മോദിക്കൊപ്പം പണം കൈപ്പറ്റിയവരിൽ ഷീല ദീക്ഷിതിന്റെ പേരും; കോൺഗ്രസ് വെട്ടിൽ

ന്യൂഡൽഹി∙ സഹാറ, ബിർല ഗ്രൂപ്പുകളിൽനിന്നു പണം ലഭിച്ച നേതാക്കളുടെ പട്ടികയിൽ ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പേരും ഉൾപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് വെട്ടിലായി.

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിൽ നൽകിയ പേജിലാണ് ഡൽഹി മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ നൽകിയെന്ന പരാമർശം. 2013 സെപ്റ്റംബറിൽ തുക നൽകിയെന്നാണു പരാമർശം. അന്നു ഷീലയായിരുന്നു ഡൽഹി മുഖ്യമന്ത്രി.

ഡയറി പേജിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായ ഷീല രംഗത്തെത്തി. പണം ലഭിച്ചുവെന്നതു കേട്ടുകേൾവി മാത്രമാണ്. ആരാണ് ഡയറി എഴുതിയത്.

കോടതി തന്നെ ഡയറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തിരുന്നതായും അവർ പറഞ്ഞു. അന്വേഷിക്കുമെന്ന് യുപിസിസി പ്രസിഡന്റ് രാജ് ബബ്ബർ പ്രതികരിച്ചു. ഏകദേശം നൂറു പേരുടെ പേരുകളാണ് കോൺഗ്രസ് ട്വിറ്ററിൽ നൽകിയ പട്ടികയിലുള്ളത്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിലാണു നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഹാറക്കാരിൽ നിന്ന് 40 കോടി രൂപയും ബിർലാ ഗ്രൂപ്പിൽ നിന്ന് 12 കോടി രൂപയും കൈപ്പറ്റിയെന്നു പറഞ്ഞത്.