Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയുടെ പരസ്യ ശാസന: എന്റെ ചിത്രം പതിച്ച കൊടി വേണ്ട

Conference

തൃശൂർ∙ സമാപന സമ്മേളനസദസ്സിൽ തന്റെ ചിത്രം പതിച്ച കൊടി വീശിയ പ്രവർത്തകനെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തി. പ്രസംഗിക്കാൻ എഴുന്നേറ്റ മുഖ്യമന്ത്രി ഈ ശാസനയോടെയാണു പ്രസംഗം ആരംഭിച്ചത്: ‘സമ്മേളനത്തിന്റെ മുന്നിൽ നിൽക്കുന്ന ഒരാളുടെ കയ്യിൽ ഒരു കൊടി കണ്ടു. അതിലെന്റെ ചിത്രവും കണ്ടു. ഇത് ശരിയായ സമ്പ്രദായമല്ല.

ഞങ്ങളൊക്കെ പാർട്ടി ഏൽപിക്കുന്ന ചുമതല നിറവേറ്റുന്നവർ മാത്രമാണ്. പ്രവർത്തകരുമായി വേർതിരിവുണ്ടാകാൻ പാടില്ല. അക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. ഞാൻ നടത്തുന്ന എല്ലാ പ്രവർത്തനവും പാർട്ടിക്കു കീഴ്പെട്ടാണ്. അതിൽനിന്നു വ്യത്യസ്തമായ ചിത്രം ഉണ്ടാക്കാൻ ശ്രമിക്കരുത്. ഇതാവർത്തിക്കരുത്. മറ്റുള്ളവർ മാതൃകയാക്കാൻ മുതിരരുത്’– പിണറായി പറഞ്ഞു.

വ്യക്തിയാരാധനയ്ക്കു നിന്നുകൊടുത്തു എന്ന പേരിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പാർട്ടി ശാസിച്ചിരുന്നു.

സിപിഎം സംസ്ഥാന സമ്മേളനം : കൂടുതൽ വാർത്തകൾ

ഉദ്ഘാടന പ്രസംഗം സമാപിച്ച ഉടനായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗമെന്നതിനാൽ വാക്കുകൾ പലപ്പോഴും വെടിക്കെട്ടിന്റെ ശബ്ദത്തിൽ മുങ്ങി. ഒന്നു രണ്ടുതവണ പ്രസംഗം നിർത്തേണ്ടി വന്ന പിണറായി, ‘തൃശൂരായതിനാൽ പടക്കത്തിനു കുറവുണ്ടാകില്ലല്ലോ’ എന്ന തമാശയും പൊട്ടിച്ചു.