Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസക് പറഞ്ഞതെല്ലാം സത്യമാണോ?; കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് വിശകലനം

BA-Prakash-New ബി. എ.പ്രകാശ്

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി രൂക്ഷമാണെന്ന് അഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എ.പ്രകാശ്. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ ‘മനോരമ ഓൺലൈനു’ നൽകിയ പ്രത്യേക ഇന്റർവ്യൂവിലാണ് സര്‍ക്കാര്‍ വലിയ സാമ്പത്തിക തകര്‍ച്ച നേരിടുകയാണെന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വിശകലനം. വലിയ തകര്‍ച്ചയിലാണ് നമ്മള്‍ നില്‍ക്കുന്നത്. അതിനെ അതിജീവിക്കണമെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകണം. എന്നാൽ ഈ സർക്കാർ അതിനു തയാറാകുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read In English

സംസ്ഥാന ബജറ്റ്: സമ്പൂർണ കവറേജ്

കേരളം ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് 1998-2000 കാലഘട്ടത്തിലാണ്. അതിനു സമാനമായ തകര്‍ച്ചയാണ് ഇപ്പോള്‍. മൂന്നു മാസമായി ശമ്പളവും െപന്‍ഷനുമൊഴികെ മറ്റൊന്നും പാസാക്കാനാകാതെ ട്രഷറി ഏതാണ്ട് സ്തംഭനത്തിലാണ്. ഇതില്‍നിന്നു കരകയറുക എളുപ്പമല്ല. ഏറ്റവും പ്രധാനപ്പെട്ട കാരണം പത്തു വര്‍ഷത്തേക്ക് വേണ്ടി ശമ്പള കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ഒരു സ്കെയില്‍ അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നടപ്പിലാക്കി എന്നതാണ്. വലിയ സാമ്പത്തിക ബാധ്യതയാണ് വന്നിരിക്കുന്നത്.

കഴിഞ്ഞ 30 വര്‍ഷത്തെ കാര്യമെടുത്താല്‍‌ എപ്പോള്‍ ശമ്പളത്തിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ടോ അന്നൊക്കെ സംസ്ഥാനം പ്രതിസന്ധിയിലേക്ക് പോയിട്ടുണ്ട്. 1998ലെ കാരണവും അതു തന്നെയായിരുന്നു. കഴിഞ്ഞതിനു മുന്‍പത്തെ സാമ്പത്തിക വര്‍ഷം ശമ്പളത്തിനും പെന്‍ഷനും അധികമായി ചെലവായത് 7,300 കോടിരൂപയാണ്. കഴിഞ്ഞവര്‍ഷം 6,630 കോടി ചെലവായി. ഇപ്പോള്‍ 50,000 കോടിരൂപയാണ് ശമ്പളത്തിനും പെന്‍ഷനുമായി ഒരു വര്‍ഷം ചെലവാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണവും ഇതാണ്.

∙ ധൂർത്തിൽ സർക്കാർ വ്യത്യാസമില്ല!

കേരളത്തില്‍ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ ഒരു ധനധൂർത്തു രാഷ്ട്രീയമാണ് നടത്തികൊണ്ടിരിക്കുന്നത്. അനാവശ്യ ചെലവുകള്‍ എല്ലാ മേഖലയിലും വരികയാണ്. അനാവശ്യമായ ഒട്ടനവധി വകുപ്പുകളുണ്ടിവിടെ. ആഡംബര വാഹനങ്ങള്‍ സര്‍ക്കാര്‍ വാങ്ങി കൂട്ടുന്നു. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പരിധിയില്ലാത്ത മെഡിക്കല്‍ അലവന്‍സുകള്‍ നല്‍കുന്നു. മറുവശത്ത് കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കൊടുക്കാന്‍ മാര്‍ഗമില്ല.

