‘മധു’വിന്റെ നൊമ്പരം പെരിങ്ങമ്മലയിലും; 6 വർഷം, ജീവനൊടുക്കിയത് 34 പേർ!

veena-house-peringammala
SHARE

തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന അഗസ്ത്യാർകൂടത്തിന്റെ താഴ്‌വരയിലെ പെരിങ്ങമ്മല പഞ്ചായത്ത്. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തായ പെരിങ്ങമ്മലയിൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്നു. പെരിങ്ങമ്മലയിലെ ആദിവാസി ഊരുകളിൽ കഴിഞ്ഞ വർഷം മാത്രം ആത്മഹത്യ ചെയ്തത് ഏഴു പേർ. ആറു വർഷത്തിനിടെ 34 പേർ. മരിച്ചവർ എല്ലാം ചെറുപ്പക്കാർ. ഈ ആത്മഹത്യകൾക്കൊന്നും പ്രത്യേകിച്ച് ഒരു കാരണവുമില്ല. മരണം മണക്കുന്ന ഈ ആദിവാസി ഊരുകളിലൂടെ ഒരു യാത്ര...

തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിയുടെ താഴ്‌വാരത്താണ് പെരിങ്ങമ്മല പഞ്ചായത്ത്. വിസ്തീർണം കൊണ്ടു കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത്, ആദിവാസിക്കുടിലുകൾ നിറഞ്ഞ, ഭൂരിഭാഗം വനം പടർന്നുനിറഞ്ഞ പഞ്ചായത്ത്, ഇങ്ങനെ പെരിങ്ങമ്മലയ്ക്കു വിശേഷണങ്ങൾ ഏറെ.

ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, ദേശീയ എണ്ണപ്പന–ഗവേഷണ കേന്ദ്രം, ചീഫ് ഇൻവെസ്റ്റിഗേറ്റീവ് ഓഫിസർ ഓഫ് ഡിസീസസ് (പേപ്പട്ടി വിഷബാധ പരിശോധിക്കാനുള്ള കേന്ദ്രം), പശുക്കളിലെ ആന്ത്രാക്സ് രോഗത്തിനുള്ള മരുന്നു നിർമാണ കേന്ദ്രം (വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പാലോടിനോടു ചേർന്നാണു ഈ പഞ്ചായത്തിന്റെ സ്ഥാനം.

പെരിങ്ങമ്മല പഞ്ചായത്തിൽ മാത്രം 22 ഊരുകൾ, അഞ്ഞൂറിലധികം വീടുകൾ, ഏതാണ്ടു മൂവായിരത്തോളം ജനസംഖ്യ. ഇങ്ങനെ പോകുന്നു ഇവിടുത്തെ സ്ഥിതിവിവരക്കണക്കുകൾ. അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത് സമൂഹമാധ്യമങ്ങളിലും മാധ്യമവാർത്തകളിലും വിചാരണ ചെയ്യപ്പെടുന്ന കാലത്ത്, ആദിവാസിയുടെ അവകാശങ്ങൾ നിയമസഭയെപ്പോലും പ്രകമ്പനം കൊള്ളിക്കുന്ന വേളയിൽ പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഊരുകൾ സമൂഹത്തിനു മുന്നിൽ വയ്ക്കുന്നത് ചില വേറിട്ട ചോദ്യങ്ങളാണ്. മരണച്ചൂരുള്ള ചോദ്യങ്ങൾ.

മാഞ്ഞു പോയ വീണയും പാഴ്‌വാക്കുകളും

പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലി ആദിവാസി ഊരിൽ ഏതാണ്ട് ആറു മാസം മുൻപ് 2017 ഓഗസ്റ്റ് 31നു വീണയെന്ന കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും നിയമസഭയിൽ വലിയ ബഹളമാവുകയും ചെയ്തതും സമാനസംഭവം. അന്നും നിയമസഭയും മന്ത്രിമാരും മറ്റു ഭരണ നേതൃത്വവും ഞടുക്കവും ദുഃഖവും രേഖപ്പെടുത്തുകയും ആദിവാസി ക്ഷേമത്തിനായുള്ള മന്ത്രി ഊരു സന്ദർശിച്ച് ഒരു പിടി പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ അവയെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു ‘ചുക്കും’ സംഭവിച്ചില്ല.

ആദ്യ വർഷ ബിരുദ (സുവോളജി) വിദ്യാർഥിനിയായിരുന്നു വീണ. ഞാറനീലി കറുപ്പൻകാല ആദിവാസി ഊരിലെ ചിത്രാനന്ദൻ കാണിയുടെയും വസന്തകുമാരിയുടെയും മകൾ. പതിനേഴര വയസ്സു മാത്രം പ്രായം. വീണ പന്ത്രണ്ടാം ക്ലാസു വരെ പഠിച്ചതു വീടിനു തൊട്ടടുത്തുള്ള സർക്കാരിന്റെ ആദിവാസികൾക്കായുള്ള സിബിഎസ്ഇ റസിഡൻഷ്യൽ സ്കൂളിൽ. ഡിഗ്രിക്കു പെരിങ്ങമ്മല ഇക്ബാൽ കോളജിൽ സുവോളജിക്കു പ്രവേശനം ലഭിച്ചപ്പോൾ ചിത്രാനന്ദനും വസന്തകുമാരിയും ഒത്തിരി സന്തോഷിച്ചു. ‘കണ്ണേ കരളേ, പൊന്നേ പൊടിയേ’ എന്നു പറഞ്ഞു വളർത്തിക്കൊണ്ടു വരുന്ന മൂത്തമകൾ സ്വപ്നങ്ങൾക്കു ചിറകുവിടർത്തി കൺമുന്നിൽ ഉണ്ടാകുമെന്നത് അവർക്കു പ്രതീക്ഷയായി.

