ആദിവാസിക്ക് സ്കൂളില്ല, റേഷനില്ല, തൊഴിലില്ല; രാഷ്ട്രീയക്കാർക്ക് ഇഷ്ടം ’ട്രക്കിങ്’

Tribals
SHARE

പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ ആത്മഹത്യകൾ വർധിക്കുമ്പോഴും അതിന്റെ കാരണങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നു. ഇതിനായി രംഗത്തിറങ്ങണ്ട ഭരണാധികാരികളും അധികൃതരും ആത്മാർഥമായ ഒരു ശ്രമവും നടത്തുന്നില്ലെന്നു നമുക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

വീണയുടെ മരണത്തോടെ ആശ്വാസ വാക്കുകളുമായി മന്ത്രിയുൾപ്പെടെയുള്ളവർ കാടു കയറിയെങ്കിലും ഒന്നും നടന്നില്ല. പട്ടികജാതി–വർഗ കമ്മിഷൻ വീണയുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുപോലും അവർക്കു കിട്ടിയിട്ടില്ല. വീണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയിലും പൊലീസ് ഒന്നും ചെയ്തിട്ടില്ല.

Read more at: ‘മധു’വിന്റെ നൊമ്പരം പെരിങ്ങമ്മലയിലും; 6 വർഷം, ജീവനൊടുക്കിയത് 34 പേർ!...

Sathyavan
ആദിവാസി കോൺഗ്രസ് നേതാവ് സത്യവാൻ കാണി

ആദിവാസികൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും അവരിൽ അതൊന്നും എത്തുന്നില്ല എന്നതു ഒരു നിത്യപരിഭവമായി അവശേഷിക്കുന്നു. അഞ്ചു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ആദിവാസി സമൂഹത്തിനായി കഴിഞ്ഞ പത്തു വർഷത്തിനിടെ ചെലവാക്കിയത് 5000 കോടിയാണെന്നു പറയുമ്പോൾ, ഈ പണം എവിടെ പോകുന്നു എന്നാരും ചിന്തിക്കുന്നില്ല, അന്വേഷിക്കുന്നുമില്ല. അട്ടപ്പാടിയിലെ ആദിവാസി യുവാവു മധുവിനെപ്പോലെയുള്ളവരെ സൃഷ്ടിക്കുന്ന സംവിധാനമാണു നമ്മുടേതെന്നു പറയുമ്പോൾ നമ്മളാണു തല കുനിക്കേണ്ടത്.

മധുവിന്റെ കഥയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല പെരിങ്ങമ്മലയിലെ ഊരുകളിലെ സ്ഥിതി. മദ്യവും ലഹരി മരുന്നുകളും കൊടുത്ത് ആദിവാസിയെ മയക്കിയെടുക്കുന്നത് ഊരിനു വെളിയിലുള്ളവരാണെന്നാണ് ആദിവാസി കോൺഗ്രസ് നേതാവ് സത്യവാൻ കാണിയുടെ പരാതി. കാണിക്കാർ സമുദായത്തിൽപ്പെട്ടവരുടെ സ്ഥലവും സ്വത്തും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ അവരുമായി ചങ്ങാത്തം കൂടുന്ന ഇവർ മിശ്രവിവാഹം എന്ന പേരിൽ നടത്തുന്നതു നുഴഞ്ഞുകയറ്റമാണെന്നു സത്യവാൻ കാണി ആരോപിക്കുന്നു.

Mooppan
ഊരു മൂപ്പൻമാരായ രാജേന്ദ്രൻ കാണി (കല്ലണ), ശ്രീധരൻ കാണി (കൊന്നമൂട്), സുകുമാരൻ കാണി (കാട്ടിലക്കുഴി 1), വാസുദേവൻ കാണി (കാട്ടിലക്കുഴി 2) ബാലകൃഷ്ണൻകാണി (ഈയക്കോട്)

Read more at: നീക്കിവച്ചത് 5000 കോടി, കിട്ടിയതോ വട്ടപ്പൂജ്യം; ആത്മഹത്യയിൽ അഭയം തേടുന്ന ആദിവാസികൾ

പണ്ടു വാറ്റു ചാരായം ആദിവാസികൾക്കിടയിൽ വില്ലനായിരുന്നെങ്കിൽ കാട്ടിൽനിന്നു നാട്ടിലിറങ്ങിയാൽ കിട്ടുന്ന ചുവപ്പൻ (ഇന്ത്യൻ നിർമിത വിദേശമദ്യം), ഇപ്പോൾ ആ റോൾ ഏറ്റെടുത്തിരിക്കുകയാണ്. വിതുരയിലോ പാലോട്ടോ ഉള്ള ബവ്റിജ് ഔട്ട് ലെറ്റുകളാണു പെരിങ്ങമ്മലയിലെ ആദിവാസി യുവാക്കളുടെ ‘അഭയകേന്ദ്രം’. മദ്യപാനം ഈ ഊരുകളിൽ വ്യാപകമാണ്. മദ്യപാനം പെട്ടെന്നുള്ള ആത്മഹത്യാ പ്രവണതയ്ക്കു കാരണമാണോ? അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽപ്പെടാത്ത കോളജ് വിദ്യാർഥിനി വീണയുടെ കാര്യത്തിൽ മദ്യമല്ലല്ലോ വില്ലനായത് എന്നു ചോദിച്ചാൽ അതിനും ഉത്തരമില്ല.

