ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മേഖലാ ജാഥകൾക്കൊടുവിൽ മാർച്ച് 2നു പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കും. തിരഞ്ഞെടുപ്പു ഫലം ഇടതുമുന്നണിക്ക് അനുകൂലമല്ലെന്ന സർവേ ഫലങ്ങളെച്ചൊല്ലി ആശങ്കകളില്ല. ഇത്തരം സർവേകൾ ആസൂത്രിതമായി സംഘടിപ്പിക്കുന്നതാണ്.

ജനങ്ങൾക്കിടയിൽ നിന്നു പാർട്ടി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. എൽഡിഎഫ് 18 സീറ്റു നേടിയ 2004ലും സർവേകൾ എതിരായിരുന്നു. ബിജെപിയുടെ വ്യാജ വാഗ്ദാനങ്ങളുടെ തെളിവാണു കേന്ദ്ര ബജറ്റ്. കേരളത്തിലെ കാർഷിക മേഖലയ്ക്കായി ബജറ്റിൽ ഒന്നും നൽകിയിട്ടില്ല. ഇറക്കുമതിച്ചുങ്കം ഇനിയും കുറയ്ക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ നാണ്യവിളകളെ സാരമായി ബാധിക്കും.

കേന്ദ്ര സംസ്ഥാന ബജറ്റുകളുടെ വ്യത്യാസത്തെക്കുറിച്ചുളള സെമിനാറുകൾ ജില്ലകളിൽ സംഘടിപ്പിക്കും മാർച്ച് 5 ന് ആദ്യ സെമിനാർ തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 20 സീറ്റിലും ബിജെപിയെ തോൽപിക്കാനുള്ള ശേഷി സിപിഎമ്മിനുണ്ട്. എൽഡിഎഫിൽ പുതുതായി വന്നവരാരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. ഘടകകക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ചകൾ സമയോചിതമായി പൂർത്തിയാക്കും. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ‍ക്കു പിന്നാലെ പോകാനില്ല.

കൂടുതൽ സീറ്റുകൾ വാങ്ങാൻ പി.ജെ. ജോസഫിന് ആശംസകൾ നേരുന്നു. ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി സിഎംഡി സ്ഥാനത്തു നിന്നു നീക്കിയത് യൂണിയനുകളുടെ സമ്മർദത്തെ തുടർന്നായിരുന്നില്ല. സർക്കാരിന്റെ പ്രവർത്തന സൗകര്യം പരിഗണിച്ചാണ്. മുൻ സ്പീക്കർ എം.വിജയകുമാർ, കെ.വി.അബ്ദുൾഖാദർ എംഎൽഎ, കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി വൽസൻ എന്നിവരെ ഉൾപ്പെടുത്തി സിപിഎം കൺട്രോൾ കമ്മിഷൻ പുനസംഘടിപ്പിച്ചതായും കോടിയേരി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com