veena-tribal-story-peringammala
അച്ഛൻ ചിത്രാനന്ദൻ കാണി, അമ്മ വസന്തകുമാരി, സഹോദരൻ സിബിൻകുമാർ എന്നിവർ വീണയുടെ ചിത്രത്തിനു മുന്നിൽ. ചിത്രം: സോണിച്ചൻ പി. ജോസഫ്

ആറു കിലോമീറ്റർ അകലെയുള്ള കോളജിലേക്കു ദിവസവുമുള്ള യാത്രയ്ക്കിടെ കൂട്ടുകൂടിയ പുരുഷ സുഹൃത്തു വാങ്ങി നൽകിയ മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വച്ചതിന്റെ പിണക്കം അവൾ തീർത്തതു വീട്ടിൽ നിന്നു കാണാവുന്ന ദൂരത്തിലുള്ള നെല്ലിമരത്തിൽ ജീവിതം അവസാനിപ്പിച്ചായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന വീണയുടെ ആത്മഹത്യ ചിത്രാനന്ദനെയും വസന്തകുമാരിയെയും ഏക സഹോദരൻ സിബിൻകുമാറിനെയും മാനസികമായി തകർത്തു. കൂലിവേല ചെയ്തും വനം വകുപ്പിന്റെ താൽക്കാലിക ഫയർ വാച്ചർ ആയും ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണു ചിത്രാനന്ദൻ മകളെ പഠിപ്പിച്ചത്. എന്നാൽ ഒരു മുഴം കയറിൽ, വീണ ജീവിതം തീർത്തപ്പോൾ തകർന്നതു പാവപ്പെട്ട ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. വീണയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന കുടംബത്തിന്റെ ആവശ്യത്തിനു മാത്രം ഒരു ഫലവുമില്ല.

ശ്രീകുമാറിന്റേതും സമാനകഥ

നാൽപത്തിരണ്ടാം വയസ്സിൽ വിധവയായ കഥയാണു ഞാറനീലി ആദിവാസി ഊരിലെ അമ്പിളിയുടേത്. നാൽപത്തിരണ്ടു വയസ്സുള്ള അമ്പിളിയുടെ ഭർത്താവു ശ്രീകുമാറിനു നാൽപത്തിയേഴു വയസ്സായിരുന്നു. വിവാഹം കഴിച്ചയച്ച മകൾക്കു, സ്വന്തമായുള്ള 80 സെന്റ് എഴുതി വയ്ക്കാനുള്ള ആലോചനയിലായിരുന്നു ശ്രീകുമാറും അമ്പിളിയും. എന്നാൽ ജൂലൈ മാസത്തിൽ ഒരു ദിനം നന്നായി മദ്യപിച്ചു വന്ന ശ്രീകുമാറിനെ പിന്നീട് കണ്ടത് ആത്മഹത്യ ചെയ്ത നിലയിൽ. പുലർച്ചെ എഴുന്നേറ്റു നോക്കുമ്പോൾ ആട്ടിൻകൂടിന്റെ ഉത്തരത്തിൽ തൂങ്ങി നിൽക്കുന്ന ശ്രീകുമാറിനെയാണ് അമ്പിളി കണ്ടത്. മാസങ്ങളായിട്ടും സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ അമ്പിളിക്കും മകൻ നന്ദുകുമാറിനും ഇനിയും കഴിഞ്ഞിട്ടില്ല.

വീണയുടെയും ശ്രീകുമാറിന്റെയും മാത്രം കഥയല്ലിത്. പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലിയും ഈയക്കോടും ഉൾപ്പെടെയുള്ള വാർഡുകളിലെ ഊരുകളിൽ നിന്നു കഴിഞ്ഞ ആറു വർഷത്തിനിടെ ജീവിതം അവസാനിപ്പിച്ചത് 34 പട്ടികവിഭാഗക്കാർ. 2017–ൽ മാത്രം ആത്മഹത്യ ചെയ്തത് ഏഴു പേർ. ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾക്കു പ്രത്യേക കാരണമൊന്നുമില്ല. മരിച്ചവരെല്ലാം പതിനഞ്ചിനും അൻപതിനും ഇടയ്ക്കു പ്രായമുള്ളവർ. ഓരോ ആത്മഹത്യയ്ക്കും ചെറിയ ചെറിയ കാരണങ്ങൾ മാത്രം. ചിലതിനാകട്ടെ കാരണം കാര്യമായി ഒന്നുമില്ല. അത്തരം ചില കഥകൾ അടുത്ത ദിവസം...

പെരിങ്ങമ്മല പഞ്ചായത്തിലെ പട്ടികജാതി–വർഗ വിഭാഗക്കാരുടെ ആത്മഹത്യ

2012 – ഏഴ്
2013 – നാല്
2014 – നാല്
2015 – ആറ്
2016 – ആറ്
2017 – ഏഴ്
മൊത്തം – 34

പട്ടികജാതിക്കാർ – ഏഴ്
പട്ടികവർഗം – 27

പാലോട് സ്റ്റേഷൻ പരിധിയിലെ ആത്മഹത്യ
2012 – 40
2013 – 28
2014 – 39
2015 – 37
2016 – 23
2017 – 12
മൊത്തം – 179

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXCLUSIVE
SHOW MORE
FROM ONMANORAMA