റെയിൽവേ കൺവൻഷൻ കമ്മിറ്റി തൽക്കാലം തുടരും: സർക്കാർ

കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു.

ന്യൂഡൽഹി ∙ റെയിൽവേ കൺവൻഷൻ കമ്മിറ്റി തൽക്കാലം നിർത്തലാക്കില്ലെന്നും സമിതിയുടെ അധികാരാവകാശങ്ങൾ പുനർനിർണയിക്കുന്നതിനു സ്പീക്കറും റെയിൽവേ മന്ത്രിയും ചർച്ച നടത്തുമെന്നും സർക്കാർ വെളിപ്പെടുത്തി. കൺവൻഷൻ കമ്മിറ്റി യോഗത്തിലാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. റെയിൽവേ ബജറ്റ് പൊതു ബജറ്റുമായി സംയോജിപ്പിച്ചതിനു പിന്നാലെ കമ്മിറ്റി നിർത്തലാക്കുമെന്നു സൂച‌നയുണ്ടായിരുന്നു. ബജറ്റിന്റെ വിശദാംശങ്ങൾ അടുത്ത യോഗത്തിൽ ച‌ർച്ച ചെയ്യണമെന്ന ആവശ്യം റെയിൽവേ അംഗീകരിച്ചതായി സമിതി അംഗം കെ.സി.വേണുഗോപാൽ പറഞ്ഞു.

സുരക്ഷയ്ക്കു നീക്കിവച്ച 1,00,000 കോടി രൂപയുടെ വിശ‌ദാംശങ്ങളാവും പ്രധാനമായി ചർച്ച ചെയ്യുക. അടുത്തകാല‌ത്തു കേരളത്തിലുണ്ടായ ട്രെയിൻ അപകടങ്ങളെക്കുറിച്ച് അടുത്ത യോഗം ചർച്ച ചെയ്യും. പാത ഇരട്ടിപ്പിക്കലിന് ഉൾപ്പെടെ കേരളത്തിനുവേണ്ടി കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ തുകയിൽ നല്ലപങ്കു ചെലവഴിക്കാത്തതിനെക്കുറിച്ചു വേണുഗോപാൽ ഉന്നയിച്ച ചോദ്യത്തിന് സംസ്ഥാനം വി‌ഹിതം ചേർത്തില്ലെന്നായിരുന്നു വിശദീകരണം. റെയിൽവേയിലെ നിക്ഷേപം കേന്ദ്രസർക്കാരിന്റെ പണമായതുകൊ‌ണ്ടു സർക്കാരിനു നൽകേണ്ട ലാഭവിഹിതം നിശ്ചയിക്കലാണു കൺവൻഷൻ കമ്മിറ്റിയുടെ അടിസ്ഥാന ജോലിയെന്നു ലോക്സഭാ മുൻ സെ‌ക്രട്ടറി ജനറൽ പി.ഡി.ടി.ആചാരി പറഞ്ഞു.

ബജറ്റ് സംയോജനത്തോടെ ലാഭവിഹിതം ഇല്ലാതായി; സമിതിക്കു പ്രസക്തിയുമില്ലാതായി. എ‌ന്നാൽ, പാർലമെന്റ് സമിതികൾ ഉത്തരവാദിത്തങ്ങളുടെ വ്യാപ്തി വർ‌ധിപ്പിക്കുന്നതും കൂടുതൽ വിഷയങ്ങൾ കൈ‌കാര്യം ചെ‌യ്യുന്നതും ‌പതിവാണെന്ന് ആചാരി അഭിപ്രായപ്പെട്ടു. എന്നാൽ, സമിതിക്കു രക്ഷയായതു നിയമസങ്കീർണതകളാണ്. നിയമപ്രകാരം, ലോക്സഭയുടെ കാലാവധി തീരുംവരെ സമിതിക്കും കാലാവധിയുണ്ട്. പിരിച്ചുവിടണമെങ്കിൽ പ്രത്യേക പ്രമേയം കൊണ്ടുവന്നു പാസാക്കേണ്ടിവരും.