മധ്യപ്രദേശില്‍ മൂന്നു പിഎസ്‌സി അംഗങ്ങളാണ്. ഇവിടെ 21 പേരുണ്ട്. ജനങ്ങളുടെ നികുതി പണം എല്ലാ മേഖലയിലും ധൂര്‍ത്തടിക്കുകയാണ്. അതിനു സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഇപ്പോഴത്തെ ധനമന്ത്രിയും അതിന്റെ വക്താവ് തന്നെ. അദ്ദേഹവും ഈ നയങ്ങള്‍ തന്നെയാണ് പിന്തുടരുന്നത്. ഈ ധനധൂര്‍ത്ത് രാഷ്ട്രീയം അവസാനിപ്പിക്കാത സര്‍ക്കാരിനു മുന്നോട്ടു പോകാനാകില്ല.

∙ ജിഎസ്ടി ചതിക്കുമോ?

നമ്മുടെ പ്രധാന നികുതി വാറ്റ് ആയിരുന്നു. അത് ജിഎസ്ടി (ചരക്കുസേവന നികുതി) ആയി മാറി. സംസ്ഥാനത്തിന്റെ മൊത്തം നികുതിയുടെ 75 ശതമാനം ഈ നികുതിയാണ്. മറ്റുള്ളത് ചെറിയ നികുതികളാണ്. എല്ലാം കൂടി 42,000 കോടി രൂപയോളം വരും. അതില്‍ 10-15 ശതമാനം കൂടിയാലൊന്നും പ്രശ്നം തീരില്ല. 7,500 കോടി ശമ്പളത്തിനും പെന്‍ഷനും അധികമായി വേണം. സര്‍ക്കാരിനു കിട്ടാനുള്ള നികുതി കുടിശികയുണ്ട്. അതു പിരിച്ചെടുക്കുന്നത് എളുപ്പമല്ല. സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് കുടിശിക വരുത്തിയിരിക്കുന്നത്. അല്ലാത്ത കുറച്ചു തുക ഉണ്ടെങ്കിലും പ്രധാനപ്പെട്ടത് ഇതാണ്. വാട്ടര്‍ അതോറിറ്റിക്ക് പണം കിട്ടിയില്ലെങ്കില്‍ അവര്‍ എങ്ങനെ പ്രവര്‍ത്തിക്കും.

ജിഎസ്ടി നിരക്കുകൾ‍, ഇ–ഗവേണന്‍സ്, ജിഎസ്ടി പോര്‍ട്ടല്‍, ഫയലിങ് ഇതൊക്കെ നേരെയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. നിരക്കുകള്‍ സ്ഥിരമാകാന്‍ വര്‍ഷങ്ങളെടുക്കും. ധനമന്ത്രി പറഞ്ഞത് ജിഎസ്ടി നിരക്കില്‍ 20 ശതമാനം വര്‍ധന വന്നാല്‍ എല്ലാം ശരിയാകുമെന്നാണ്. ധനമന്ത്രി സ്വപ്നലോകത്താണ്. അദ്ദേഹം പറയുന്നത് ഒറ്റ പ്രതീക്ഷ ജിഎസ്ടി ആണെന്നാണ്. ഇപ്പോള്‍ സംസ്ഥാന നികുതിയുടെ വളര്‍ച്ചാ നിരക്ക് പത്തുശതമാനമാണ്. നാലുശതമാനം കൂടി പതിനാലു ശതമാനത്തിലേക്കൊക്കെ പോകാമെങ്കിലും വര്‍ഷത്തില്‍ 20 ശതമാനം നികുതി വര്‍ധനയിലേക്ക് പോകാന്‍ സാധ്യതയില്ല.

