Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമലയ്ക്കു പോരൂ, അവിൽ ഐസ്ക്രീമും കുലുക്കിപ്പാലും കഴിക്കാം

ice cream Ice cream. Picture taken for business Manorama. Pic by Tony Dominic

തൃശൂർ ∙ കേച്ചേരി സെന്ററിൽനിന്നു വടക്കാഞ്ചേരി റൂട്ടിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് പെരുമലയ്ക്കു പോകുമ്പോൾ നൗഷാദിന്റെ കടയുണ്ട്. അവിടെ ചെന്നാൽ അവിൽ ഐസ്ക്രീം കഴിക്കാം. അവിൽ ഐസ്ക്രീം എന്താണെന്നല്ലേ. പേരുപോലെ തന്നെ അവിലും ഐസ്ക്രീമും ചേർത്ത സ്പെഷൽ ഷേക്ക്. താൻ സ്വയം കണ്ടെത്തിയ റെസീപിയാണ് ഈ ഐറ്റത്തിന്റേതെന്ന് നൗഷാദ് പറയുന്നു.

ആദ്യം പഴം ഉടച്ച് ഗ്ലാസിലിടും. അതിനു മുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം ഇടും. അതിനു മുകളിൽ ചോക്‌ലേറ്റ് പൊടി വിതറും. ശേഷം വെളുത്ത അവിൽ വീട്ടിൽ വറുത്തതു നാലു ടീസ്പൂൺ. അതിനു മുകളിൽ തണുപ്പിച്ച പാൽ, വീണ്ടും ഒരു സ്കൂപ്പ് ഐസ്ക്രീം, ടൂട്ടി ഫ്രൂട്ടി, കപ്പലണ്ടി, മുന്തിരി എന്നിവ ചേർക്കും. 40 രൂപയ്ക്ക് നൗഷാദ് സ്പെഷൽ അവിൽ ഐസ്ക്രീം റെഡി. ദിവസവും നൂറു കണക്കിനാളുകളാണ് അവിൽ ഐസ്ക്രീം കഴിക്കാൻ ഇവിടെ എത്തുന്നത്. കടയ്ക്കു മുന്നിൽ എപ്പോഴും വലിയ തിരക്ക്. രാവിലെ ഒൻപതിനു തുറക്കുന്ന കട വൈകിട്ട് ആറു വരെ സജീവം.

അവിൽ ഐസ്ക്രീമിനു പുറമെ വേറെയും ഉണ്ട് ഐറ്റങ്ങൾ. സ്പെഷൽ കുലുക്കിപ്പാൽ. മസാല ഉപ്പുസോഡ തുടങ്ങി വെറൈറ്റികൾ വേറെയും. ബൂസ്റ്റ്, കസ്കസ് എന്നിവ ചേർത്തു തയാറാക്കുന്ന കുലുക്കിപ്പാലിനും ഡിമാൻഡുണ്ട്.

നേരത്തേ ഇക്കണ്ട വാരിയർ റോഡിൽ പെട്ടിക്കട നടത്തിയിരുന്ന കേച്ചേരി മണലി വലിയകത്ത് വി.എം. നൗഷാദ് രണ്ടു വർഷം മുൻപാണ് പെരുമല റൂട്ടിൽ കട തുടങ്ങിയത്. പെരുമല മമ്പുൽ ഹുദാ ഇംഗ്ലിഷ് മീഡിയം സ്കൂളിനോടു ചേർന്നാണ് കട.വെറും സർവത്തും നാരങ്ങ സോഡയും മാത്രം വെച്ചാൽ കുടുംബം നോക്കാനുള്ള കച്ചവടം കിട്ടില്ലെന്നു മനസിലാക്കിയാണ് സ്പെഷൽ ഐറ്റങ്ങൾ ഇറക്കിയത്. കുലുക്കി സർവത്ത്, നാടൻ മോര്, അവിൽ മിൽക്ക്, ലെസ്സി തുടങ്ങിയവയും ഇവിടെ ലഭിക്കും.