മുൻകാലങ്ങളിൽ വനനശീകരണം വ്യാപകമല്ലായിരുന്നു. അതുപോലെ വന്യജീവികൾ ഇറങ്ങി കൃഷി നശിപ്പിക്കുന്ന പതിവും ഇല്ലായിരുന്നു. ഇന്ന് ആനയും പന്നിയും മ്ലാവും കൃഷിയത്രയും കൊണ്ടു പോവുകയാണെന്ന് ഊരു മൂപ്പൻമാരായ രാജേന്ദ്രൻ കാണി (കല്ലണ), ശ്രീധരൻ കാണി (കൊന്നമൂട്), സുകുമാരൻ കാണി (കാട്ടിലക്കുഴി 1), വാസുദേവൻ കാണി (കാട്ടിലക്കുഴി 2) ബാലകൃഷ്ണൻ കാണി (ഈയക്കോട്) എന്നിവർ പറയുന്നു.

പെരിങ്ങമ്മല പൊതുജനാരോഗ്യ കേന്ദ്രമാണ് ആദിവാസി ഊരിലുള്ളവർക്ക് ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രി. പാലോട്ടെയും വിതുരയിലെയും സിഎച്ച്സികളും ഇവർ ഉപയോഗിക്കുന്നു. പ്രസവ ശുശ്രൂഷകൾക്കും മറ്റും മൈലുകൾ താണ്ടി നെടുമങ്ങാട് സർക്കാർ ആശുപത്രിയാണ് ആശ്രയം. പട്ടികവർഗ വകുപ്പിന്റേതായി മൊബൈൽ ആശുപത്രി ഉണ്ടെങ്കിലും അതും കാര്യക്ഷമമല്ലെന്ന് ഇയ്യക്കോട് ഉൾപ്പെടെയുള്ള ഊരുകളുമായി ബന്ധപ്പെട്ട വാർഡ് കൗൺസിലർ ഷാനവാസ് ഇടവം പറഞ്ഞു.

എല്ലാവർക്കും റേഷൻ കാർഡ് ഉണ്ടെങ്കിലും ഞാറനീലി (അഞ്ചു കിലോമീറ്റർ), ഇടിഞ്ഞാർ (അഞ്ച്), ഇടവം (ഏഴ്), പെരിങ്ങമ്മല (ഏഴ്) തുടങ്ങിയ സ്ഥലങ്ങളിലാണു റേഷൻകടകൾ. വാഹന സൗകര്യം ഇല്ലാത്തതിനാൽ പലപ്പോഴും മാസത്തിൽ ഒരിക്കലേ ഊരുകളിൽനിന്നു റേഷൻകടകളിൽ പോകാറുള്ളൂ. കുട്ടികൾക്കു പഠിക്കാൻ ഒന്നോ രണ്ടോ ഏകാധ്യാപക വിദ്യാലയങ്ങൾ ആണ് ആശ്രയം. ഞാറനീലി സർക്കാർ യുപിഎസും പെരിങ്ങമ്മലയിലെ സർക്കാർ വിദ്യാലയങ്ങളും ഊരിനു വെളിയിലുള്ളവയാണ്.

പലരും പത്താം ക്ലാസ് ജയിച്ചവരാണെങ്കിലും സംവരണവും മറ്റും ഉണ്ടെങ്കിലും ആർക്കും സർക്കാർ ഉദ്യോഗം ഒന്നും ലഭിക്കുന്നില്ല. പുറംലോകവുമായി ബന്ധപ്പെടാതെ ഉള്ളതുമായി സുഭിക്ഷമായി കഴിഞ്ഞിരുന്ന ആദിവാസികൾക്ക് ആത്മഹത്യ പോലുള്ള പ്രശ്നങ്ങൾ കുറവായിരുന്നു. എന്നാൽ സാമൂഹികാവസ്ഥയിലെ മാറ്റമാണോ പൊതു സമൂഹത്തെപ്പോലെ ആത്മഹത്യ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുന്നത്? കാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടത് അധികൃതരാണ്. അത് ഇനിയും വൈകിക്കൂടാ.

