കറിലും പതിനായിരം ഏക്കറിലും ഭീഷണിയില്ലാതെ വളർന്നപ്പോൾ തലവേദന കൂടിയതു കേരളം അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾക്കാണ്.

Read: കേരളത്തിന്റെ കഞ്ചാവിടങ്ങൾ– അന്വേഷണ പരമ്പര

ആന്ധ്രയുടെ ഏറ്റവും അറ്റത്തെ ജില്ലയായ ശ്രീകാകുളത്ത് തിരുപ്പതി- ഭുവനേശ്വർ എക്സ്പ്രസ് എത്തുമ്പോൾ സമയം രാവിലെ നാലു മണി കഴിഞ്ഞിരുന്നു. ചെറിയ മുനിസിപ്പാലിറ്റിയാണ് ശ്രീകാകുളം. 90 കിലോമീറ്റർ സഞ്ചരിച്ചാൽ ആന്ധ്ര-ഒറീസ അതിർത്തിയിലെത്താം. ആന്ധ്രയിലെ ഒരു പത്രപ്രവർത്തകസുഹൃത്തു വഴി പരിചയപ്പെട്ട വനംവകുപ്പിലെ ഉദ്യോഗസ്ഥനാണ് വഴികാട്ടി. ഉദ്യോഗസ്ഥന്റെ നാട്ടുകാരനായ ട്രക്ക് ഡ്രൈവർക്കു കഞ്ചാവുകടത്തുകാരുമായി ചില ബന്ധങ്ങളുണ്ടെന്നു സുഹൃത്ത് പറഞ്ഞതനുസരിച്ചാണു നീക്കങ്ങൾ.

Read: നക്സലുകൾ ഭരിക്കുന്ന പാടേരു; കഞ്ചാവിന്റെ വിളഭൂമി

സഹായിക്കാൻ താൽപര്യമില്ല- ഒറ്റയടിക്കു പറഞ്ഞൊഴിഞ്ഞു. വനംവകുപ്പിലെ ഉദ്യോഗസ്ഥന്റെ ഏറെനേരത്തെ നിർബന്ധത്തിനൊടുവിൽ മറ്റൊരു സുഹൃത്തിനെ പരിചയപ്പെടുത്താമെന്നു സമ്മതിച്ചു. പക്ഷേ, മറ്റു കാര്യങ്ങളിൽ ഉത്തരവാദിത്തമില്ല. പത്രപ്രവർത്തക സുഹൃത്തിന്റെ ഫോണിലേക്കു വിളിക്കാമെന്നു പറഞ്ഞ് അയാൾ വണ്ടിവിട്ടു. പിറ്റേന്ന് ഉച്ചയ്ക്ക്, വിളിക്കേണ്ടയാളുടെ നമ്പർ കിട്ടി. ഛോട്ടുവെന്നാണ് പേര്. പക്ഷേ, ഒഡീഷ അതിർത്തിയിലെ ഭാമിനി എന്ന സ്ഥലത്തേക്കു ചെല്ലേണ്ടിവരും. സുഹൃത്ത് ഏർപ്പെടുത്തിയ വാഹനത്തിൽ 97 കിലോമീറ്റർ അകലെയുള്ള ഭാമിനിയിലേക്ക്..

Read: ‘അടുക്കളത്തോട്ട’ത്തിൽ വിളയുന്ന കഞ്ചാവ്

ആദിവാസിമേഖലയാണ് ഭാമിനി. മൂന്നോനാലോ കടകളുള്ള ചെറിയ കവലകൾ. എല്ലാ കവലകളിലും പൊതുവായുള്ളത് എൻ.ടി. രാമറാവുവിന്റെ പ്രതിമകൾ. നിരത്തിൽ വാഹനങ്ങൾ അധികമില്ല. ഛോട്ടുവിന്റെ നമ്പരിലേക്ക് സുഹൃത്ത് വിളിച്ചു. വാഹനത്തിൽ നിന്നിറങ്ങി റോഡരികിൽ നിൽക്കാൻ നിർദേശമെത്തി. രണ്ടു മണിക്കൂറിനുശേഷം ഒരാൾ ഫോണിലേക്കു വിളിച്ചു. ഛോട്ടുവല്ല, വേറൊരാൾ. വിശദമായി സംസാരിച്ച്, പ്രശ്നമൊന്നുമില്ലെന്നുറപ്പിച്ച് അയാൾ ഛോട്ടുവിനടുത്തെ‌ത്തിച്ചു. ഏകദേശം 40 വയസ്സ് പ്രായമുണ്ട് ഛോട്ടുവിന്. തട്ടിമുട്ടി ഹിന്ദി സംസാരിക്കും. ആവശ്യമറിയിച്ചു. 2000 രൂപ തന്നാൽ ആളെ പരിചയപ്പെടുത്താം 1,000 രൂപ അഡ്വാൻസ് വേണം. പണം നൽകി ഇ‌ടപാട് ഉറപ്പിച്ചു. ജീപ്പ് ഛോട്ടു തന്നെ ഏർപ്പാടു ചെയ്തു. വനത്തിലൂടെ ഒന്നര മണിക്കൂർ യാത്ര. ഏതോ മലഞ്ചെരുവിൽ വണ്ടി നിർത്തി ഇരുളിൽ മറഞ്ഞ ഛോട്ടു തിരികെയെത്തിയതു മറ്റൊരാളുമായാണ്.

