വംശീയ ആക്രമണം: ഇന്ത്യൻ എൻജിനീയർ യുഎസിൽ വെടിയേറ്റു മരിച്ചു

മരിച്ച ശ്രീനിവാസ് കച്ചിബോട്‌ല, പരുക്കേറ്റ അലോക് മദസാനി.

വാഷിങ്ടൻ ∙ വംശീയാധിക്ഷേപം ചൊരിഞ്ഞ് ആക്രമണം നടത്തിയ യുഎസ് പൗരന്റെ വെടിയേറ്റ് ഇന്ത്യൻ എൻജിനീയർ കൊല്ലപ്പെട്ടു. മറ്റൊരു ഇന്ത്യക്കാരനു ഗുരുതരമായി പരുക്കേറ്റു. ഒരു യുഎസ് പൗരനും പരുക്കേറ്റിട്ടുണ്ട്. കൻസസ് സിറ്റിയിലെ തിരക്കേറിയ ബാറിൽ ശ്രീനിവാസ് കച്ചിബോട്‌ല (32) എന്ന എൻജിനീയറാണു കൊല്ലപ്പെട്ടത്. അലോക് മദസാനിക്കാണു പരുക്കേറ്റത്.

ഹൈദരാബാദുകാരനാണു ശ്രീനിവാസ്. ‘എന്റെ രാജ്യത്തുനിന്നു പുറത്തു പോകെടാ, തീവ്രവാദി’ എന്നു വംശീയാധിക്ഷേപം ചൊരിഞ്ഞാണ് അക്രമി വെടിവച്ചത്. യുഎസ് നാവികസേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ആദം പുരിന്റോൺ (51) എന്നയാളാണ് അറസ്റ്റിലായത്. ബാറിൽ ഇന്ത്യൻ യുവാക്കളെ പ്രകോപിപ്പിക്കാൻ നിരന്തരം ശ്രമിച്ച ഇയാൾ പിന്നീടു പുറത്തുപോയി തോക്കുമായി വന്നു വെടിവയ്ക്കുകയായിരുന്നു.

അറസ്റ്റിലായ ആദം പുരിന്റോൺ

തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച ഇയാൻ ഗ്രില്ലോട് (24) ആണു പരുക്കേറ്റ യുഎസ് പൗരൻ. ശ്രീനിവാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ന്യൂഡൽഹിയിൽ അറിയിച്ചു. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ശ്രീനിവാസിന്റെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു.