ആന്ധ്രയിൽ നായിഡുവിന്റെ മകനും കൂറുമാറ്റക്കാരും മന്ത്രിമാർ

ഹൈദരാബാദ് ∙ മകൻ നാരാ ലോകേശിനെയും വൈഎസ്ആർ കോൺഗ്രസിൽനിന്നു കൂറുമാറി വന്നവരെയും മന്ത്രിമാരാക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭാ വികസനം. ആറു മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ അഞ്ചുപേരെ ഒഴിവാക്കി.

ഒഴിവാക്കിയവർ കലാപക്കൊടി ഉയർത്തുകയും ചിലർ എംഎൽഎസ്ഥാനം രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. 2014 ജൂണിൽ അധികാരമേറ്റ ടിഡിപി–ബിജെപി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ അഴിച്ചുപണിയാണിത്. മുപ്പത്തിനാലുകാരനായ നാരാ ലോകേശിനു പുറമേ വൈഎസ്ആർ കോൺഗ്രസിൽനിന്നു കൂറുമാറി ടിഡിപിക്കൊപ്പം ചേർന്ന 21 പേരിൽ അഖിലപ്രിയ റെഡ്ഡി, അമർനാഥ് റെഡ്ഡി, ആദിനാരായണ റെഡ്ഡി, സുജയ കൃഷ്ണറാവു എന്നിവരെ മന്ത്രിമാരാക്കി.

കഴിഞ്ഞമാസം അന്തരിച്ച പ്രമുഖ നേതാവ് ഭുമാ നാഗി റെഡ്ഡിയുടെ മകളാണ് ഇരുപത്തെട്ടുകാരിയായ അഖിലപ്രിയ. നേരത്തേ തെലുങ്കുദേശത്തിനൊപ്പമായിരുന്ന റെഡ്ഡിയും കുടുംബവും പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചശേഷം കൂറുമാറി തിരിച്ചു ടിഡിപിയിലെത്തുകയായിരുന്നു.

ടിഡിപി സംസ്ഥാന പ്രസിഡന്റ് കലാ വെങ്കട്ടറാവുവിനും മന്ത്രിസ്ഥാനം നൽകി. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യാസഹോദരി കിമിദി മൃണാളിനിക്കു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. സ്ഥാനം നഷ്ടപ്പെട്ട മന്ത്രിമാരിൽ ഒരാളായ മുതിർന്ന ടിഡിപി നേതാവ് ബൊജ്ജാല ഗോപാലകൃഷ്ണ റെഡ്ഡി എംഎൽഎസ്ഥാനം രാജിവച്ചു.

മന്ത്രിസ്ഥാനം കിട്ടാതിരുന്ന വിജയവാഡ എംഎൽഎ ബൊണ്ട ഉമാമഹേശ്വര റാവുവും രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് രാമ സുബ്ബറെഡ്ഡിയും പാർട്ടിവിടുമെന്നു ഭീഷണിപ്പെടുത്തി. 2019ലെ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പ്രാദേശിക സംവരണം ഉറപ്പാക്കിയ നായിഡു ഈ മന്ത്രിസഭാ വികസനത്തിലും മുസ്‌ലിം പ്രാതിനിധ്യം നൽകിയിട്ടില്ല.