Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒ.രാജഗോപാലിനെയും തഴഞ്ഞു; റെയിൽവേയിൽ പച്ച തൊടാതെ ബിജെപി പദ്ധതികളും

Railway

കൊച്ചി∙ പൊതുബജറ്റിൽ റെയിൽവേയ്ക്ക് അനുവദിച്ച വിഹിതം വീതം വച്ചപ്പോൾ ബിജെപിയുടെ സ്വന്തം പദ്ധതികൾ പോലും പച്ച തൊട്ടില്ല. റെയിൽവേ ബജറ്റിൽ കേരളത്തിനു നിരാശ മാത്രം ബാക്കി. ഒ.രാജഗോപാൽ എംഎൽഎയുടെ മണ്ഡലമായ നേമത്തു റെയിൽവേ ടെർമിനൽ സ്ഥാപിക്കാനുള്ള പദ്ധതിക്കു ഇത്തവണയും അനുമതി ലഭിച്ചില്ലെന്നതാണ് വിചിത്രമായ സംഗതി. പദ്ധതിക്കായി എംഎൽഎ മുട്ടാത്ത വാതിലുകളില്ല. 67 കോടി ചെലവിൽ പദ്ധതിയുടെ ആദ്യഘട്ടം ഇത്തവണ നടപ്പാക്കുമെന്ന പ്രതീക്ഷയാണു പൊലിഞ്ഞത്.
കേരളത്തിൽ ട്രാക്ക് നവീകരണത്തിനും പാത ഇരട്ടിപ്പിക്കലിനും പണം ലഭിച്ചപ്പോൾ പുതിയ പദ്ധതികളുടെ കാര്യത്തിൽ കേരളത്തിനു ആകെ ആശ്വാസം എറണാകുളം – ഷൊർണൂർ മൂന്നാം പാതയ്ക്കു അനുമതി ലഭിച്ചുവെന്നതാണ്. എന്നാൽ പദ്ധതിക്കു കാര്യമായ പണം മാറ്റിവച്ചിട്ടില്ല. ബിജെപി പിന്തുണയ്ക്കുന്ന അങ്കമാലി – എരുമേലി ശബരി റെയിൽവേ, എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസനം എന്നിവയും തഴയപ്പെട്ടു.

എസ്റ്റിമേറ്റിന് അനുമതിയില്ലാത്ത ശബരി പാതയ്ക്കു 219 കോടി രൂപയാണു നീക്കി വച്ചിരിക്കുന്നത്. എന്നാൽ പദ്ധതിയുടെ ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിൽ തർക്കം തീരാത്തതിനാൽ പണം ചെലവഴിക്കുക എളുപ്പമല്ല. 2,815 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു അനുമതി നൽകണമെങ്കിൽ പകുതി ചെലവു സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്ര നിലപാട്. തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 110 കോടി രൂപയും കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിനു 82 കോടി രൂപയും ലഭിച്ചതു നേട്ടമാണ്. എന്നാൽ കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനുള്ള 110 കോടി രൂപയിൽ 100 കോടി രൂപ ഭൂമിയേറ്റെടുത്ത ശേഷമേ ചെലവാക്കാൻ കഴിയൂ.

ആലപ്പുഴ വഴിയുളള പാത ഇരട്ടിപ്പിക്കൽ അനന്തമായി നീളുമെന്നാണു 37 കോടി രൂപ നീക്കി വച്ചതു വഴി റെയിൽവേ നൽകുന്ന സൂചന. ശബരി പദ്ധതിക്ക് അനുവദിച്ച 219 കോടിയിൽ 155 കോടി രൂപ ബജറ്റിനു പുറേമ നിന്നുള്ള വിഹിതമാണ്. ഈ പണം ചെലവഴിക്കണമെങ്കിൽ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുത്തു നൽകണം. 1400 കോടി രൂപയാണു ശബരി പദ്ധതിക്കു ഭൂമിയേറ്റെടുക്കാൻ വേണ്ടത്. കൊച്ചുവേളിയിൽ നാലാം പിറ്റ്‌ലൈൻ നിർമാണത്തിനു 10 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. പാലക്കാട് മെമു ഷെഡിനു രണ്ടു കോടി രൂപ നീക്കി വച്ചതല്ലാതെ മലബാർ മേഖലയ്ക്കു കാര്യമായൊന്നും ലഭിച്ചില്ല. നേത്രാവതി പാലം–മംഗളൂരു സെൻട്രൽ, കങ്കനാടി- പനമ്പൂർ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കു കർണാടകയ്ക്കു കൂടുതൽ തുക അനുവദിച്ചതു കേരളത്തിനും ഗുണകരമാകും. 111 കോടി രൂപയാണു അനുവദിച്ചിരിക്കുന്നത്.

കണ്ണൂർ ടെർമിനൽ, ഷൊർണൂരിൽ നിന്നു പാലക്കാട്, തൃശൂർ ഭാഗങ്ങളിലേക്കുള്ള ഒന്നര കിലോമീറ്റർ വീതമുള്ള പാത ഇരട്ടിപ്പിക്കൽ എന്നിവയ്ക്കു ഇത്തവണയും അനുമതിയില്ല. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ‍ ഏറ്റെടുത്ത തലശേരി–മൈസൂരു, തിരുവനന്തപുരം–കാസർകോട് മൂന്നും നാലും പാത, വിഴിഞ്ഞം സീപോർട്ട് ലിങ്ക് എന്നിവ സംബന്ധിച്ചും ബജറ്റിൽ പരാമർശമില്ല. കഴിഞ്ഞ ബജറ്റിൽ നിലമ്പൂർ-നഞ്ചൻഗുഡിനു പണം ഉണ്ടായിരുന്നെങ്കിൽ സംസ്ഥാന സർക്കാർ തലശേരി മൈസൂരുവിനു പിന്നാലെ പോയതിനാൽ നിലമ്പൂർ-നഞ്ചൻഗുഡ് ബജറ്റിൽ നിന്നു പുറത്തായി. സംസ്ഥാന നേതൃത്വത്തിനു കേന്ദ്രത്തിൽ തീർത്തും സ്വാധീനമില്ലെന്നു വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ ബജറ്റിലെ റെയിൽവേ വിഹിതം. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾക്കു വാരിക്കോരിയാണു നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിനു 7,685 കോടി കർണാടകയ്ക്കു 3,353, രാജസ്ഥാൻ 4,553, ഒഡീഷ 5,252, ജമ്മു -1,976, പഞ്ചാബ് -1,532, തമിഴ്നാട് 2,548 കോടി എന്നിങ്ങനെ നേടിയപ്പോൾ കേരളത്തിനു 923 കോടി രൂപ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

related stories