കേരളത്തിലേക്കുള്ള ഗള്‍ഫ് പണത്തിന്റെ വരവ് ഇടിയുകയാണ്. നിര്‍മാണ മേഖല തകര്‍ച്ചയിലാണ്. അവിടെയെല്ലാം പണം നഷ്ടപ്പെടുന്നു. ആകെ പ്രതീക്ഷയുള്ളത് മോട്ടോര്‍ വാഹന നികുതി മാത്രം. സമ്പദ്ഘടന വളര്‍ച്ച കൈവരിക്കുമ്പോള്‍ നികുതി കൂടുകയും അല്ലാത്തപ്പോള്‍ കുറയുകയും ചെയ്യുന്നതാണ് കേരളത്തിന്റെ നികുതിയുടെ സ്വഭാവം. ഇപ്പോള്‍ കാര്യങ്ങള്‍ അനുകൂലമല്ല.

∙ എങ്ങനെ പ്രതിസന്ധി അതിജീവിക്കാം?

വിവിധതരം ഫീസുകൾ‍, യൂസര്‍ ചാര്‍ജ്, സര്‍ക്കാര്‍ വാടക, പാട്ട ഭൂമിയിലെ തുക എന്നിവ ചേര്‍ത്താല്‍ 8,000 കോടി അധികമായി പിരിച്ചെടുക്കാന്‍ കഴിയും. സംസ്ഥാനത്തിന്റേതായ നികുതികള്‍ വര്‍ധിപ്പിക്കാന്‍ സാധ്യത കുറവാണ്. ഇപ്പോള്‍ തന്നെ പലതിന്റെയും നിരക്കുകള്‍ ഉയര്‍ന്നതാണ്. 114 സര്‍ക്കാര്‍ വകുപ്പുകളുണ്ട്. അത്രയും വേണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. ജീവനക്കാര്‍ കൂടുതലാണ്.

ആവശ്യത്തിലധികം പ്രൈവറ്റ് എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. ആ മേഖലയിലൊക്കെ ചെലവ് കുറയ്ക്കണം. പരിധിയില്ലാത്ത ആനുകൂല്യങ്ങളും ധൂര്‍ത്തും ഭരണചെലവും കുറയ്ക്കണം. പത്തു വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്ക്കരണം എന്ന ആശയത്തിലേക്ക് പോകാതെ ഒരിക്കലും പ്രതിസന്ധി അവസാനിക്കില്ല.

∙ കരകയറാന്‍ ബുദ്ധിമുട്ടാണ്!

നോട്ടു നിരോധനം വലിയ പ്രശ്നമുണ്ടാക്കി. പരമ്പരാഗത വ്യവസായങ്ങളും ചെറുകിട കച്ചവടക്കാരും കാര്‍ഷിക മേഖലയും തകര്‍ന്നു. പുറകേ ജിഎസ്ടി വന്നു. ജിഎസ്ടി വിലക്കയറ്റം ഉണ്ടായി. സംസ്ഥാനത്തിന് വലിയ ആഘാതമായി. ഉല്‍പാദന മേഖല തകര്‍ന്നു. സംസ്ഥാനത്തിന്റെ വളര്‍ച്ച കുറഞ്ഞു. നികുതി പിരിവും കുറഞ്ഞു. ധനമന്ത്രി ചെലവു ചുരുക്കുമെന്നു പറയുന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ, ഈ നടപടികള്‍ വന്നാലും സാമ്പത്തിക പ്രതിസന്ധി തുടരാനാണ് സാധ്യത.

മറ്റു മേഖലകളിലേക്ക് പ്രതിസന്ധി വ്യാപിക്കാനും സാധ്യതയുണ്ട്. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയതുപോലെ സർവകലാശാലകളിലും ആനുകൂല്യങ്ങള്‍ മുടങ്ങാം. ഒരിക്കല്‍ ധനകാര്യ തകര്‍ച്ച വന്നാല്‍ കരകയറുന്നത് പാടാണ്. വലിയ തകര്‍ച്ചയിലാണ് നമ്മള്‍ നില്‍ക്കുന്നത്. അതിനെ അതിജീവിക്കണമെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകണം. അതിന് ഈ സര്‍ക്കാര്‍ തയാറാകുമെന്ന് തോന്നുന്നില്ല.

related stories