ലോറിയിൽ രഹസ്യമായി കടത്തുന്ന കഞ്ചാവ്

കേരളത്തിൽനിന്നു കഞ്ചാവ് വാങ്ങാനെത്തിയവരാണെന്നാണ് ഛോട്ടു ഞങ്ങളെ പരിചയപ്പെടുത്തിയത്. പുതുതായി എത്തിയ ആളുടെ നിർദേശമനുസരിച്ചു വാഹനം നീങ്ങി. യാത്ര ഏതോ ഗ്രാമത്തിലേക്കാണ്. അങ്ങിങ്ങായി ചെറിയ കുടിലുകൾ. പ്ലാസ്റ്റിക് ഷീറ്റ് മൂടിയ ഒരു കുടിലിനു മുന്നിൽ യാത്ര അവസാനിച്ചു. നാളെ വരെ കാത്തിരിക്കാൻ നിർദേശം നൽകി വന്നയാൾ അകത്തെ മുറിയിലേക്കുപോയി.

പിറ്റേന്നു രാവിലെ കനത്ത മഞ്ഞിലേക്കാണു കാഴ്ച പതിഞ്ഞത്. ഒരാൾകൂടി വന്നാലേ യാത്ര തുടങ്ങാനാവൂ. പത്തുമണിയോടെ‌ ഉയരംകൂ‌ടി മെലിഞ്ഞ ഒരാളെത്തി. തമിഴറിയാം. എത്ര കിലോ വേണമെന്നാണു ചോദ്യം. കഞ്ചാവ് നേരിൽ കണ്ടിട്ടു പറയാമെന്ന മറുപടിക്ക് അനുകൂല പ്രതികരണമല്ല ലഭിച്ചത്. പരിചയമുള്ളവരാണെന്ന ഛോട്ടുവിന്റെ വാക്കുകൾ രക്ഷയ്ക്കെത്തി. വീണ്ടും മല കയറി മലഞ്ചെരിവിലൂടെ ഇറങ്ങിയെത്തിയത് ഒരു മൺപാതയിൽ. കുറച്ചകലെ കൃഷിയിടത്തിനരികിലായി ഒരു ചെറിയവീട്. പിന്നിൽ മറ്റൊരു മണ്‍പാതയും അരികിൽ ഒരു ഷെ‌ഡും.

മൂന്നു തൊഴിലാളികൾ മുറ്റത്തുണ്ട്. എല്ലാം ഇരുപതു വയസിൽ താഴെയുള്ളവർ. തമിഴ് സംസാരിക്കുന്നയാൾ സാംപിളായി ഒരു പൊതി കഞ്ചാവ് കയ്യിലേക്കു തന്നു. രണ്ടുകഷണം കയ്യിലിട്ടു ഞെരടി ഉഗ്രൻ സാധനമാണെന്നു ഛോട്ടുവും സാക്ഷ്യപ്പെടുത്തി. അഞ്ചുകിലോയ്ക്ക് ഇടപാടുറപ്പിച്ച് 5,000 രൂപ കൈമാറി. ഛോട്ടുവിന്റെ ഇടപാടായതിനാൽ വിലയിൽ കുറവുണ്ടെന്നു തമിഴ് സംസാരിക്കുന്നയാൾ.

ഷെഡിനു പുറകിലായി രണ്ടു ചെറിയ ട്രക്കുകൾ കിടക്കുന്നു. ഞങ്ങൾവന്ന ജീപ്പു കിടക്കുന്ന സ്ഥലംവരെ പോകേണ്ടത് ഈ ട്രക്കിലാണ്. രാത്രിയിലാണു യാത്രയെന്നും അതുവരെ വിശ്രമിക്കാമെന്നും ഛോട്ടു പറഞ്ഞു. നാ‌ടൻമദ്യം ഷെഡിൽനിന്നെത്തി. വൈകിട്ടോടെ മൂന്നുപേർ കൂടിയെത്തി. ടേപ്പിൽപൊതിഞ്ഞ കഞ്ചാവുപാക്കറ്റുകൾ ഷെഡിൽനിന്നു ട്രക്കിലേക്കു കയറ്റിത്തുടങ്ങി. സഹായത്തിനായി ഛോട്ടുവും കൂടി. സന്ധ്യയോടെ ഒരു ടാങ്കർലോറി കൂടിയെത്തി. ഇതിനിടെ ഛോട്ടുവിന്റെ സഹായത്താൽ മൊബൈലിൽ രണ്ടോ മൂന്നോ ഫോട്ടോയെടുത്തു.

രാത്രി പത്തുമണിയോടെ ഛോട്ടു പുറപ്പെടാമെന്നറിയിച്ചു. മൺവഴികൾ താണ്ടി രാത്രി ഒരു മണിയോടെ ഏതോ ഒരു ചെറിയ തെരുവിൽ യാത്ര അവസാനിച്ചു. മറ്റൊരു വണ്ടിയെത്തിയാലേ ഞങ്ങൾക്കു പുറപ്പെ‌ടാൻ അനുവാദമുള്ളൂ. അരമണിക്കൂറിനുശേഷം മറ്റൊരു ട്രക്കെത്തി. ഞങ്ങളുടെ പാക്കറ്റുമായി ആ ട്രക്കിലേക്കു കയറാൻ ഡ്രൈവറുടെ നിർദേശം. ഞങ്ങൾ വന്ന വാഹനം വേറൊരു വഴിയിലൂടെ പാഞ്ഞുപോയി. പല വഴികൾ ചുറ്റി ഛോട്ടു ഏർപ്പാടാക്കിയ ജീപ്പിനരികിലെത്തുമ്പോൾ സമയം മൂന്നുകഴിഞ്ഞിരുന്നു. ഏതോ ബസ് റൂട്ടിൽ ഞങ്ങളെ ഇറക്കി കഞ്ചാവുപൊതിയുമായി ഛോട്ടു മടങ്ങി.

(തുടരും)