പൊതു സമൂഹം ചിന്തിക്കുന്നത് അടിച്ചേൽപിക്കാൻ ശ്രമം

പൊതുസമൂഹം ചിന്തിക്കുന്ന കാര്യങ്ങൾ നല്ലതാണെന്ന തോന്നലിൽ ആദിവാസികളിൽ നാം അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാകാം പ്രശ്നങ്ങൾക്കു കാരണമെന്നു തിരുവനന്തപുരം ലയോള കോളജ് അധ്യാപകനും സൈക്കോളജിസ്റ്റുമായ പ്രഫ.സോണി ജോസ് പറഞ്ഞു. ‘കോപ്പിക്യാറ്റ് സൂയിസൈഡ്’ (അനുകരണ ആത്മഹത്യ) പോലുള്ള പ്രശ്നങ്ങളാണോ ഇവരുടേതെന്നു പഠിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഇതിനെല്ലാം ഒരു കാരണം ഉണ്ടാകും– അദ്ദേഹം പറഞ്ഞു.

പൊതു സമൂഹത്തെപ്പോലെ ആത്മഹത്യയുടെ വരും വരായ്കകൾ ചിന്തിക്കാത്തതും പരിചിതമായ എളുപ്പമാർഗം ജീവിതം അവസാനിപ്പിക്കാൻ തിരഞ്ഞെടുക്കുന്നതുമാണ് ഇവരുടെ പ്രശ്നമെന്നു തോന്നുന്നതായി കോളജ് അധ്യാപികയായ ഒരു മനഃശാസ്ത്രജ്ഞ പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന നിരാശ പരിചിതമായ ഒരു വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇവർക്കു സാമൂഹിക പിന്തുണ നൽകാൻ ഒരു സംവിധാനമാണ് ആവശ്യം. അവർക്കും അവരുടേതായ കൂട്ടായ്മ ഉണ്ടെന്നു മനസ്സിലാക്കാൻ പൊതു സമൂഹത്തിന്റെ വൈകാരിക പിന്തുണ ഉണ്ടാകണമെന്നും അവർ പറഞ്ഞു.

വേറിട്ട കാഴ്ചയുമായി ഞാറനീലി സിബിഎസ്ഇ സ്കൂൾ

ആദിവാസി ഊരുകളിലെ വേറിട്ടൊരു കാഴ്ചയാണ് ഞാറനീലിയിലെ സംസ്ഥാന സർക്കാർ പിന്നാക്ക ക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സിബിഎസ്ഇ റസിഡൻഷ്യൽ സ്കൂൾ. 2003–ൽ ആരംഭിച്ച സ്കൂൾ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. സ്കൂളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി അഞ്ഞൂറോളം കുട്ടികളാണുള്ളത്. ഇവർ സ്കൂളിനോടനുബന്ധിച്ചുള്ള ഹോസ്റ്റലിൽ താമസിച്ചാണു പഠിക്കുന്നത്.

സംസ്ഥാനത്തിന്റെ വടക്കു മുതൽ തെക്കു വരെയുള്ള ഭാഗങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി–പട്ടകവർഗ വിദ്യാർഥികൾക്കാണു പ്രവേശനം. ലൈബ്രേറിയൻ ഉൾപ്പെടെ 26 അധ്യാപകരാണ് ഇവിടെയുള്ളത്. പഠനത്തോടൊപ്പം പഠനേതര വിഷയങ്ങളിലും വിദ്യാർഥികൾക്കു പരിശീലനത്തിന് അവസരം ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്. കുട്ടികൾക്കൊപ്പം അധ്യാപകരും സ്കൂളിൽ താമസിക്കുന്നു.

കഴിഞ്ഞ വർഷം 12–ാം ക്ലാസ് വിജയിച്ച കുട്ടികളിൽ ഒൻപതു പേർ ബിടെക്കിനു ചേർന്നപ്പോൾ ആറു പേർ ഡെയറി പരിശീലനം തിരഞ്ഞെടുത്തു. ഇത്രയും കുട്ടികൾ താമസിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യമാണു സ്കൂളിനെ അലട്ടിയിരുന്ന ഒരു കാര്യം. ഖരമാലിന്യം, ദ്രവമാലിന്യം എന്നിവ വേർതിരിച്ചു സംസ്കരിക്കുന്നതിനുള്ള പദ്ധതികൾ തയാറായി വരുന്നു. സ്കൂളിനെ പരിസ്ഥിതി സൗഹൃദമാക്കുക, മഴവെള്ള സംഭരണ സംവിധാനങ്ങൾ ഒരുക്കുക എന്നിവയ്ക്കുള്ള ശ്രമത്തിലാണു സ്കൂൾ അധികൃതർ.

(അവസാനിച്ചു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXCLUSIVE
SHOW MORE
FROM ONMANORAMA