Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോദി കെയർ’ രാജ്യത്തെ തളർത്തുമോ ?; ആരോഗ്യ പദ്ധതികൾക്കു തുക വെട്ടിക്കുറച്ച് കേന്ദ്രം

Narendra-Modi പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘മോദി കെയർ’ വൻബാധ്യതയാകുമെന്ന നിരീക്ഷണത്തിനു പിന്നാലെ, പ്രമുഖ ആരോഗ്യ പദ്ധതികളുടെ വിഹിതത്തിൽ ഗണ്യമായ കുറവുവരുത്തി കേന്ദ്ര സർക്കാർ. ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) ഉൾപ്പെടെയുള്ള പദ്ധതികൾക്കു മുൻവർഷത്തേക്കാൾ കുറഞ്ഞ തുകയാണു ബജറ്റിൽ നീക്കിവച്ചത്.

മൊത്തം ആരോഗ്യ മേഖലയ്ക്കു മാറ്റിവച്ച തുകയിൽ വർധനയുണ്ടായതു നിലവിലെ പ്രധാന പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ചാണെന്നാണ് ആക്ഷേപം. 2017–18ൽ ആരോഗ്യമേഖലയ്ക്കു വകയിരുത്തിയത് 53,198 കോടി രൂപ. 2018–19 വർഷത്തിൽ ഇത് 54,667 കോടിയായി; വർധന 2.8 ശതമാനം. അതേസമയം, ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള വിഹിതം 31,292 കോടിയിൽനിന്ന് 30,634 കോടിയായി; കുറവ് 2.1 ശതമാനം. എയ്ഡ്സ് നിയന്ത്രണ പദ്ധതി വിഹിതം 2,163 കോടിയിൽനിന്ന് 2,100 കോടിയായി; കുറവ് 2.9 ശതമാനം. മെഡിക്കൽ കോളജുകൾ നിർമിക്കുന്നതിനുള്ള വിഹിതത്തിൽ 12.5 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞവർഷം 3,300 കോടിയുണ്ടായിരുന്നത് ഇത്തവണ 2,888 കോടിയായി.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി എന്ന വിശേഷണത്തോടെയാണു ധനമന്ത്രി അരുൺ ജയ്റ്റ്ലി ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി (മോദി കെയർ) പ്രഖ്യാപിച്ചത്. പാവപ്പെട്ട 10 കോടി കുടുംബങ്ങളിലെ 50 കോടി അംഗങ്ങളെ ഉൾക്കൊള്ളുന്നതാണു പദ്ധതി. ഗുണഭോക്താക്കൾക്കു  പ്രീമിയം അടയ്ക്കേണ്ടതില്ലെന്നതു പ്രത്യേകതയാണ്. ഇതിനൊപ്പം 1.5 ലക്ഷം ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ തുറക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനുള്ള 1200 കോടി ദേശീയ ആരോഗ്യ ദൗത്യത്തിൽനിന്നാണു വക മാറ്റിയത്.

വെൽനസ് സെന്ററിന്റെ തുക കൂടി കുറച്ചാൽ എൻഎച്ച്എമ്മിനുള്ള വിഹിതത്തിൽ ആറു ശതമാനം കുറവുണ്ടെന്നു കാണാം. നീക്കം ദേശീയ ആരോഗ്യ ദൗത്യത്തെ ദോഷകരമായി ബാധിക്കുമെന്നും വെൽനസ് സെന്ററുകൾക്കു ഈ തുക അപര്യാപ്തമാണെന്നും ടാറ്റ ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സ്കൂൾ ഓഫ് ഹെൽത്ത് സിസ്റ്റംസ് ഡീൻ ഡോ. ടി.സുന്ദരരാമൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ മാറ്റിവച്ച തുക 10,000 വെൽനസ് സെന്ററുകൾക്കുള്ള പണമേ ആകുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലാ ആശുപത്രികളിലും കേന്ദ്രങ്ങൾ ഉറപ്പാക്കുമെന്നും 2,000 സെന്ററുകൾ പുതുതായി തുറക്കുമെന്നും ജയ്റ്റ്ലി പറഞ്ഞിരുന്നു. 24 പുതിയ മെഡിക്കൽ കോളജുകൾ തുറക്കും, ജില്ലാ ആശുപത്രികളുടെ നിലവാരം ഉയർത്തും തുടങ്ങിയ പ്രഖ്യാപിച്ചെങ്കിലും ഇതിനായി കഴിഞ്ഞവർഷത്തേക്കാൾ 12.5 ശതമാനം കുറവു തുകയാണു നീക്കിവച്ചത്. എയിംസ് നിലവാരത്തിലേക്കു മെഡിക്കൽ കോളജുകൾ ഉയർത്തുന്നതിനു പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയിൽ (പിഎംഎസ്എസ്‍വൈ) അനുവദിച്ച ഫണ്ടിലും കുറവുണ്ട്; 3,975 കോടിയിൽനിന്ന് നാലു ശതമാനം കുറവിൽ 3,825 കോടിയാണു വകയിരുത്തിയത്.

അതേസമയം, 50 കോടി ജനങ്ങൾക്കായി പ്രഖ്യാപിച്ച മോദി കെയറിന്റെ വാർഷികച്ചെലവ് ഒരു ലക്ഷം കോടി രൂപയാകുമെന്നു സാമ്പത്തിക ഗവേഷണ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാ‍ൻസ് ആൻഡ് പോളിസി (എൻഐപിഎഫ്പി) അഭിപ്രായപ്പെട്ടു. നിതി ആയോഗ് ഉപദേശകൻ അലോക് കുമാർ പറഞ്ഞതിന്റെ പത്തിരട്ടി തുകയാണ് എൻഐപിഎഫ്പി കണക്കാക്കുന്നത്. മോദി കെയറിനു വർഷംതോറും 10,000–12,000 കോടി രൂപ ചെലവു വരുമെന്നായിരുന്നു നിതി ആയോഗിന്റെ കണക്കുകൂട്ടൽ.

related stories