Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുകിട സംരംഭങ്ങൾ: ചെറുതല്ല വെല്ലുവിളി

gst

നികുതി സമർപ്പിക്കാനുള്ള ഏകജാലക സംവിധാനത്തിന്റെ വരവ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (എം എസ്എം ഇ)ക്ക് നേട്ടമുണ്ടാക്കുന്നതിനൊപ്പം ചില വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. മൂന്നു കോടിയിലധികം ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകൾ ഇന്ത്യയിലുണ്ട്. രാജ്യത്തിന്റെ വ്യാവസായിക ഉൽപാദനത്തിന്റെ 50 ശതമാനവും ആകെ കയറ്റുമതിയുടെ 42 ശതമാനവും സംഭാവന ചെയ്യുന്നത് ഇത്തരം വ്യവസായങ്ങളാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഐടി മേഖലയെക്കാൾ ചലനമുണ്ടാക്കുന്നതിവരാണ്.

ചെറുവ്യവസായങ്ങൾക്ക് ജി എസ് ടി എന്ന പുതിയ നികുതി സമ്പ്രദായത്തിൽ ചില നേട്ടങ്ങളുണ്ട്. എന്നാൽ ഉൽപാദന മേഖലയിലെ അവശ്യ സാധനങ്ങളുടെ നികുതി കൂടുന്നതോടെയുള്ള വിലക്കയറ്റം സംരംഭകരെ ബാധിക്കുമെന്ന് കേരള സംസ്ഥാന ചെറു സംരംഭക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ദാമോദർ അവണൂർ പറയുന്നു. 

വെല്ലുവിളികൾ

∙ 75 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങൾക്കു ജിഎസ്ടി പ്രതികൂലമാണ്. വിപണിയിൽ ഇവർ നന്നായി ബുദ്ധി മുട്ടും, ഇവർക്ക് മത്സരിക്കേണ്ടി വരുന്നത് ഇതേ ഉൽപന്നങ്ങളുണ്ടാക്കുന്ന വമ്പൻ കമ്പനികളോടാണ്. വലിയ കമ്പനികളുടെ മത്സരക്ഷമത ചെറു സംരംഭകരുടെ ഉൽപന്നത്തിനുണ്ടാവില്ലെന്നു മാത്രമല്ല ഉൽപാദനച്ചെലവും കൂടുതലായിരിക്കും. രണ്ടുകൂട്ടരും ഒരേ നികുതിയാണ് അടയ്ക്കേണ്ടത്. ജി എസ് ടിക്കു മുൻപ് എക്സൈസ് ഡ്യൂട്ടിയുടെ പരിധി ഒന്നരക്കോടിയായിരുന്നു. ഇതാണ് 75 ലക്ഷമാക്കി വെട്ടിക്കുറച്ചത്. 

∙ സിമന്റ് പോലുള്ള സാധനങ്ങൾക്കു വില കൂടുന്നതും ചെറു സംരംഭകരെ ബാധിക്കും. ഉൽപാദനത്തിന് ആവശ്യമായി വരുന്ന ഇത്തരം സാധനങ്ങൾക്ക് 28% നികുതി ഏർപ്പെടുത്തിയത് വൻ തിരിച്ചടിയാകും. കട്ടിള, ജനൽ, ഹോളോബ്രിക്സ് തുടങ്ങിയ സിമന്റ് അധിഷ്ടിത ഉൽപന്നങ്ങൾ നിർമിക്കുന്ന ചെറു സംരംഭകർക്ക് ഉൽപാദനച്ചെലവേറും.

∙ പല ഉൽപന്നങ്ങളുടെയും ജിഎസ്ടിയിലുള്ള നാമകരണ കോഡ് (എച്ച് എസ് എൻ –ഹാർമണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ) കോഡ് സംരംഭകർക്ക് ഇതുവരെ അറിയില്ല. സംസ്ഥാനമാണ് ഇതിൽ വ്യക്തതയുണ്ടാക്കേണ്ടത്. ഉദാഹരണത്തിന് റബർ ചില്ല്, ചിരട്ട തുടങ്ങിയ വസ്തുക്കളുടെ കോഡ് ഇതുവരെ ലഭ്യമായിട്ടില്ല. 

∙ ജിഎസ്ടി ‘എന്താണെന്നു’ വ്യക്തമാകണമെങ്കിൽ ജൂലൈ ഒന്നു കഴിയണം.

∙ റിട്ടേൺ ഫയലിങ് തുടക്കത്തിൽ ബുദ്ധിമുട്ടും ആശയക്കുഴപ്പവുമുണ്ടാക്കും.

നേട്ടങ്ങൾ

∙ വ്യവസായിക വാങ്ങലുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഏർപ്പെടുത്തിയത് ചെറു സംരംഭകർക്ക് ഗുണം ചെയ്യും. രണ്ടു ശതമാനം നികുതിയടച്ച് കോംപൗണ്ടിങ് ചെയ്യുന്നവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ചെയ്യാനാവില്ല. പക്ഷെ ഉയർന്ന നികുതിയുള്ള ഉൽപന്നങ്ങൾ വാങ്ങുമ്പോൾ കോംപൗണ്ടിങ്ങിനേക്കാൾ ഇൻപുട്ട്ടാക്സ് ക്രെഡിറ്റ് ആണ് സംരംഭകർക്ക് ലാഭകരമാകുക.

∙ ഇരുപതു ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ളവരെ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയത് ചെറുകിട സംരംഭക മേഖലയിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കും. 

∙ പ്രവേശന നികുതി ഇല്ലാതാകുന്നത് സംരംഭകർക്കു ഗുണം ചെയ്യും. ടൈൽ, മാർബിൾ പോലുള്ള ഉൽപന്നങ്ങൾക്ക് ഉയർന്ന പ്രവേശന നികുതിയായിരുന്നു. മാത്രമല്ല രാജ്യത്തെവിടെയും ഉൽപന്നങ്ങൾ വിൽക്കാവുന്ന സ്ഥിതി വരും.