കൊടിയേറ്റം വീണ്ടും

ചുവപ്പുകോട്ടയ്ക്കുള്ളിൽ: സിപിഎം സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുസമ്മേളനവേദിയിലേക്ക് എത്തുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ സമീപം. ചിത്രം: ബി.ജയചന്ദ്രൻ ∙ മനോരമ

തൃശൂർ∙ സിപിഎം സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനെ സംസ്‌ഥാന സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന സംസ്‌ഥാന സമിതിയിൽ നിന്ന് ഒൻപതുപേരെ ഒഴിവാക്കി 10 പുതുമുഖങ്ങൾക്ക് അവസരം നൽകി. വി.എസ്.അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി നിലനിർത്തി. സംസ്‌ഥാന സമിതിയുടെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ് ഏകകണ്‌ഠമായിരുന്നു. 

സംസ്‌ഥാന സമിതി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിർത്തി. വി.വി. ദക്ഷിണാമൂർത്തിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവുകൂടി നികത്തിയാണ് 10 പേരെ പുതുതായി ഉൾപ്പെടുത്തിയത്. 

സംസ്‌ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയ പി.കെ.ഗുരുദാസൻ ഉൾപ്പെടെ അഞ്ചു പേരാണു പ്രത്യേക ക്ഷണിതാക്കൾ. നിലവിൽ ക്ഷണിതാക്കളായ വിഎസ്, പാലോളി മുഹമ്മദ്‌കുട്ടി, എം.എം.ലോറൻസ്, കെ.എൻ.രവീന്ദ്രനാഥ് എന്നിവരെ നിലനിർത്തി. 

ടി.കൃഷ്‌ണൻ ചെയർമാനായി എം.എ.വർഗീസ്, ഇ.കാസിം, എം.ടി.ജോസഫ്, കെ.കെ. ലതിക എന്നവരടങ്ങിയ കൺട്രോൾ കമ്മിഷനെയും തിരഞ്ഞെടുത്തു. പുതിയ ആളുകൾക്ക് അവസരം നൽകുന്നതിനു വേണ്ടിയാണ് ഒൻപതു പേർ സംസ്‌ഥാന സമിതിയിൽ നിന്ന് ഒഴിവായതെന്നു കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനം : കൂടുതൽ വാർത്തകൾ

സംസ്ഥാന സമിതിയിലെ പുതുമുഖങ്ങൾ

പി.ഗഗാറിൻ (വയനാട്), ഇ.എൻ.മോഹൻദാസ് (മലപ്പുറം), കെ.വി.രാമകൃഷ്‌ണൻ (പാലക്കാട്), കെ.സോമപ്രസാദ് (കൊല്ലം), പി.എ.മുഹമ്മദ് റിയാസ് (കോഴിക്കോട്), എ.എൻ. ഷംസീർ (കണ്ണൂർ), ആർ.നാസർ (ആലപ്പുഴ), ഗിരിജാ സുരേന്ദ്രൻ (പാലക്കാട്), ഗോപി കോട്ടമുറിക്കൽ (എറണാകുളം), സി.എച്ച്.കുഞ്ഞമ്പു (കാസർകോട്) 

ഒഴിവാക്കപ്പെട്ടവർ

പി.കെ.ഗുരുദാസൻ, കെ.കുഞ്ഞിരാമൻ (കാസർകോട്), പി.എ.മുഹമ്മദ് (വയനാട്), എൻ.കെ. രാധ (കോഴിക്കോട്), ടി.കെ.ഹംസ (മലപ്പുറം), പി.ഉണ്ണി (പാലക്കാട്), കെ.എം.സുധാകരൻ (എറണാകുളം), സി.കെ.സദാശിവൻ (ആലപ്പുഴ), പിരപ്പൻകോട് മുരളി (തിരുവനന്തപുരം).