തൃശൂർ ∙ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ കോഴിക്കോട് ജില്ല സ്കൂൾ കലോത്സവ കിരീടം നേടി. 895 പോയിന്റോടെയാണു നേട്ടം. തുടർച്ചയായി 12–ാം തവണയാണു 117.5 പവൻ സ്വർണക്കപ്പ് കോഴിക്കോട് സ്വന്തമാക്കുന്നത്. രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ (893 പോയിന്റ്) പാലക്കാട് ജില്ല രണ്ടാമതെത്തി. 875 പോയിന്റ് നേടിയ മലപ്പുറമാണു മൂന്നാമത്. ആതിഥേയരായ തൃശൂരും കണ്ണൂരും നാലാം സ്ഥാനം പങ്കിട്ടു.
അടുത്ത കലോത്സവം ആലപ്പുഴയിൽ നടക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. വ്യാജ അപ്പീൽ ഉത്തരവുമായി മത്സരിക്കാനെത്തിയവരെ പിടികൂടിയത് കലോത്സവ മേഖലയെ ശുദ്ധീകരിക്കാനെടുക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് അടുത്ത വർഷം പ്രശ്നങ്ങൾ പരിഹരിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.