കാറുകൾക്ക് ഡിസ്കൗണ്ട് പെരുമഴ

ജിഎസ്ടി വരുമ്പോൾ നികുതി കുറയുന്നത് കണക്കിലെടുത്ത് ഈ മാസം തന്നെ ഇളവു നൽകി സ്റ്റോക്ക് വിറ്റഴിക്കുകയാണ് വാഹന ഡീലർമാർ. ഇന്നുകൂടി ഇതു തുടരും. വിവിധ വാഹന ഡീലർമാർ വിവിധ മോഡലുകൾക്ക് അവയുടെ വില അനുസരിച്ച് 8000 രൂപ മുതൽ രണ്ടരലക്ഷം രൂപവരെ ഡിസ്ക്കൗണ്ട് നൽകുന്നുണ്ട്. സാധാരണ നൽകാറുള്ള ഫ്രീ ഇൻഷുറൻസ്, എക്സ്ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്ക്കൗണ്ട് തുടങ്ങിയ സൗജന്യങ്ങൾക്കു പുറമേയാണിത്. അടുത്ത മാസം ഉണ്ടാകാൻ പോകുന്ന നികുതി കുറവ് ഇപ്പോഴേ നൽകുന്നുവെന്നു മാത്രം. ഇതേ നികുതി കുറവ് ജിഎസ്ടി വരുമ്പോഴും വിലയിൽ പ്രതിഫലിക്കും.

എല്ലാത്തരം കാറുകൾക്കും നികുതി നിരക്കിൽ മാറ്റം വരുകയാണ്. അതിനാൽ വിപണിയിൽ ഇനി ജിഎസ്ടി വന്നിട്ടു വാഹനം വാങ്ങാം എന്ന മനോഭാവം ഉപഭോക്താക്കൾക്കാകെയുണ്ട്. വിൽപ്പനയിലെ ഈ മാന്ദ്യം മാറ്റാനാണ് ഓഫറുകളുടെ പെരുമഴ ഈ പെരുമഴക്കാലത്തു പെയ്തിറങ്ങാൻ കാരണം. ടു വീലറുകൾക്ക് 1500 രൂപ മുതൽ 5000 രൂപ വരെ ഡിസ്ക്കൗണ്ട് നൽകുന്നു.

പഴയ സ്റ്റോക്ക് വി‍ൽക്കാതെ കെട്ടിക്കിടന്നാൽ, നാളെ മുതൽ വരുന്ന പുതിയ സ്റ്റോക്കുമായുള്ള നികുതി വ്യത്യാസം അക്കൗണ്ട് ചെയ്യുന്നതിലെ ബുദ്ധിമുട്ടും അനിശ്ചിതത്വവുമാണ് പഴയതു ബാക്കിയില്ല എന്ന് ഉറപ്പാക്കാൻ വാഹന ഡീലർമാരെ പ്രേരിപ്പിക്കുന്നത്. എന്നാൽ ജൂലൈ ഒന്നു മുതൽ പുതിയ സ്റ്റോക്കിന് ഓർഡറുകൾ നൽകിയിട്ടുമുണ്ട്. അതിനാൽ വാഹനങ്ങൾക്ക് അടുത്തമാസം ക്ഷാമമൊന്നും ഉണ്ടാവില്ലെന്നും വിവിധ ഡീലർമാർ അറിയിച്ചു.

നാലു മീറ്ററിൽ താഴെ നീളമുള്ളതും 1200 സിസിയിൽ താഴെ എൻജിൻ കുതിരശക്തിയുള്ളതുമായ പെട്രോൾ കാറുകൾക്ക് ഇനി 28% ജിഎസ്ടിയും 1% സെസുമാണ്. മുമ്പ് 12.5% എക്സൈസ് ഡ്യൂട്ടിയും പുറമേ 12.5% മുതൽ 14.5% വരെ വാറ്റ് നികുതിയും സെസുകളും സിഎസ്ടിയും ഉണ്ടായിരുന്നു. നാലു മീറ്ററിൽ താഴെ നീളമുള്ള ഡീസൽ കാറുകൾക്ക് 28% ജിഎസ്ടിക്കു പുറമേ 3% സെസ് കൂടിയുണ്ട്. എന്നാൽ 1500 സിസിയിൽ കൂടുതലുള്ള ആഡംബര കാറുകൾക്ക് നേരത്തേ 53% മുതൽ 55% വരെ നികുതി ഉണ്ടായിരുന്നത് ജിഎസ്ടിയും സെസും അടക്കം 43% ആയി കുറഞ്ഞിട്ടുണ്ട്. നേരത്തേ ഇവയ്ക്ക് 27% എക്സൈസ് ഡ്യൂട്ടിയും 25% മുതൽ 28% വരെ വാറ്റുമാണ് വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്.

ഫാക്ടറി മുതൽ ഉപഭോക്താവ് വരെ വിവിധ ഡീലർമാരുടെ തലങ്ങളിലും സംസ്ഥാനങ്ങളിലും വിവിധ നികുതികളുണ്ടായിരുന്നതുമാറി ഇനി ഇന്ത്യയിലാകെ ഒരു വാഹനത്തിന് ഒരു വിലയും ഒരു നികുതിയും എന്ന മാറ്റമാണ് വിലക്കുറവിലേക്കു നയിക്കുന്നത്. നികുതി നിരക്കിലെ കുറവ് ഉപഭോക്താവിലേക്കു കൈമാറുക എന്ന നയം തന്നെയാണ് എല്ലാ വാഹനക്കമ്പനികൾക്കുമുള്ളത്.