ബംഗാളിൽ സിപിഎം മെലിയുന്നു; ഇത്തവണ കൊഴിഞ്ഞുപോക്ക് 40%

കൊൽക്കത്ത ∙ ബംഗാളിൽ സിപിഎം മെലിയുകയാണ്. നിലവിലുള്ള പാർട്ടി അംഗങ്ങളിൽ സജീവപ്രവർത്തകർ അല്ലാത്തവരുടെ പാർട്ടി കാർഡ് പുതുക്കേണ്ട എന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. ഇപ്പോൾ 2.65 ലക്ഷം അംഗങ്ങളാണ് പാർട്ടിയിലുള്ളത്. കാർഡു പുതുക്കലിന് കർശനവ്യവസ്ഥ നടപ്പാക്കിയാൽ അംഗങ്ങളുടെ എണ്ണം ഒരു ലക്ഷമായി കുറയും എന്നാണു നേതൃത്വം കരുതുന്നത്. 30 മുതൽ 40 ശതമാനം വരെ അംഗങ്ങൾ പാർട്ടിക്കു പുറത്താകും.

പാർട്ടിയുടെ ഒരു പരിപാടിയിലും പങ്കെടുക്കാത്തവരും ഭരണം പോയതിനുശേഷം താൽപര്യം പോയവരും കമ്മിറ്റി യോഗങ്ങൾക്കു വരാത്തവരുമായി ഒട്ടേറെ അംഗങ്ങളുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇവർ തുടരുന്നതുകൊണ്ട് പാർട്ടിക്ക് ഒരു പ്രയോജനവുമില്ല. മാത്രമല്ല, പുതിയ അംഗങ്ങളെ പാർട്ടിയിലേക്കു കൊണ്ടുവരികയാണ് വേണ്ടത്. സിപിഎം എല്ലാ വർഷവും ജനുവരി മുതൽ മാർച്ച് വരെയാണ് പാർട്ടി അംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നത്.

ഏപ്രിൽ മുതൽ ഡിസംബർ വരെ പുതിയ അംഗങ്ങളെ ചേർക്കുന്നതിന് ഊന്നൽ നൽകും. സാധാരണയായി ഓരോ വർഷവും 10 മുതൽ 15% വരെ അംഗങ്ങൾ കൊഴിഞ്ഞുപോവുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ അത് 40% വരെ എത്തുമെന്നാണ് കരുതുന്നത്. ബംഗാളിൽ സിപിഎമ്മിന്റെ അംഗസംഖ്യ ഏറ്റവും ഉയർന്നുനിന്നത് 2010–ലാണ്– 3.19 ലക്ഷം പേർ. 34 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന സിപിഎം മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് തോറ്റ് ഭരണത്തിനു പുറത്തേക്കു പോയതോടെ അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും തുടങ്ങി.